
പെഷാവര്‍: പാകിസ്ഥാന് സൂപ്പര്‍ ലീഗിനിടെ നിയന്ത്രണം വിട്ട് പാക് ക്രിക്കറ്റ് ടീം മുന്‍ നായകന് ബാബര്‍ അസം. ബാബര്‍ ഡഗൗട്ടില്‍ ഇരിക്കവെ ‘സിംബാബ്വെ, സിംബാബ്വെ’… എന്ന് വിളിച്ച് ആരാധകര്‍ കളിയാക്കിയതാണ് ബാബറിനെ ചൊടിപ്പിച്ചത്. അരിശംപൂണ്ട് ബാബര്‍ അസം ആരാധകരോട് അടുത്തേക്ക് വരാന്‍ ആംഗ്യം കാണിക്കുന്നതും കുപ്പി വലിച്ചെറിയുമെന്ന് മുന്നറിയിപ്പ് കൊടുക്കുന്നതും വീഡിയോയിലുണ്ട്. ഈ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു.
പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ പെഷാവര്‍ സാല്‍മിയുടെ നായകനാണ് ബാബര്‍ അസം. മൂന്ന് കളിയില്‍ രണ്ട് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ സാല്‍മി ഇഴയുകയാണ്. പാകിസ്ഥാനായി എല്ലാ ഫോര്‍മാറ്റിലും നിലവിലെ ഏറ്റവും മികച്ച ബാറ്ററായിട്ടും സിംബാബ്വെ മര്ദകന് എന്ന് ബാബര്‍ അസമിനെ ആരാധകര്‍ കളിയാക്കി വിളിക്കാറുണ്ട്. സിംബാബ്വെക്കെതിരെ ഏകദിനത്തിലും ട്വന്റി 20യിലും മികച്ച റെക്കോര്‍ഡുള്ളതാണ് ഇതിന് കാരണം. സിംബാബ്വെയോട് 9 ഏകദിനത്തില്‍ 459 റണ്‍സും 7 രാജ്യാന്തര ട്വന്റി 20കളില്‍ 232 റണ്‍സും ബാബറിനുണ്ട്.
പാകിസ്ഥാന് സൂപ്പര്‍ ലീഗിന്റെ ഈ സീസണില്‍ മൂന്ന് കളികളില്‍ 57 ശരാശരിയിലും 143.70 സ്ട്രൈക്ക് റേറ്റിലും 171 റണ്‍സുമായി ബാബര്‍ അസം മികച്ച ഫോമിലാണ്. സീസണിലെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ ബാബറിന് രണ്ട് അര്‍ധസെഞ്ചുറികളുണ്ട്.
പിഎസ്എല്ലിനിടെ ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന ബാറ്ററായി ബാബര്‍ അസം അടുത്തിടെ റെക്കോര്‍ഡിട്ടിരുന്നു. ഇന്ത്യന്‍ ഇതിഹാസം വിരാട് കോലി, വെസ്റ്റ് ഇന്‍ഡീസ് ടി20 മാസ്റ്റര്‍ ക്രിസ് ഗെയ്ല് എന്നിവരെയെല്ലാം പിന്തള്ളിയാണ് ബാബറിന്റെ നേട്ടം. ബാബര്‍ അസം ടി20 ഫോര്‍മാറ്റില്‍ 271-ാം ഇന്നിംഗ്സില്‍ 10000 റണ്‍സ് ക്ലബിലെത്തി. ഇത്രയും റണ്‍സ് നേടാന്‍ ക്രിസ് ഗെയ്ലിന് 285 ഉം, വിരാട് കോലിക്ക് 299 ഉം, ഡേവിഡ് വാര്‍ണര്‍ക്ക് 303 ഉം ഇന്നിംഗ്സുകള്‍ വേണ്ടിവന്നു. ടി20യില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന പതിമൂന്നാമത്തെ ബാറ്ററും രണ്ടാമത്തെ പാകിസ്ഥാന് താരവുമാണ് ബാബര്‍ അസം. ഷൊയ്ബ് മാലിക്കാണ് 10000 റണ്‍സ് ക്ലബിലെത്തിയ ആദ്യ പാക് താരം.
Last Updated Feb 25, 2024, 3:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]