
തൊടുപുഴ: വീടിനടുത്ത് സിനിമാ ഷൂട്ടിംഗ് നടക്കുന്നെന്ന് അറിഞ്ഞപ്പോൾ തന്റെ ഇഷ്ടതാരമായ മോഹൻലാലിനെ ഒരു നോക്ക് കാണണമെന്ന മോഹം മാത്രമാണ് 93 കാരിയായ ഏലിക്കുട്ടിക്ക് ഉണ്ടായിരുന്നത്. എന്നാൽ പിന്നിട് ഏലിയാമ്മയുടെ ജീവിതത്തിൽ സംഭവിച്ചത് സിനിമയേക്കാള്‍ വിസ്മയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. തൻ്റെ ഇഷ്ടനടനെ കൺനിറയെ കണ്ടെന്ന് മാത്രമല്ല, പ്രിയനടൻ ചേർത്ത് പിടിച്ച് ഏറെ നേരം കുശലാന്വേഷണം പറഞ്ഞതിന്റെ ആഹ്ലാദത്തിലാണ് തൊടുപുഴ കുമാരമംഗലം പയ്യാവ് പാറയ്ക്കൽ ഏലിക്കുട്ടി. സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഈ പ്രായത്തിലും മോഹൻലാൽ സിനിമകൾ ഒന്നുപോലും വിടാതെ കാണുന്നയാളാണ് ഏലിക്കുട്ടി.
ഷൂട്ടിംഗ് വീടിന്റെ തൊട്ടടുത്ത്
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത സിനിമയുടെ ചിത്രീകരണത്തിനാണ് മോഹൻലാൽ ഏലിക്കുട്ടിയുടെ വീടിന് തൊട്ടടുത്തെത്തുന്നത്. ശോഭനയാണ് ഈ ചിത്രത്തിലെ നായിക. മോഹൻലാൽ സെറ്റിൽ ഉണ്ടെന്നറിഞ്ഞ് ഏലിക്കുട്ടി അവിടേയ്ക്ക് എത്തി. ആളെ കണ്ടെങ്കിലും ഉറപ്പാക്കാന്‍ അദ്ദേഹത്തോട് തന്നെ ചോദിച്ചു- ‘ഇതാണോ മോഹൻലാൽ’. ആ നിഷ്കളങ്കതയെ സ്നേഹപൂര്‍വ്വം സ്വീകരിച്ച മോഹന്‍ലാലിന്റെ പ്രതികരണം ഉടനടി വന്നു- ‘അതെ, ഞാനാണ് മോഹൻലാൽ. പോരുന്നോ എന്റെ കൂടെ’. രണ്ട് മാസം മുന്‍പ് നടന്ന ഈ സംഭവവും വൈറലായിരുന്നു. അതേ സ്ഥലത്ത് വീണ്ടും ഷൂട്ടിനെത്തിയപ്പോഴാണ് മോഹൻലാലിനെ കാണാൻ ആ അമ്മ ഓടിയെത്തിയത്. ഷൂട്ട് കഴിഞ്ഞ് തിരികെ മടങ്ങാനായി വാഹനത്തിനരികിലേക്ക് നടക്കുമ്പോൾ ഏലിക്കുട്ടിയെയും ലാൽ കൂടെ കൂട്ടുകയായിരുന്നു. ഇവിടത്തെ ഷൂട്ടിംഗ് കഴിഞ്ഞെന്ന് മോഹൻലാൽ പറഞ്ഞപ്പോൾ ഇന്ന് മടങ്ങി പോകുമോയെന്ന് അമ്മ ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. ഇതിന് ‘ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതി ആയോ” എന്നാണ് മോഹൻലാലിന്റെ രസകരമായി മറുപടി. തന്നെ വീട്ടിലേക്ക് ക്ഷണിച്ച അമ്മ, താറാവ് കറി ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞുവെന്നും വിഡിയോയിൽ മോഹൻലാൽ പറയുന്നുണ്ട്. വീണ്ടും കാണാമെന്ന് പറഞ്ഞ് ഏലിക്കുട്ടിയെ സന്തോഷത്തോടെയാണ് മോഹൻലാൻ യാത്രയാക്കിയത്.
മോഹൻലാൽ കഴിഞ്ഞാൽ ഇഷ്ടം വിജയ്യോട്
മോഹൻലാലിനെ ആദ്യം കണ്ടതിന് ശേഷം എല്ലാ ദിവസവും സെറ്റിൽ പോകുമായിരുന്നെന്ന് ഏലിക്കുട്ടി പറയുന്നു. രണ്ടാം ദിവസം ചെന്നപ്പോൾ ചായയൊക്കെ തന്നു. താൻ തരുന്നതൊക്കെ കഴിക്കുമോന്ന് ചോദിച്ചപ്പോൾ എന്ത് തന്നാലും കഴിച്ചോളാമെന്നായിരുന്നു ലാലിന്റെ മറുപടി. വീട്ടിൽ വന്നാൽ താറാവ് കറിയും മുട്ടയുമൊക്കെ കൊടുക്കാമെന്ന് പറഞ്ഞു. ഒരുദിവസം വരാമെന്നും മോഹൻലാൽ പറഞ്ഞു, തനിക്ക് ചോറ് വിളമ്പി തരണമെന്നും. പക്ഷേ അത് സാധിച്ചില്ലെന്ന് ഏലിക്കുട്ടി പറയുന്നു. തൊടുപുഴയിൽ ആശിർവാദ് തിയേറ്റർ ആരംഭിച്ചപ്പോൾ തിയറ്ററിൽ മോഹൻലാൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് സിനിമ കാണാൻ ഏലിക്കുട്ടി പോകുമായിരുന്നു. മോഹൻലാൽ കഴിഞ്ഞാൽ തമിഴ്നടൻ വിജയ്യെ ആണ് ഏലിക്കുട്ടിക്ക് ഇഷ്ടം. ഭർത്താവ് ജോൺ, മകൾ ആലീസ്, പേരക്കുട്ടി അപ്പു തുടങ്ങിയവർക്കൊപ്പമാണ് ഏലിക്കുട്ടി താമസിക്കുന്നത്.
Last Updated Jun 25, 2024, 4:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]