ദില്ലി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഷഡ്ഭുജം സഖ്യത്തെ (ഹെക്സാജോൻ അലയൻസ്) എതിർത്ത് പാകിസ്ഥാൻ. ഇസ്രായേലിന്റെ നീക്കത്തിനെതിരെ പാകിസ്ഥാൻ സെനറ്റ് ചൊവ്വാഴ്ച ഏകകണ്ഠമായി പ്രമേയം പാസാക്കി.
മുസ്ലിം ഉമ്മത്തിന്റെ (ഇസ്ലാമിലെ ഒരു ആദര്‍ശ സംജ്ഞയാണ് ഉമ്മത്ത്. സമുദായം എന്നാണ് അർഥം.
ആദര്‍ശ നിബദ്ധവും മാനവിക മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന ഇസ്ലാമിക സമൂഹത്തിന്റെ സമുന്നതമായ മാതൃകയാണ് ‘ഉമ്മത്ത്’ പ്രതിനിധാനം ചെയ്യുന്നത്) ഐക്യവും സമഗ്രതയും ഇല്ലാതാക്കാനുള്ള ഇസ്രായേൽ നേതൃത്വത്തിന്റെ ശ്രമമാണെന്ന് പാകിസ്ഥാൻ വിശേഷിപ്പിച്ചു. ഇന്ത്യ, അറബ് രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ, മെഡിറ്ററേനിയൻ രാജ്യങ്ങൾ എന്നിവയുമായി ചേർന്നാണ് ‘ഷഡ്ഭുജ’ സഖ്യം കെട്ടിപ്പടുക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നതെന്ന് നെതന്യാഹു പറഞ്ഞു.
സമാന ചിന്താഗതിക്കാരായ രാജ്യങ്ങൾക്കിടയിൽ ഏകോപനം ശക്തിപ്പെടുത്തുകയും മേഖലയിലെ തീവ്രവാദ ആക്രമണങ്ങളെ ചെറുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. റാഡിക്കൽ അച്ചുതണ്ടുകളിൽ നിന്ന് വ്യത്യസ്തമായി, യാഥാർത്ഥ്യത്തെയും വെല്ലുവിളികളെയും ലക്ഷ്യങ്ങളെയും ഒരേ രീതിയിൽ കാണുന്ന രാജ്യങ്ങളുടെ അച്ചുതണ്ട് സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്ര ഷിയാ അച്ചുതണ്ടും, ഉയർന്നുവരുന്ന തീവ്ര സുന്നി അച്ചുതണ്ടും സൃഷ്ടിക്കുന്ന ഭീഷണിയെ നേരിടാൻ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പങ്കിടുന്നുവെങ്കിലും നമുക്കിടയിലുള്ള സഹകരണം മികച്ച ഫലം നൽകുമെന്നും നമ്മുടെ ശക്തിയും ഭാവിയും ഉറപ്പാക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. പിപിപിയുടെ പൽവാഷ മുഹമ്മദ് സായ് ഖാൻ സഭയിൽ അവതരിപ്പിച്ച പാകിസ്ഥാൻ സെനറ്റ് പ്രമേയം, ഇസ്രായേൽ നേതൃത്വത്തിന്റെ തുടർച്ചയായ പ്രകോപനപരമായ നടപടികളെയും പ്രസ്താവനകളെയും അപലപിച്ചു.
പ്രാദേശിക, അന്തർദേശീയ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയായി ഇസ്രായേൽ മാറിയെന്നും മുസ്ലീം രാഷ്ട്രങ്ങൾക്കെതിരെ സഖ്യങ്ങൾ സൃഷ്ടിക്കുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി. സഹോദര ഇസ്ലാമിക രാജ്യങ്ങളുടെ പരമാധികാരം, ഐക്യം, പ്രദേശിക സമഗ്രത എന്നിവയെ ദുർബലപ്പെടുത്താനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെ സെനറ്റ് പ്രമേയം അപലപിക്കുകയും സൊമാലിയയിലെ സൊമാലിയലാൻഡ് മേഖലയുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്ന പ്രഖ്യാപനത്തെ തള്ളുകയും ചെയ്തു.
ഗാസയിലെ വെടിനിർത്തൽ കരാർ ഇസ്രായേൽ തുടർച്ചയായി ലംഘിക്കുന്നതിനെയും അന്താരാഷ്ട്ര നിയമം, യുഎൻ ചാർട്ടർ, യുഎൻ പൊതുസഭ, സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശക അഭിപ്രായം എന്നിവ അവഗണിക്കുന്നതിനെയും പ്രമേയം എതിര്‍ത്തു. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അടിസ്ഥാനത്തിൽ മുസ്ലീം ഉമ്മത്തിന്റെ ഐക്യവും സമഗ്രതയും കുറയ്ക്കുന്നതിനുള്ള ഇസ്രായേൽ അധിനിവേശ ശക്തിയുടെ നേതൃത്വത്തിന്റെ നീചമായ നീക്കമാണെന്നും പ്രമേയത്തിൽ പറയുന്നു. അധിനിവേശ പ്രദേശങ്ങളിൽ നിന്ന് ഇസ്രായേല്‍ സൈന്യം പൂർണ്ണമായും പിന്മാറണമെന്നും ഗാസയിലെ പലസ്തീനികൾക്കുള്ള മാനുഷിക സഹായം വർദ്ധിപ്പിക്കണമെന്നും സെനറ്റ് ആവശ്യപ്പെട്ടതായി ഡോൺ റിപ്പോർട്ട് ചെയ്തു.
പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനായി 1967 ന് മുമ്പുള്ള അതിർത്തികളെ അടിസ്ഥാനമാക്കി, അൽ-ഖുദ്സ് അൽ-ഷെരീഫ് തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിന് പാകിസ്ഥാൻ നൽകുന്ന ചരിത്രപരമായ പിന്തുണ സഭ ആവർത്തിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

