
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ജയം. ചെന്നൈ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഹൈദരാബാദ് മറികടന്നത്. ഇതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചെന്ന് പറയാം. ചെന്നൈയുടെ ബാറ്റര്‍മാരുടെ ഭാഗത്ത് നിന്ന് വലിയ ഇന്നിഗംസുകള് ഒന്നും തന്നെ വന്നില്ല. ഇപ്പോള്‍ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി.
ധോണിയുടെ വാക്കുകള്‍… ”ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായികൊണ്ടിരുന്നു. 155 റണ്‍സ് എന്നത് ന്യായീകരിക്കാവുന്ന സ്കോറല്ല. പിച്ചില്‍ ടേണ്‍ പോലും ഇല്ലായിരുന്നു. 8-10 ഓവറിന് ശേഷം പേസര്‍മാര്‍ക്ക് പിന്തുണ ലഭിച്ചുകൊണ്ടിരുന്നു. പക്ഷേ അസാധാരണമായി ഒന്നുമില്ലായിരുന്നു. ഞങ്ങള്‍ക്ക് കുറച്ച് കൂടെ റണ്‍സ് വേണമായിരുന്നു. ഞങ്ങളുടെ സ്പിന്നര്‍മാര്‍ നന്നായി പന്തെറിഞ്ഞു. അവര്‍ ശരിയായ സ്ഥലങ്ങളില്‍ തന്നെ പന്ത് വീഴ്ത്തികൊണ്ടിരുന്നു. എന്നാല്‍ ടീം 15-20 റണ്‍സ് പിറകിലായിരുന്നു.” ധോണി വ്യക്തമാക്കി.
അരങ്ങേറ്റക്കാരന്‍ ബ്രേവിസിനെ കുറിച്ചും ധോണി സംസാരിച്ചു. ”ഡിവാള്‍ഡ് ബ്രേവിസ് നന്നായി ബാറ്റ് ചെയ്തു. മധ്യനിരയില്‍ അത്തരമൊരു ഇന്നിംഗ്സ് ആവശ്യമായിരുന്നു. സ്പിന്നര്‍മാര്‍ വന്നപ്പോള്‍ ഞങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടി. സ്പിന്നര്‍മാര്‍ക്കെതിരെ ആധിപത്യം സ്ഥാപിക്കാനോ റണ്‍സ് നേടാനോ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇത്തരമൊരു ടൂര്‍ണമെന്റില്‍ പ്രശ്നങ്ങള്‍ തീര്‍പ്പാക്കാന്‍ സാധിക്കണം. പക്ഷേ, ഞങ്ങളുടെ താരങ്ങള്‍ നന്നായി കളിക്കുന്നില്ലെങ്കില്‍ അത് ബുദ്ധിമുട്ടായിരിക്കും. കാരണം സ്കോര്‍ബോര്‍ഡില്‍ ആവശ്യത്തിന് റണ്‍സ് വരുന്നില്ല. കളി മാറിയിരിക്കുന്നു. സാഹചര്യങ്ങള്‍ വിലയിരുത്തി സ്കോര്‍ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കാന്‍ സാധിക്കണം.” ചെന്നൈ ക്യാപ്റ്റന്‍ കൂട്ടിചേര്‍ത്തു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ജയത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന് വച്ചു. ഒമ്പത് മത്സരങ്ങളില്‍ ആറ് പോയിന്റ് സ്വന്തമാക്കിയ ഹൈദരാബാദിന് ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാല്‍ പ്ലേ ഓഫിലെത്താന്‍ സാധ്യത തെളിയും. മൂന്ന് ജയവും ആറ് തോല്‍വിയുമാണ് ഹൈദരാബാദിന്റെ അക്കൗണ്ടില്‍. നിലവില്‍ എട്ടാം സ്ഥാനത്തുണ്ട് നിലവിലെ റണ്ണറപ്പായ ഹൈദരാബാദ്.
നിലവില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് മാത്രം. രണ്ട് ജയവും ഏഴ് തോല്‍വിയും. രാജസ്ഥാന് റോയല്‍സാണ് ചെന്നൈക്ക് കൂട്ടുള്ളത്. ഒമ്പതാം സ്ഥാനത്തുള്ള അവര്‍ക്ക് ഏഴ് തോല്‍വിയുമാണുള്ളത്. അക്കൗണ്ടിലുള്ളത് നാല് പോയിന്റ് മാത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]