
നവി മുംബൈ: ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ടി20 യിൽ ഇംഗ്ലണ്ടിനെയും തോൽപ്പിച്ച് ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ഇംഗ്ലണ്ട് മാസ്റ്റേഴ്സിനെ ഒൻപത് വിക്കറ്റിന് തകർത്താണ് ഇന്ത്യ മാസ്റ്റേഴ്സ് ജൈത്രയാത്ര തുടരുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറുകളിൽ എട്ട് വിക്കറ്റിന് 132 റൺസ് നേടിയപ്പോൾ വെറും 11.4 ഓവറുകളിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കണ്ടു. ഓപ്പണർ ഗുർകീരത് സിങ്ങിന്റെ അർധ സെഞ്ച്വറിയും സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിങ് എന്നിവരുടെ മിന്നുന്ന ബാറ്റിങ്ങുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
സച്ചിൻ ടെണ്ടുൽക്കർ വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ച വെച്ചത്. 21 പന്തിൽ അഞ്ച് ഫോറുകളും ഒരു സിക്സറുമടക്കം 34 റൺസ് നേടിയപ്പോൾ യുവരാജ് 14 പന്തുകളിൽ നാല് ഫോറും ഒരു സിക്സറുമടക്കം 27 റൺസ് നേടി. 35 പന്തിൽ 10 ഫോറും ഒരു സിക്സറുമടക്കം 63 റൺസ് നേടി ഗുർകീരത് സിങ് പുറത്താകാതെ നിന്നു.
25 റൺസെടുത്ത ഡാരൻ മാഡിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ധവാൽ കുൽക്കർണി മൂന്ന് വിക്കറ്റും, അഭിമന്യു മിഥുൻ, പവൻ നേഗി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് മത്സരങ്ങളിലും ജയം നേടിയ ഇന്ത്യ മാസ്റ്റേഴ്സ് ലീഗിൽ ഒന്നാമതെത്തി. ആദ്യ കളിയിൽ ശ്രീലങ്ക മാസ്റ്റേഴ്സിനെ നാല് റൺസിന് തോൽപ്പിച്ചിരുന്നു. മാർച്ച് ഒന്നിന് ദക്ഷിണാഫ്രിക്കയാണ് അടുത്ത എതിരാളികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]