
കൊച്ചി പുറങ്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു; കടലിലും തീരത്തും ജാഗ്രതാ നിർദേശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ കൊച്ചി പുറങ്കടലിൽ മുങ്ങിയ എന്ന കപ്പലിലെ കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു. കരുനാഗപ്പള്ളി ചെറിയഴീക്കലാണ് കണ്ടെയ്നർ തീരത്തടിഞ്ഞത്. ഒരു കണ്ടെയ്നർ കടൽ ഭിത്തിയിൽ ഇടിച്ചുനിൽക്കുന്ന നിലയിലാണ്. കൊല്ലം കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. കപ്പലിൽ നിന്നു കടലിൽ വീണ കണ്ടെയ്നറുകൾ ഒഴുകിയെത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് (80%) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയുടെ തീര മേഖലകളിലാണെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ദി ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ (ഇൻകോയ്സ്) വിലയിരുത്തൽ. അടുത്ത 96 മണിക്കൂറിനകം ഈ ഭാഗത്തേക്കു കപ്പലുകളിലെ വസ്തുക്കൾ ഒഴുകിയെത്തിയേക്കാം.
അറുനൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച കൊച്ചി പുറങ്കടലിൽ ചെരിഞ്ഞ എംഎസ്സി എൽസ 3 എന്ന കപ്പൽ ഞായറാഴ്ച പൂർണമായി മുങ്ങിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ 26 ഡിഗ്രി ചെരിഞ്ഞു വെള്ളം കയറിയ കപ്പൽ ഞായറാഴ്ച രാവിലെ 7.50ന് ആണ് മുഴുവനായി മുങ്ങിയത്.
സംസ്ഥാനത്തിന്റെ തെക്കൻ തീരത്തു വൻ പാരിസ്ഥിതിക ഭീതി ഉയർത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്. മുങ്ങിപ്പോയ 25 കണ്ടെയ്നറുകളിലുള്ള കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും കപ്പലിൽനിന്നുണ്ടായ ഇന്ധനചോർച്ചയുമാണു കടലിനും തീരത്തിനും ഭീഷണി ഉയർത്തുന്നത്.
24 ജീവനക്കാരെ തീരസേനയും നാവികസേനയും ചേർന്നു രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. മറ്റു കപ്പലുകളുടെയും സേനാവിഭാഗങ്ങളുടെയും സഹായത്തോടെ ചെരിവു നിവർത്തി പൂർവസ്ഥിതിയിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഒരു രാത്രി കപ്പലിൽ തങ്ങിയ ക്യാപ്റ്റനെയും 2 എൻജിനീയർമാരെയും ഇന്നലെ രാവിലെയാണു രക്ഷിച്ചത്. ജോർജിയൻ സ്വദേശിയായ എൻജിനീയറെ എറണാകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും മോശം കാലാവസ്ഥയും സാങ്കേതികത്തകരാറുകളുമാകാം കപ്പൽ മുങ്ങാൻ കാരണമെന്നാണു ജീവനക്കാരുടെ വെളിപ്പെടുത്തൽ.
73 കാലി കണ്ടെയ്നർ ഉൾപ്പെടെ കപ്പലിൽ 623 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 13 എണ്ണത്തിൽ ഹാനികരമായ രാസവസ്തുക്കളും 12ൽ കാൽസ്യം കാർബൈഡുമായിരുന്നു. ടാങ്കുകളിൽ ഊർജോത്പാദനത്തിന് ഉപയോഗിക്കുന്ന 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലും ഉണ്ടായിരുന്നു. ചരക്കുകപ്പലുകളിൽ ഇന്ധനമായി പൊതുവേ ഉപയോഗിക്കുന്നത് ഹെവി ഫ്യുവൽ ഓയിലാണ് (എച്ച്എഫ്ഒ). എംഎസ്സി എൽസയിലും ഉപയോഗിച്ചിരുന്നത് ഇതാണെങ്കിൽ മറ്റ് ഇന്ധനങ്ങൾ വെള്ളത്തിൽ കലർന്നാൽ ഉണ്ടാകുന്നതിന്റെ പലമടങ്ങു നാശമാകും ഫലം.
എണ്ണച്ചോർച്ച ഭീഷണി
കടലിൽ ഏതാണ്ട് 3.7 കിലോമീറ്റർ (2 നോട്ടിക്കൽ മൈൽ) വീതിയിലും അത്രത്തോളം നീളത്തിലുമുള്ള പ്രദേശമാകെ എണ്ണപ്പാട വ്യാപിച്ചിട്ടുണ്ട്. ഇൻഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ എണ്ണപ്പാട കണ്ടെത്തി നീക്കാനുള്ള ഊർജിതശ്രമം തീരസേനയുടെ നേതൃത്വത്തിൽ തുടരുകയാണ്. എണ്ണ നശിപ്പിക്കാനുള്ള പൊടി വിമാനത്തിലൂടെ അപകടമേഖലയിൽ തളിക്കുന്നുമുണ്ട്. കാൽസ്യം കാർബൈഡ് ജലവുമായി പ്രതിപ്രവർത്തിച്ച് പെട്ടെന്നു തീ പിടിക്കുന്ന അസറ്റലിൻ വാതകം സൃഷ്ടിക്കുമെന്നതിനാൽ ആരും കണ്ടെയ്നറുകൾക്കു സമീപം പോവുകയോ ഒഴുകി നടക്കുന്ന വസ്തുക്കൾ തൊടുകയോ ചെയ്യരുത്.
മീൻപിടിത്തം വിലക്കി
കപ്പൽ മുങ്ങിയ പ്രദേശത്തിന് 20 നോട്ടിക്കൽ മൈൽ (ഏകദേശം 37 കിലോമീറ്റർ) പരിധിയിൽ മീൻപിടിക്കാൻ പോകരുതെന്നു സർക്കാർ നിർദേശം നൽകി. തീരത്ത് അപൂർവ വസ്തുക്കൾ, കണ്ടെയ്നർ എന്നിവ കണ്ടാൽ തൊടരുത്.
തീരത്ത് കസ്റ്റംസ് നിരീക്ഷണം
കൊച്ചി ∙ കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ തീരത്ത് അടിയുന്നുണ്ടോയെന്നു നിരീക്ഷിക്കാനായി കസ്റ്റംസ് മറൈൻ പ്രിവന്റീവ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരെ കേരള തീരത്തു വിന്യസിച്ചു. ഫോൺ: 0484-2666422.