
മലിനീകരണം തടയാൻ കോസ്റ്റ് ഗാർഡിന്റെ വിക്രം, സക്ഷം, സമർഥ് കപ്പലുകൾ; മുംബൈയിൽനിന്ന് സമുദ്ര പ്രഹരിയും എത്തും
കൊച്ചി∙ അറബിക്കടലിൽ എംഎസ്സി എൽസ 3 ലൈബീരിയൻ കപ്പൽ മുങ്ങി എണ്ണപ്പാട പരക്കുന്നതും മലിനീകരണവും തടയാനായി കോസ്റ്റ്ഗാർഡിന്റെ വിക്രം, സക്ഷം, സമർഥ് കപ്പലുകൾ രംഗത്തുണ്ടെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
മലിനീകരണം തടയുന്നതിനുവേണ്ടിയാണ് കപ്പലുകളെ രംഗത്തിറക്കിയത്. ഇൻഫ്രാ റെഡ് ക്യാമറകൾ ഉപയോഗിച്ചാണ് എണ്ണ പരന്നിട്ടുണ്ടോയെന്നു പരിശോധിക്കുന്നത്.
എണ്ണ പടരാതിരിക്കാൻ ഓയിൽ സ്പിൽ ഡെസ്പെറന്റും (ഒഎസ്ഡി) ഉപയോഗിക്കുന്നുണ്ടെന്നും എക്സിലെ കുറിപ്പിൽ വക്താവ് വ്യക്തമാക്കി.
കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ വിമാനവും വ്യോമനിരീക്ഷണം നടത്തി എണ്ണ വ്യാപനം നിരീക്ഷിക്കുന്നുണ്ട്.
മലിനീകരണ നിയന്ത്രണ കപ്പലായ സമുദ്ര പ്രഹരി മുംബൈയിൽനിന്ന് ഉടനെത്തിക്കും. ഇതുകൂടിയെത്തുന്നതോടെ എണ്ണവ്യാപനം കുറച്ചുകൂടി കാര്യക്ഷമമായി നിയന്ത്രിക്കാനാകും.
കോസ്റ്റ്ഗാർഡും മറ്റ് ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികൾ വീക്ഷിക്കുന്നുണ്ട്. കേരളത്തിന്റെ തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് കണ്ടെയ്നറുകളുമായി വന്ന എംഎസ്സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ ചെരിഞ്ഞത്. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരെയും നാവികസേന രക്ഷിച്ചിരുന്നു.
കപ്പലിൽനിന്നു കടലിൽ വീണ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളുള്ളതിനാൽ കൊച്ചി, തൃശൂർ, ആലപ്പുഴ, കൊല്ലം തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചിരുന്നു. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കു പോയ കപ്പലാണ് അപകടത്തിൽപ്പെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]