
ഇന്ന് മിക്ക വീടുകളിലും നായകളുണ്ട്. നായകളെ പെറ്റാക്കുന്നവർക്ക് പല തരത്തിലുള്ള ഇഷ്ടങ്ങളാണ്. ചിലർക്ക് ക്യൂട്ടായ, കുഞ്ഞുപട്ടികളെയാണ് ഇഷ്ടം. എന്നാൽ, മറ്റ് ചിലർക്ക് കാഴ്ചയിൽ അല്പം ഭീകരതയൊക്കെ തോന്നുന്നതരം പട്ടികളെയാവും ഇഷ്ടം. എന്തായാലും, ‘കാണാൻ ഏറ്റവും വിരൂപനായ നായ’ എന്ന പേരിൽ പ്രശസ്തമായിരിക്കുകയാണ് ഈ പെക്കിംഗീസ് നായ.
ജൂൺ 21 -ന് നടന്ന 2024 -ലെ ലോകത്തിലെ ഏറ്റവും ‘വിരൂപരാ’യ നായകളെ കണ്ടെത്തുന്ന മത്സരത്തിലാണ് ‘ലോകത്തിലെ ഏറ്റവും വിരൂപനായ നായ’ എന്ന പദവി ഈ നായ നേടുന്നത്. ഒറിഗോണിലെ കൂസ് ബേയിൽ നിന്നുള്ള 8 വയസ്സുള്ള ഈ നായയുടെ പേര് വൈൽഡ് താങ് എന്നാണ്. നേരത്തെയും ഈ മത്സരത്തിൽ താങ് പങ്കെടുത്തിട്ടുണ്ട്. എന്നാൽ, ഒന്നാം സ്ഥാനത്തെത്തുന്നത് ഇത് ആദ്യമായിട്ടാണ്. നേരത്തെ മൂന്ന് തവണ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു താങ്. മഗ് റൂട്ട് ബിയറാണ് മത്സരം സ്പോൺസർ ചെയ്യുന്നത്.
മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന നായകളെ തേടിയെത്തുക പ്രശസ്തി മാത്രമല്ല, വലിയ ക്യാഷ് പ്രൈസും ഉണ്ട്. വൈൽഡ് താങ് $5,000 (4,17,750 രൂപ) നേടി. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം $3,000, $2,000 എന്നിങ്ങനെയാണ് കാഷ് പ്രൈസുകൾ ലഭിച്ചത്.
ലോസ് ഏഞ്ചലസിലാണ് താങ് ജനിച്ചത്. ഒരു റെസ്ക്യൂ ഫോസ്റ്ററിൽ നിന്നാണ് ഉടമയ്ക്ക് അവനെ ലഭിച്ചത്. നായ്പൊങ്ങൻ രോഗം ബാധിച്ച അവന്റെ അവസ്ഥ വളരെ കഷ്ടമായിരുന്നു. കൂടെയുണ്ടായിരുന്ന നായയെ രോഗം കീഴ്പ്പെടുത്തിയപ്പോഴും താങ് അതിജീവിച്ചു. പ്രതിരോധത്തിന്റെ പ്രതീകമായിട്ടാണ് താങ് അറിയപ്പെടുന്നത് തന്നെ. താങ്ങിന്റെ പേരിലുള്ള ഇൻസ്റ്റഗ്രാം പേജിനും നിരവധി ഫോളോവേഴ്സുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Jun 25, 2024, 4:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]