
കൊച്ചി: കേരള സമൂഹം ആഗ്രഹിക്കുന്നത് സഭാ തർക്കം അവസാനിക്കണമെന്നാണെന്ന് യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്. പ്രശ്നം അവസാനിപ്പിക്കാനാണ് സംസ്ഥാന സര്ക്കാര് ചർച്ച് ബില്ല് കൊണ്ടുവരുന്നത്. ചർച്ച് ബില്ലിനെ ഓർത്തഡോക്സ് സഭ എതിർക്കുന്നത് എന്തിനാണ്? നീതി നിഷേധിക്കപ്പെട്ട സമൂഹത്തിന് നീതി ലഭിക്കാനാണ് സർക്കാർ ചർച്ച് ബില്ല് കൊണ്ടുവരുന്നത്. അതിന് എല്ലാവരുടെയും പിന്തുണയും ഉണ്ട്. യാക്കോബായ സഭയ്ക്ക് ആരോടും വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
മലങ്കര യാക്കോബായ സുറിയാനി സഭ മലങ്കര മെത്രോപോലീത്തയായി ഉയർത്തപ്പെട്ട ജോസഫ് മോർ ഗ്രിഗോറിയോസിന് നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രി പി രാജീവ്, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മുൻ ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു. എല്ലാ മത വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്നതാണ് സർക്കാർ നിലപാടെന്നു മന്ത്രി പി രാജീവ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. സമാധാനത്തിന്റെ അന്തരീക്ഷം നിലനിർത്തുന്നതിനു അസ്തിത്വം നിലനിർത്തിക്കൊണ്ട് തന്നെ നമുക്ക് മുന്നോട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു.
സഭാ തർക്കത്തിൽ സമാധാനം ഉണ്ടാകാൻ ഒരു വിഭാഗം മാത്രം വിചാരിച്ചാൽ പോരെന്ന് മുൻ ചീഫ് സെക്രട്ടറി ടോം ജോസ് അഭിപ്രായപ്പെട്ടു. ഓർത്തഡോക്സ് സഭക്ക് 1934 ലെ സഭ ഭരണഘടനയുടെ യഥാർത്ഥ പകർപ്പ് കാണിക്കാനായിട്ടില്ല. സെമിത്തേരി ബില്ലിൽ രാഷ്ട്രീയ സമ്മർദങ്ങളുടെ ഭാഗമായി ചെറിയ തോതിൽ വെള്ളം ചേർക്കപ്പെട്ടുവെങ്കിലും പ്രശ്നങ്ങൾക്ക് ചെറിയ പരിഹാരം ഉണ്ടാക്കാൻ അതിലൂടെ കഴിഞ്ഞു. ചർച്ച് ബില്ല് നടപ്പിലാക്കിയാൽ പ്രശ്നങ്ങൾക്ക് പൂർണ പരിഹാരം ആകും. ഒരു ഇടവകയിൽ ഭൂരിപക്ഷം വരുന്ന വിശ്വാസികളാണ് അവിടുത്തെ ഭരണത്തെ നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Last Updated Feb 25, 2024, 8:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]