
മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും. ചര്‍ച്ച ചെയ്ത് ഒറ്റപ്പേര് എഐസിസിക്ക് കൈമാറാനാണ് കെപിസിസിയുടെ തീരുമാനം. ആര്യാടൻ ഷൗക്കത്തിന്റെ പേരിനാണ് കെപിസിസി ചര്‍ച്ചകളില്‍ മുൻതൂക്കം. തന്നെ സ്ഥാനാർത്ഥിയാക്കണോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻ്റാണെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തിന് വിജയിക്കും. ഭൂരിപക്ഷം എത്രയെന്ന് പ്രവചിക്കാനില്ലെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.
അതേസമയം, എൽഡിഎഫ് സ്ഥാനാർത്ഥി ചർച്ചകൾ ആറ് പേരുകളിൽ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. മുൻപ് ആര്യാടൻ മുഹമ്മദിനെ നേരിട്ട റിട്ടയേഡ് അധ്യാപകൻ പ്രൊഫസർ എം തോമസ് മാത്യു, മുൻ ഫുട്ബോൾ താരം യു ഷറഫലി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീർ, നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലിം, ആരോഗ്യവകുപ്പിൽ പ്രവർത്തിക്കുന്ന ഡോക്ടർ ഷിനാസ് ബാബു, സിപിഎം ജില്ലാ കമ്മിറ്റി അംഗം വി എം ഷൗക്കത്ത് എന്നിവരാണ് എൽഡിഎഫ് സ്ഥാനാർത്ഥി ചർച്ചകളില്‍ പരിഗണനയിലുള്ളത്. മൂന്നാം ഇടത് സർക്കാരിന് വഴിയൊരുക്കുന്ന തെരഞ്ഞെടുപ്പാവും നിലമ്പൂരിലേതെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. പിണറായിസത്തിന്റെ അവസാനമാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് പിവി അൻവർ അഭിപ്രായപ്പെട്ടു.
നിലമ്പൂർ ജനത ബൂത്തിലെത്താൻ ഇനി 24 ദിവസങ്ങൾ മാത്രമാണ് ബാക്കി. ജൂൺ 19നാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. 23നാണ് വോട്ടെണ്ണൽ. ഇടതു സ്വതന്ത്രനായി വിജയിച്ച പി വി അൻവർ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിജ്ഞാപനം നാളെ ഇറങ്ങും. ജൂൺ രണ്ട് വരെ നാമനിർദേശപത്രിക സമർപ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5 നാണ്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മലപ്പുറം ജില്ലയിൽ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]