

പോളിങ് ശതമാനത്തിൽ ആർക്കും ക്രമക്കേട് നടത്താനാകില്ല ; ആദ്യ അഞ്ച് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിന്റെ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ; ഉയർന്ന പോളിങ് നാലാംഘട്ടത്തിൽ, കുറവ് അഞ്ചാം ഘട്ടത്തിൽ
സ്വന്തം ലേഖകൻ
ന്യൂഡൽഹി :ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യ അഞ്ച് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിന്റെ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒന്നാംഘട്ടത്തിൽ 66.14 %, രണ്ടാംഘട്ടത്തിൽ 66.71 %, മൂന്നാംഘട്ടത്തിൽ 65.68 %, നാലാംഘട്ടത്തിൽ 69.16 %, അഞ്ചാം ഘട്ടത്തിൽ 62.20 % എന്നിങ്ങനെയാണ് പോളിങ്.
പോളിങ് ശതമാനത്തിൽ ആർക്കും ക്രമക്കേട് നടത്താനാകില്ലെന്നും സ്ഥാനാർഥികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്ന തരത്തിൽ പോളിങ് വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ടിൽ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തിരഞ്ഞെടുപ്പിൻറെ എല്ലാ ഘട്ടങ്ങളിലും രാവിലെ 9.30 മുതൽ വോട്ടിങ് ശതമാനത്തിന്റെ വിവരങ്ങൾ കമ്മിഷന്റെ ആപ്പിൽ ലഭ്യമായിരുന്നെന്നും കമ്മിഷൻ പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്ന ഓരോ മണ്ഡലങ്ങളിലെയും പോളിങ് ശതമാനം പ്രത്യേകം രേഖപ്പെടുത്തിയ പട്ടികയാണ് കമ്മിഷൻ പുറത്തിറക്കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനത്തിന്റെ ബൂത്ത് അടിസ്ഥാനത്തിലുള്ള വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ നിർദേശം നൽകണമെന്ന എൻജിഒയുടെ ഹർജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് കമ്മിഷൻ പോളിങ് ശതമാനം പ്രസിദ്ധീകരിച്ചത്. സുപ്രീംകോടതി നടപടി കമ്മിഷന്റെ ആത്മധൈര്യം വർധിപ്പിച്ചതായി കമ്മിഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പിന് ശേഷം പോളിങ് ശതമാനം പരസ്യപ്പെടുത്തുന്നത് വൈകുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ക്രമക്കേട് നടത്തുന്നതിനായി പോളിങ് ശതമാനം പ്രസിദ്ധീകരിക്കുന്നത് വൈകുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത എക്കാലത്തെയും താഴ്ന്നതലത്തിലാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]