
കോഴിക്കോട്: നടന് മാമുക്കോയയുടെ ഓർമ്മകള്‍ക്ക് ഇന്ന് രണ്ട് വയസ്. അനശ്വരമാക്കിയ വേഷങ്ങളിലൂടെയും പങ്കുവച്ച നിലപാടുകളിലൂടെയും മാമുക്കോയ ഇന്നും ആരാധകരുടെ മനസില്‍ ജീവിക്കുന്നു.
“ചരിത്രം ന്നു പറഞ്ഞാല്‍ ങ്ങള് പറയ്ന്നത് പോലെ യുദ്ധങ്ങള്‍ മാത്രല്ല. മനുഷ്യന്മാരുടെ പാട്ടുകളും ദേശകഥകളും ഒക്കെ ചരിത്രം തന്നെ. വെറുതേങ്കിലും ഓര്‍ത്തുനോക്കീന്ന്.ണ്ടാവും പഹയാ.ങ്ങളെന്നെ വല്യൊരു ചരിത്രാണ്.ഓരോ ആളും ഓരോ ചരിത്രാണ്” ഒരിക്കല്‍ മാമുക്കോയ പറഞ്ഞത് തന്നെയാണ് ആ ജീവിതത്തിന്റേയും അടയാളം. ഒരുവലിയ ചിരിയായിരുന്നു മാമുക്കോയക്ക് ജീവിതം.
കോഴിക്കോടിന്റെ എല്ലാ നന്മകളും, രുചികളും ചങ്ങാത്തവും ഫുട്ബോളും തന്നിലേക്ക് ആവാഹിച്ച മനുഷ്യന്. പകല്‍ കൂപ്പിലെ പണിയും രാത്രിയില്‍ നാടകങ്ങളുമായി കോഴിക്കോടിന്റെ സാംസ്കാരിക ഇടങ്ങളില്‍ സജീവമായ കാലം.
1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സജീവം. നാടോടിക്കാറ്റ്’, ‘വരവേൽപ്പ്’, ‘മഴവിൽക്കാവടി, റാംജിറാവു സ്പീക്കിങ്, സന്ദേശം, കണ്കെട്ട്, ചന്ദ്രലേഖ തുടങ്ങിയ സിനിമയിലൂടെ മാമുക്കോയ ജനപ്രിയനായി. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ 450 ലേറെ സിനിമകള്‍.
പുതിയ തലമുറയും സോഷ്യല്‍ ലോകത്ത് മാമുക്കോയയെ തഗ്ഗുകള്‍ കൊണ്ട് നിറച്ചു. ഓർത്തോർത്ത് ചിരിക്കാന്‍ നീക്കി വച്ച ഒരു നൂറ് കഥാപാത്രങ്ങള്‍, ഡയലോഗുകള്‍, എന്തിന് പാട്ടുകള്‍ പോലും.
മലയാള സിനിമയില്‍ കൗണ്ടറുകളുടെ ഉസ്താദ് എന്ന വിശേഷണത്തിന് അര്‍ഹനായിട്ടുള്ള ഏകനടനും ഒരുപക്ഷേ മാമുക്കോയ ആയിരിക്കും. മാമുക്കോയയ്ക്ക് ശേഷം വന്ന പല കോമഡി ആര്‍ട്ടിസ്റ്റുകളും കൗണ്ടറുകളില്‍ സ്വയം രേഖപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ അസാധാരണമായ ചിന്താശേഷിയുടെയോ നര്‍മ്മബോധത്തിന്റെയോ അടയാളങ്ങളെ തകര്‍ക്കാൻ ആര്‍ക്കുമായില്ലെന്ന് തന്നെ പറയാം.
കഥാപാത്രത്തിന്റെ അതിരുകള്‍ ഭേദിക്കാതെ തന്നെ ഏറ്റവും ലളിതമായ രീതിയില്‍ പടക്കം പോലത്തെ മറുപടികള്‍ മാമുക്കോയ അനായാസം എറിഞ്ഞു. തമാശ മാത്രമല്ല സാമൂഹിക വിമര്‍ശനവും ഫിലോസഫിയുമെല്ലാം മാമുക്കോയ തന്റെ കൗണ്ടറുകളില്‍ മുഴച്ചുനില്‍ക്കാത്തവിധം ഇഴ ചേര്‍ത്തെടുത്തു.
പേരെന്താണെന്ന് ചോദിക്കുമ്പോള്‍ ജബ്ബാര്‍ എന്ന് മറുപടി. നായരാണോ എന്ന് വീണ്ടും ചോദിക്കുമ്പോള്‍ അല്ല നമ്പൂതിരി, അവര്‍ക്കല്ലേ ജബ്ബാര്‍ എന്നൊക്കെ പേരുണ്ടാവുക എന്ന് മുഖത്തടിക്കും പോലത്തെ മറുപടി. അതുപോലെ തന്നെ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയില്‍ ആരെയാണ് കാണേണ്ടത് എങ്കില്‍ വിളിച്ച് കാണിച്ച് തരാം എന്ന് പറയുമ്പോള്‍ പടച്ച തമ്പുരാനെ വിളിച്ച് കാണിച്ച് തരാമോ എന്ന ഉത്തരം മുട്ടിക്കുന്ന ആവശ്യമാണ് ഹംസക്കോയ എന്ന മാമുക്കോയ കഥാപാത്രം ഉന്നയിക്കുന്നത്.
വെള്ളിത്തിര വിട്ടിറങ്ങിയാല്‍ തനി നാടനായി, കോഴിക്കോട്ട് അങ്ങാടിയിലൂടെ മന്സന്മാരുടെ തോളില്‍ കയ്യിട്ട് ചങ്ങാത്തം കൂടി നടക്കുന്ന ഒരു മാമുക്കോയ ഇപ്പോഴുമുണ്ട് അവരുടെ മനസുകളില്‍. ആ തെരുവികളില്‍. മായാത്ത കാല്‍പ്പാടുകള്‍.
മാമുക്കോയയും ‘കൊടുമൻ പോറ്റി’യും നേർക്കുനേർ എത്തിയാൽ..; ‘എജ്ജാതി എഡിറ്റിംഗ്’ എന്ന് ആരാധകര്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]