
‘രാജ്യത്തെ യുഎസിന് വിൽക്കാൻ ശ്രമിക്കുന്നു; സർക്കാരിന്റെ നിയന്ത്രണം ഭീകരർക്ക് നൽകി’: യൂനുസിനെതിരെ ഹസീന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ധാക്ക∙ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മുഹമ്മദ് യൂനുസ് രാജ്യത്തെ യുഎസിന് വിൽക്കാൻ ശ്രമിക്കുകയാണെന്നും സർക്കാരിന്റെ നിയന്ത്രണം ഭീകരവാദികൾക്ക് നൽകിയിരിക്കുകയുമാണെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചു. തന്റെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ച സർക്കാർ തീരുമാനത്തെ അപലപിച്ച ഹസീന, നടപടി ഭരണഘടനാ വിരുദ്ധമാണെന്നും വിശേഷിപ്പിച്ചു. ഭീകരവാദ ഗ്രൂപ്പുകളുടെ സഹായത്തോടെയാണ് യൂനുസ് ബംഗ്ലദേശ് സർക്കാരിന്റെ നിയന്ത്രണം പിടിച്ചെടുത്തതെന്നു അവാമി ലീഗ് പാർട്ടിയുടെ ഫെയ്സ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തിൽ ഷെയ്ഖ് ഹസീന ആരോപിച്ചു.
2024 ഓഗസ്റ്റ് 7ന് നടന്ന സംവരണ പ്രക്ഷോഭത്തെ തുടർന്നാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നത്. തുടർന്ന് ഇന്ത്യയിൽ രാഷ്ട്രീയ അഭയം പ്രാപിക്കുകയായിരുന്നു. പിന്നാലെ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു. അതിനിടെ ഡിസംബറിൽ ബംഗ്ലദേശിൽ പൊതു തിരഞ്ഞെടുപ്പ് നടത്തണമെന്ന സൈന്യത്തിന്റെ ആഹ്വാനത്തെ തുടർന്ന് യൂനുസ് രാജിവയ്ക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുഹമ്മദ് യൂനുസ് രാജി അഭ്യൂഹം തള്ളി.
സെന്റ് മാർട്ടിൻസ് ദ്വീപിനെ കുറിച്ചും ഷെയ്ഖ് ഹസീന തന്റെ ശബ്ദ സന്ദേശത്തിൽ പരാമർശിച്ചു. ‘‘സെന്റ് മാർട്ടിൻസ് ദ്വീപ് വേണമെന്നുള്ള യുഎസിന്റെ ആവശ്യം എന്റെ പിതാവ് അംഗീകരിച്ചില്ല. ആ തീരുമാനത്തിന് അദ്ദേഹത്തിനു പകരം നൽകേണ്ടി വന്നത് സ്വന്തം ജീവനാണ്. അധികാരത്തിൽ തുടരാൻ രാജ്യം വിൽക്കുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്തതിനാൽ എന്റെ വിധിയും അതു തന്നെയായിരുന്നു. ബംഗ്ലദേശിൽ ഇപ്പോൾ ജയിലുകൾ ശൂന്യമാണ്. അവർ എല്ലാവരെയും വിട്ടയച്ചു. ഇപ്പോൾ ബംഗ്ലദേശിൽ ആ ഭീകരവാദികളുടെ ഭരണമാണ്’’ – ഷെയ്ഖ് ഹസീന പറഞ്ഞു.