തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ പതാക ഉയർത്തി. സെൻട്രൽ സ്റ്റേഡിയത്തിലെ പരേഡ് ഗവർണർ പരിശോധിച്ചു.
തുടർന്ന് പരേഡുകൾ ഗവർണർക്ക് അഭിവാദ്യമർപ്പിച്ചു. വ്യോമസേനയിൽ നിന്നുള്ള വികാസ് വസിഷ്ഠിൻ്റെ നേതൃത്വത്തിലാണ് പരേഡുകൾ അണിനിരന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ തുടങ്ങിയവരും, എംഎൽഎമാരും സെൻട്രൽ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. വിവിധ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിലും പതാക ഉയർത്തി. അതേസമയം, രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് രാവിലെ കർത്തവ്യപഥിൽ നടക്കും.
പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ യുദ്ധ സ്മാരകത്തിൽ എത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രമർപ്പിക്കും.
പിന്നീട് പരേഡിന് സാക്ഷിയാകാൻ കർത്തവ്യപഥിൽ എത്തും. പത്തരയ്ക്ക് ശേഷമാണ് സൈനികശക്തിയും സാംസ്കാരിക ശക്തിയും വിളിച്ചോതുന്ന പരേഡ് നടക്കുക.
യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് മുഖ്യാതിഥികൾ. കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും.
നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിക്കുന്നത്. ആഘോഷ പരിപാടികൾ കണക്കിലെടുത്ത് ദില്ലി അതീവ ജാഗ്രതയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

