
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ ചുരുളഴിക്കാൻ പൊലീസ്. ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നും ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്നാണ് പൊലീസ് പറയുന്നത്.
പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അഫാന്റെ ഉമ്മ ഷെമിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഉമ്മയുടെയും മൊഴി എടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം. കൂട്ടക്കൊലയ്ക്ക് പിന്നിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. സ്വന്തം കുടുംബത്തിന്റെ അവസ്ഥയുമായി പൊരുത്തപ്പെടാത്ത പ്രതിയുടെ താളം തെറ്റിയ ജീവിതവുമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.
പിതാവ് വിദേശത്ത് കടക്കെണിയിലായതും നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വർഷങ്ങളായി യാത്രാവിലക്കിൽ കുരുങ്ങിയതും കാരണം കടുത്ത സമ്മർദ്ദത്തിലായിരുന്നു കുടുംബം. അപ്പോഴും അഫാന് കമ്പം ആഡംബര ജീവിതം, ധൂർത്ത്, വിലകൂടിയ വാഹനങ്ങൾ എന്നിവയോടായിരുന്നു.ആരെങ്കിലും ഉപദേശിച്ചാൽ അവരോട് പക. എങ്കിലും പിതാവിന്റെ ബാദ്ധ്യത തീർക്കാൻ കടം വാങ്ങിയിരുന്നു. അഫാൻ പറയുന്നതുപോലെ കാര്യങ്ങൾ നടക്കാതെ വന്നതോടെയാണ് സ്വന്തം അനുജൻ അടക്കം ഉറ്റബന്ധുക്കളെയും കാമുകിയെയും കൊലപ്പെടുത്തി ജീവനൊടുക്കണമെന്ന ചിന്തയിലെത്തിയത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ചുപേരെ വകവരുത്തിയശേഷം വിഷം കഴിക്കുകയായിരുന്നു. അഫാന്റെ പിതാവ് വെഞ്ഞാറമൂട് പേരുമല സൽമാസിൽ റഹിം സൗദിയിലെ ദമാമിൽ വാഹന സ്പെയർപാർട്സ് ബിസിനസ് പൊളിഞ്ഞ് വൻ കടക്കെണിയിലാണ്. ഏഴു വർഷമായി നാട്ടിൽ വന്നിട്ടില്ല. നാലു വർഷം മുമ്പ് യാത്രാ വിലക്കിൽ കുടുങ്ങുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]