
ഷിക്കാഗോ: പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ റൺവേയിൽ ഒരേ സമയമെത്തിയ രണ്ട് വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി. അമേരിക്കയിലെ ഷിക്കാഗോ മിഡ്വേ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സൗത്ത്വെസ്റ്റ് എയർലൈൻസിന്റെ 2504 വിമാനമാണ് റൺവേയിൽ മറ്റൊരു വിമാനം കണ്ടതോടെ വീണ്ടും പറന്നുയർന്ന് വലിയ അപകടം ഒഴിവാക്കിയത്. പ്രാദേശിക സമയം രാവിലെ 8.50നായിരുന്നു വിമാനങ്ങളുടെ ലാൻഡിംഗ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) വിശദീകരണം നൽകിയിട്ടുണ്ട്. സ്വകാര്യ ജെറ്റാണ് പറന്നുയരാനായി സൗത്ത്വെസ്റ്റ് വിമാനത്തിന് മുന്നിലെത്തിയത്. അനുമതിയില്ലാതെയാണ് സ്വകാര്യ ജെറ്റ് റൺവേയിലേക്ക് പ്രവേശിച്ചതെന്ന് എഫ്എഎ വ്യക്തമാക്കി. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീഡിയോയിൽ സൗത്ത്വെസ്റ്റിന്റെ വിമാനം ലാൻഡിംഗിനായി റൺവേയിൽ എത്തുന്നത് കാണാം. ആ സമയം തന്നെ സ്വകാര്യ ജെറ്റ് എതിർദിശയിലും വരുന്നുണ്ട്. റൺവേയിൽ നിലം തൊടുന്നതിന് തൊട്ടുമുൻപായി സൗത്ത്വെസ്റ്റ് വിമാനം ഉടനടി വീണ്ടും പറന്നുയരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സൗത്ത്വെസ്റ്റ് വിമാനത്തിന്റെ ചക്രങ്ങൾ റൺവേയിൽ തൊടുന്നതിന് 50 അടി മാത്രമുള്ളപ്പോഴാണ് സ്വകാര്യ ജെറ്റ് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതും വീണ്ടും പറന്നുയർന്നതും. നെബ്രാസ്കയിലെ ഒമാഹയിൽ നിന്ന് വരികയായിരുന്ന സൗത്ത്വെസ്റ്റ് വിമാനം. ടെന്നസിയിലെ നോക്സ്വില്ലെയിലേക്ക് പോകാനായി പുറപ്പെട്ടതാണ് സ്വകാര്യ ജെറ്റ്. ബോംബാർഡിയാർ ചാലഞ്ചർ 350 മോഡൽ വിമാനമായിരുന്നു ഇത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]