
ബെംഗളൂരു: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് 2024 സീസണിലെ മൂന്നാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വുമണ്‍സിന് 5 വിക്കറ്റ് വിജയം. ഗുജറാത്ത് ജയന്റ്സ് മുന്നോട്ടുവെച്ച 127 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് വനിതകള്‍ നേടുകയായിരുന്നു. ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗറാണ് (41 പന്തില്‍ 46*) മുംബൈയുടെ ടോപ് സ്കോറർ. 19-ാം ഓവറിലെ ആദ്യ പന്തില്‍ സിക്സോടെയാണ് ഹർമന് മത്സരം ഫിനിഷ് ചെയ്തത്. സീസണില്‍ മുംബൈയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഗുജറാത്ത് ജയന്റ്സിനെ 17 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ അമേല്യ കേർ, 18 റണ്‍സ് വഴങ്ങി മൂന്ന് പേരെ പുറത്താക്കിയ ഷബ്നിം ഇസ്മയില്‍ എന്നിവർ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റിന് 126 റണ്‍സില്‍ ഒതുക്കുകയായിരുന്നു. ഗുജറാത്ത് ജയന്റ്സ് വനിതകളില്‍ 22 പന്തില്‍ 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബേത്ത് മൂണി ഒഴികെയുള്ള പ്രധാന ബാറ്റർമാരാരും തിളങ്ങിയില്ല. ഒരുവേള 78 റണ്‍സിന് 7 വിക്കറ്റ് ജയന്റ്സിന് നഷ്ടമായി. വേദ കൃഷ്ണമൂർത്തി പൂജ്യത്തിനും ഹർലിന് ഡിയോള്‍ എട്ടിനും ഫോബേ ലിച്ച്ഫീല്‍ഡ് ഏഴിനും ദയാലന്‍ ഹേമതല മൂന്നിനും പുറത്തായി. ഇതിന് ശേഷം 15 റണ്‍സുമായി ആഷ്ലി ഗാർഡ്നറും 25 എടുത്ത് കാതറിന് ബ്രൈസും 21 റണ്‍സുമായി തനുജ കാന്വാറുമാണ് ഗുജറാത്തിനെ കരകയറ്റിയത്. സ്നേഹ് റാണയും ലീ തഹുഹും പൂജ്യത്തിനും മടങ്ങി.
മറുപടി ബാറ്റിംഗില്‍ സ്കോർ ബോർഡില്‍ 21 റണ്‍സുള്ളപ്പോള്‍ മുംബൈ ഇന്ത്യന്‍സ് വനിതകളുടെ ഓപ്പണർമാരായ യസ്തിക ഭാട്യയും (7), ഹെയ്ലി മാത്യൂസും (7) പുറത്തായിരുന്നു. ഇതിന് ശേഷം നാറ്റ് സൈവർ ബ്രണ്ട് 22 റണ്‍സുമായി പൊരുതിയെങ്കിലും അപ്രതീക്ഷിതമായി റണ്ണൗട്ടായി. പിന്നാലെ ഹർമന്‍പ്രീത് കൗറിനൊപ്പം നിർണായക കൂട്ടുകെട്ടുണ്ടാക്കിയ അമേല്യ കേറും (31), പൂജ വസ്ത്രകറും (1) പുറത്തായി. എന്നാല്‍ ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ 19-ാം ഓവറിലെ ആദ്യ പന്തില്‍ സ്നേഹ് റാണയെ കൂറ്റന്‍ സിക്സറിന് പറത്തി മുംബൈ ഇന്ത്യന്‍സിന് സീസണിലെ രണ്ടാം ജയം സമ്മാനിച്ചു. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകളെ മുംബൈ അവസാന പന്തില്‍ 4 വിക്കറ്റിന് തോല്പിച്ചിരുന്നു.
കാണാം ഹർമന് ഫിനിഷിംഗ്
Last Updated Feb 25, 2024, 11:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]