
കഴിഞ്ഞ 550 ദശലക്ഷം വർഷങ്ങളിൽ വൻതോതിലുള്ള വംശനാശം സംഭവിച്ചിട്ടുണ്ട്. കുറഞ്ഞത് 76 ശതമാനം സ്പീഷീസുകളെങ്കിലും എന്നെന്നേക്കുമായി ഇവിടെ നിന്നും ഇല്ലാതായിട്ടുണ്ട്. ഏകദേശം 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച ദിനോസറിൻ്റെ വംശനാശമാണ് കണ്ടെത്തിയിട്ടുള്ളവയിൽ ഏറ്റവം അവസാനത്തേത്.
എന്നാൽ, ഇനിയും പല ജീവജാലങ്ങളും ഭൂമുഖത്ത് നിന്നും തുടച്ച് നീക്കപ്പെടുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 2022-ൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത് 40 ശതമാനം ഉഭയജീവികളും 25 ശതമാനം സസ്തനികളും 21 ശതമാനം ഉരഗങ്ങളും 13 ശതമാനം പക്ഷികളും ഇപ്പോൾ വംശനാശം നേരിടുന്നതായാണ്. കാലാവസ്ഥാ വ്യതിയാനമാണ് മൃഗങ്ങളുടെ വംശനാശത്തിന് കാരണമാകുന്ന പ്രധാന ഘടകമായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.
2023 മെയ് മാസത്തിൽ ഗ്ലോബൽ ചേഞ്ച് ബയോളജിയിൽ നടത്തിയ പഠനത്തിൽ കഴിഞ്ഞ 50 വർഷമായി പരിസ്ഥിതി ഗണ്യമായി നശിച്ചതായി കണ്ടെത്തി. വനനശീകരണം, രോഗം, തീപിടുത്തം, വെള്ളപ്പൊക്കം എന്നിവ കാരണം മൃഗങ്ങൾക്ക് അവരുടെ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടു. ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നതിനും വേട്ടയാടൽ സമ്പ്രദായങ്ങൾ അവസാനിപ്പിക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പല മൃഗങ്ങളും ഈ നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയോടെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകുമെന്നാണ് വിദഗ്ദർ പറയുന്നത്. അവയിൽ ചില മൃഗങ്ങൾ ഇതാ.
ആഫ്രിക്കൻ കാട്ടാന
ഒരു നൂറ്റാണ്ട് മുമ്പ്, അഞ്ച് ദശലക്ഷത്തോളം ആഫ്രിക്കൻ കാട്ടാനകൾ (ലോക്സോഡോൻ്റ സൈക്ലോട്ടിസ്) ഭൂഖണ്ഡത്തിൽ വിഹരിച്ചിരുന്നു. ഇപ്പോൾ ഇവയിൽ ഏതാനും ലക്ഷങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. വേട്ടയാടലിനും ഭൂമി നഷ്പ്പെടലിനും ഇരയാക്കപ്പെട്ടതാണ് ഇവയുടെ എണ്ണത്തിലുണ്ടായ കുറവിന് കാരണമായി വിദഗ്ദർ പറയുന്നത്.
അമുർ പുള്ളിപ്പുലി
അമുർ പുള്ളിപ്പുലി (പന്തേര പാർഡസ് ഓറിയൻ്റാലിസ്) ഏറ്റവും അധികം വംശനാശഭീഷണി നേരിടുന്ന ജീവി വർഗമായി കണക്കാക്കപ്പെടുന്നു. വേട്ടയാടലും വനനശീകരണവും ആണ് അമുർ പുള്ളിപ്പുലിയുടെയും വംശനാശത്തിന് കാരണം. റഷ്യ, ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയോട് ചേർന്നുള്ള വനമേഖലയിലാണ് അമുർ പുള്ളിപ്പുലികൾ ഉള്ളത്. ഏകദേശം 20 പുള്ളിപ്പുലികൾ മാത്രമാണ് ഇപ്പോൾ ഭൂമുഖത്ത് അവശേഷിക്കുന്നത്
നീണ്ട ചെവിയുള്ള വവ്വാലുകൾ (Northern Long-Eared Bat)
2023 -ൻ്റെ തുടക്കത്തിൽ ആണ് നോർത്തേൺ ലോംഗ് ഇയേർഡ് ബാറ്റിനെ (മയോട്ടിസ് സെപ്റ്റെൻട്രിയോണലിസ്) യുഎസിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഒരു പകർച്ച വ്യാധിയാണ് ഇവയുടെ എണ്ണത്തിലുണ്ടായ വലിയ കുറവിന് കാരണമായത്.
യാങ്സി ഫിൻലെസ് പോർപോയിസ് (Yangtze Finless Porpoise)
രണ്ട് തരം ശുദ്ധജല ഡോൾഫിനുകളാണ് ചൈനയിലെ യാങ്സി നദിയിൽ സുലഭമായി ഉണ്ടായിരുന്നത്. 2006-ൽ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട ബൈജി ഡോൾഫിനും യാങ്സി ഫിൻലെസ് പോർപോയ്സും (നിയോഫോകേന ഏഷ്യയോറിയൻ്റാലിസ്). ഇപ്പോൾ യാങ്സി ഫിൻലെസ് പോർപോയിസും വംശനാശത്തിന്റെ വക്കിലാണ്. അനധികൃത മത്സ്യബന്ധനവും ബോട്ടുകളിൽ നിന്നുള്ള പരിക്കും ആണ് ഇവയുടെ നാശത്തിന് കാരണമായി ഗവേഷകർ പറയുന്നത്.
Last Updated Feb 25, 2024, 3:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]