
മലപ്പുറം: പൊള്ളുന്ന വെയിലിൽ പാൽ ഉത്പാദനം വലിയ തോതിൽ കുറഞ്ഞതോടെ ജില്ലയിലെ ക്ഷീര കർഷകർ പ്രതിസന്ധിയിൽ. വേനൽ കടുത്തതോടെ തോട്ടങ്ങളിലെ പുല്ല് കരിഞ്ഞ് ഉണങ്ങിയ നിലയിലാണ്. പച്ചപ്പുല്ലിന്റെ ലഭ്യത കുറയുമ്പോൾ കച്ചിയാണ് വേനൽക്കാലത്ത് കന്നുകാലികൾക്ക് കൊടുക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വില കൊടുത്ത് കച്ചി വാങ്ങാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. തമിഴ്നാട്ടിൽ നിന്നാണ് പ്രധാനമായും കച്ചി ഇറക്കുമതി ചെയ്യുന്നത്. പരിപാലനച്ചെലവ് വർദ്ധിക്കുന്നതിനാൽ ക്ഷീര മേഖല ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.
50 കിലോ വരുന്ന കാലിത്തീറ്റ ബാഗിന് 1,550 രൂപയാണ് വില. മാത്രമല്ല, പശുക്കൾക്കുള്ള അകിട് വീക്കം, കാത്സ്യം എന്നിവയുടെ മരുന്ന് വിലയും ഉയർന്നിട്ടുണ്ട്. ചൂട് ക്രമാതീതമായി വർദ്ധിക്കുന്നത് പശുക്കളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നുണ്ട്. വായിൽ നിന്ന് നുരയും പതയും വരുന്ന സാഹചര്യവുമുണ്ട്. 9,500ഓളം ക്ഷീര കർഷകരാണ് ജില്ലയിലുള്ളത്. ഇതോടെ പാലിന്റെ വില വർദ്ധിക്കാനും സാദ്ധ്യതയുണ്ട്.
വേണം ശ്രദ്ധ
വേനൽക്കാലത്ത് പശുക്കൾക്ക് ധാരാളം വെള്ളം കൊടുക്കുക.
തൊഴുത്തിന്റെ മേൽക്കൂര തണുപ്പിക്കാൻ ഇടയ്ക്കിടെ വെള്ളം സ്പ്രേ ചെയ്യുക.
പകൽ സമയങ്ങളിൽ തൊഴുത്തിൽ നിന്നിറക്കി തണലുള്ള സ്ഥലങ്ങളിൽ കെട്ടിയിടുക.
പശുഫാമുകളിൽ താപനില ഉയരാതിരിക്കാൻ ഫാൻ ഉപയോഗിക്കുക.
പശുക്കളെ എല്ലാ ദിവസവും കുളിപ്പിക്കുക
പകൽ 11 മുതൽ വൈകിട്ട് നാല് വരെ വെയിൽ കൊള്ളുന്നത് ഒഴിവാക്കുക
ധാതു ലവണങ്ങൾ കൂടുതലായി അടങ്ങിയ തീറ്റ നൽകുക..
ചൂട് വരും മാസങ്ങളിൽ വർദ്ധിക്കുന്നതോടെ പാൽ ലഭ്യത കുറയുമെന്ന ആശങ്കയുണ്ട്. ചൂട് കാരണം പശുക്കളെ പകൽ സമയത്ത് പറമ്പിൽ മേയാൻ വിടാൻ സാധിക്കാത്ത സ്ഥിതിയാണ്. പശുക്കൾക്ക് ഇടയ്ക്കിടെ രോഗം വരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കെ.മനോഹരൻ, ക്ഷീരകർഷകൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]