
ആകാശത്തിരശീലയിൽ എമ്പുരാൻ ആവേശം; വിസ്മയമെഴുതി ഡ്രോൺ ഷോ, ഏറ്റുചൊല്ലി ആരാധകർ: ‘നർകോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ്!’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ കൊച്ചിയുടെ സാന്ധ്യാകാശമൊരു കൂറ്റൻ വെള്ളിത്തിരയായി. അതിൽ, പറന്നുയർന്ന 250 ഡ്രോണുകളിൽനിന്നു തെളിഞ്ഞ വെളിച്ചത്തുള്ളികൾ ചേർന്ന് ലഹരിക്കെതിരെ ആഹ്വാനമായി. താഴെ ഭൂമിയിലപ്പോൾ സാഗർ എന്ന ജാക്കിയും പിന്നീട് അബ്രാം ഖുറേഷിയെന്ന സ്റ്റീഫൻ നെടുമ്പള്ളിയും പറഞ്ഞ, പല തലമുറകൾ ഏറ്റുപറഞ്ഞ ആ വാചകം മുഴങ്ങി: ‘നർകോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ്!’. പിന്നെ ആകാശത്തിരശീലയിൽ ഡ്രോണുകൾ ഖുറേഷിയുടെയും സയീദ് മസൂദിന്റെയും മുഖം വരഞ്ഞു. ജെയിൻ യൂണിവേഴ്സിറ്റിയുടെ ക്യാംപസപ്പോൾ ആരാധകരുടെ ആരവങ്ങളലയടിക്കുന്ന ഒരു കൂറ്റൻ സിനിമാശാലയായി.
മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ജോയ് ആലുക്കാസും ചേർന്നു നടത്തുന്ന, ‘ലഹരിക്കെതിരെ ഒരുമിക്കൂ’ എന്ന, പത്തു ദിവസം നീണ്ട ലഹരി വിരുദ്ധ ക്യാംപെയ്നിനു സമാപനം കുറിച്ച് കൊച്ചി ഇൻഫോപാർക്കിലെ ജെയിൻ യൂണിവേഴ്സിറ്റിയിൽ നടന്ന ഡ്രോൺ ഷോയിലാണു വിസ്മയക്കാഴ്ചയൊരുങ്ങിയത്. മോഹൻലാലും പൃഥ്വിരാജും ഇന്ദ്രജിത്തും മഞ്ജുവാരിയരും ടൊവിനോ തോമസും ആന്റണി പെരുമ്പാവൂരും ഉൾപ്പെടെ എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകരും മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, മലയാള മനോരമ കോട്ടയം ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ, ശ്രീ ഗോകുലം പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് തുടങ്ങിയവരും അതിനു സാക്ഷികളായി.
ക്യാംപസുകളിലാണ് ലഹരിക്കെതിരായ പോരാട്ടം തുടങ്ങേണ്ടതെന്ന് മോഹൻലാല്‍ പറഞ്ഞു. നർകോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ് എന്നു താൻ നേരത്തേയും പറഞ്ഞിട്ടുണ്ട്. ഇപ്പോഴും പറയുന്നു. എമ്പുരാന്റെ വിജയത്തിന് അനുസരിച്ച് എമ്പുരാൻ 3.0 വരും. മൂന്നാം ഭാഗം കൂടുതൽ വലിയ ചിത്രമാകും. എമ്പുരാനെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് നന്ദിയെന്നും മോഹൻലാൽ പറഞ്ഞു.
ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇൻഫോപാർക്ക് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടക്കുന്ന പോരാട്ടത്തിന്റെ ഭാഗമായി ‘സേ നോ ടു ഡ്രഗ്സ്’ എന്ന പോസ്റ്റർ മോഹൻലാലിന് കൈമാറി. ഇൻഫോപാർക്ക് എസ്എച്ച്ഒ ജെ.എസ്.സജീവ്കുമാർ, ബീറ്റ് ഓഫിസർ ബൈജു പി.വർഗീസ് എന്നിവർ ചേർന്നാണു പോസ്റ്റർ കൈമാറിയത്. ലഹരിവിരുദ്ധ പോസ്റ്റർ ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ന്യൂ ഇനിഷ്യേറ്റീവ്സ് ഡോ. ടോം ജോസഫ് കൈമാറി. ‘സേ നോ ഡ്രഗ്, യെസ് ടു ഗെയിം’ എന്ന സന്ദേശത്തോടെ അടുത്ത മാസം ദുബായ് പൊലീസ് ക്ലബ് സ്റ്റേഡിയത്തിൽ നടക്കുന്ന ‘ജിസിസി കപ്പ് 25’ന്റെ ഭാഗമായുള്ള ലഹരിവിരുദ്ധ പോസ്റ്റർ മോഹൻലാലിന് ജിസിസി ഫുട്ബോൾ കൺവീനർ ഫൈനാസ് അഹമ്മദ് കൈമാറി. ലഹരിവിരുദ്ധ സന്ദേശമുയർത്തി ഏറ്റവുമധികം പേരെ പങ്കെടുപ്പിച്ച് ഒരു യൂണിവേഴ്സിറ്റി ക്യാംപസിൽ നടത്തിയ ഡ്രോൺ ഷോയ്ക്കുള്ള ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നീ നേട്ടവും പരിപാടിക്കു ലഭിച്ചു.
എമ്പുരാൻ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മനോരമ ഓൺലൈൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാംപെയ്ന് മികച്ച പ്രതികരണമാണു ലഭിച്ചത്. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ യുവജനങ്ങൾക്കും മാതാപിതാക്കൾക്കുമായി പ്രത്യേക ബോധവൽക്കരണ പരിപാടികളും സെമിനാറുകളും സംഘടിപ്പിച്ചിരുന്നു. വൻജനപങ്കാളിത്തമാണ് ഈ പരിപാടികൾക്കു ലഭിച്ചത്. എക്സൈസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ തുടങ്ങിയവർ സെമിനാറുകൾക്ക് നേതൃത്വം നൽകി.
ലഹരി വിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ബുള്ളറ്റ് റാലിയും ശ്രദ്ധ നേടിയിരുന്നു. ഫോർട്ട് കൊച്ചി സബ് കലക്ടർ കെ.മീരയും ജോയ് ആലുക്കാസും ചേർന്നാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്. എംജി റോഡിലെ ജോയ് ആലുക്കാസ് ഷോറൂമില്‍നിന്ന് കാക്കനാട് ജെയിൻ യൂണിവേഴ്സിറ്റിയിലേക്കു നടന്ന ബുള്ളറ്റ് റാലിയിൽ നൂറോളം പേർ പങ്കെടുത്തിരുന്നു.