
ഇഎംഎസിന് ഒളിവിടത്തിലേക്കു ചൂട്ടുവെളിച്ചം കാട്ടി; പിൽക്കാലം കലഹത്തിന്റെ ചൂട്ടുകെട്ടി: ഓർമയാകുന്നത് ഉജ്വല ചരിത്രം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ കേരള ചരിത്ര പഠനത്തിന്റെ തലപ്പൊക്കങ്ങളിലൊന്നാണ് നാരായണൻ എന്ന പേര്. ചരിത്രം പഠിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത പഠിതാവും പണ്ഡിതനും മാത്രമായിരുന്നില്ല, വ്യവസ്ഥിതിയോടും അതിന്റെ ഉച്ചനീചത്വങ്ങളോടും കലഹിക്കുകയും ചെയ്തു എംജിഎസ്.
പ്രഫ.എം.ജി.എസ്.നാരായണനാണ് അറുപതുകളുടെ അവസാനത്തോടെ കേരള ചരിത്രപഠനങ്ങള്‍ക്ക് പുതിയ ഒരടിത്തറ പണിഞ്ഞത്. ഊഹാപോഹങ്ങളുടെ പുകമറയ്ക്കുള്ളിൽ നിർമിച്ചെടുത്ത ചരിത്രമായിരുന്നില്ല അദ്ദേഹത്തിന്റേത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആധികാരികമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ. ബ്രാഹ്മി, വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ പ്രാചീന ലിപികളിലുള്ള കൈത്തഴക്കവും പാലി, തമിഴ്, സംസ്കൃതം, പ്രാചീന മലയാളം തുടങ്ങിയവയിലുള്ള അഗാധമായ അറിവും തന്റെ പഠനങ്ങൾക്കുവേണ്ടി എംജിഎസ് സ്വായത്തമാക്കി.
കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി ക്രിസ്തുവര്‍ഷം 9-12 നൂറ്റാണ്ടുകള്‍ക്കിടയില്‍ കേരളം ഭരിച്ച ചേരരാജാക്കന്മാരെക്കുറിച്ചും അക്കാലത്തെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക വികാസത്തെക്കുറിച്ചുമെല്ലാം ആഴത്തില്‍ അന്വേഷിക്കുകയും പിന്നീട് ‘പെരുമാള്‍സ് ഓഫ് കേരള’ എന്ന പേരില്‍ ഗവേഷണപഠനം പ്രസിദ്ധീകരിക്കുകയും ചെയ്തു. കേരളത്തിലെമ്പാടും ചിതറിക്കിടന്നിരുന്ന ശിലാ-താമ്ര ലിഖിതങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സ്രോതസ്സ്. ‘ഞാന്‍ പരിശോധിച്ച പ്രബന്ധങ്ങളില്‍ മികച്ചത്’ എന്നാണ് വിഖ്യാത ചരിത്രകാരനായ എ.എല്‍. ബാഷാം ഈ ചരിത്ര ഗവേഷണ പഠനത്തെ വിശേഷിപ്പിച്ചത്. ഇരുനൂറോളം പുസ്തകങ്ങൾ എംജിഎസ് ഇക്കാലയളവിൽ എഴുതി. അതിൽ പതിരെന്ന് പറയാനായി ഒന്നുപോലുമില്ലായിരുന്നു. തെളിവുകൾ തേടുകയും പ്രമാണങ്ങളുടെ പിൻബലം ഉറപ്പാക്കുകയും ചെയ്ത ശേഷമായിരുന്നു അദ്ദേഹം ഓരോ വരിയും എഴുതിയത്. അതുകൊണ്ടുതന്നെ എഴുതിയതൊന്നും പിന്നീട് തിരുത്തേണ്ടി വന്നില്ല.
രാഷ്ട്രീയ നേതാക്കൻമാരോടും പ്രസ്ഥാനങ്ങളോടും അദ്ദേഹം പ്രത്യേക അടുപ്പമോ അകൽച്ചയോ കാണിച്ചിരുന്നില്ല. നട്ടപ്പാതിരയ്ക്ക് ഇഎംഎസിനെ ഒളിവിടത്തിലെത്തിക്കാൻ ചൂട്ടുംകത്തിച്ച് കൂടെപ്പോയ ചരിത്രമുണ്ട് എംജിഎസിന്. ഇതേ എംജിഎസ് പിന്നീട് ഇഎംഎസുമായി കലഹിച്ചതും ചരിത്രം. ഇഎംഎസിനെ ഒരാൾ തമ്പ്രാൻ എന്നു വളിച്ചപ്പോൾ ഇഎംഎസ് അത് വിലക്കിയില്ലെന്നും എന്തുതരം കമ്യൂണിസമാണ് ഇതെന്നുമായിരുന്നു എംജിഎസ് പിന്നീടൊരിക്കൽ ചോദിച്ചത്. പലപ്പോഴും എംജിഎസ് ഇടതുപക്ഷത്തിനും ഇടതുപക്ഷ ഗവേഷകർക്കും ചരിത്രകാരൻമാർക്കും തലവേദനയായിരുന്നു. കോൺഗ്രസിനോടും ബിജെപിയോടും അടുപ്പം കാണിച്ചെങ്കിലും പിന്നീട് അവരോടും അകന്നു.
കഴിഞ്ഞുപോയ കാലത്തെ വെറുതെ പകർത്തിവയ്ക്കുക എന്ന കേവലമായ ജോലിയായിരുന്നില്ല എംജിഎസിന്റേത്. ചരിത്രത്തെ അതിന്റെ മുടിനാരിഴകീറി പരിശോധിക്കാൻ അദ്ദേഹം കാണിച്ചത്രയും വൈദഗ്ധ്യവും ആത്മാർഥതയും മലയാളികൾക്ക് മുൻപ് പരിചിതമായിരുന്നില്ല. അതുകൊണ്ടാണ് എംജിഎസ് ഒരു ചരിത്രമാകുന്നത്.