തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നാളെ മുതൽ നടത്താനിരിക്കുന്ന കടയടച്ചുള്ള പണിമുടക്ക് സമരത്തിൽ നിന്നും പിൻമാറണമെന്ന് മന്ത്രി ജി ആർ അനിൽ അഭ്യർത്ഥിച്ചു. ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ നിഷേധിച്ചുകൊണ്ടുള്ള ഒരു സമരത്തെയും സർക്കാരിന് അംഗീകരിക്കുവാൻ കഴിയില്ല. ജനങ്ങൾക്ക് മുടക്കം കൂടാതെ ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കുക എന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ആരുടെ വീഴ്ച്ചകൊണ്ടാണോ ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ നിഷേധിക്കപ്പെട്ടത് അവർ ഗുണഭോക്താക്കൾക്ക് ഫുഡ് സെക്യൂരിറ്റി അലവൻസ് നൽകേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
. ഇവിടെ സർക്കാരിന്റെ വീഴ്ചകൊണ്ടല്ല ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ മുടങ്ങുന്നത്. എൻഎഫ്എസ്എ നിയമ പ്രകാരം അർഹതപെട്ട ഭക്ഷ്യധാന്യം ലഭിക്കാത്ത സാഹചര്യത്തിൽ ഗുണഭോക്താവിന് ഫുഡ് സെക്യൂരിറ്റി അലവൻസ് നൽകാൻ പ്രസ്തുത നിയമം വ്യവസ്ഥ ചെയ്യുന്നു. സർക്കാർ വാതിൽപടി വിതരണം പൂർത്തിയാക്കുകയും തുടർന്നും ഭക്ഷ്യ ധാന്യങ്ങൾ ധാന്യങ്ങൾ ജനങ്ങളിലേക്ക് വിതരണം ചെയ്യാൻ തയ്യാറാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, റേഷൻ വ്യാപാരികൾ അവ എത്തിക്കാൻ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം ഗുണഭോക്താവിന് അവർ ഫുഡ് സെക്യൂരിറ്റി അലവൻസ് നൽകേണ്ടിവരുമെന്നും മന്ത്രി ഓർമ്മപ്പെടുത്തി.
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ പണിമുടക്കിലേക്ക് പോകുന്ന സാഹചര്യത്തിൽ ഏതു വിധത്തിലും ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നാളെ മുതൽ പൊതുവിതരണ വകുപ്പിൽ മുഴുവൻ ഉദ്യോഗസ്ഥരും ഹാജരാകുവാനും ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സിവിൽ സപ്ലൈസ് ആസ്ഥാനത്ത് കൺട്രോൾ റൂം തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൺട്രോൾ റൂം നമ്പർ : 9188527301.
നിലവിൽ സംസ്ഥാനത്ത് 330 റേഷൻ കടകൾ സഹകരണ സ്ഥാപനങ്ങളുടെ കീഴിൽ നടന്നു വരുന്നു. സംസ്ഥാനത്ത് 156 കടകൾ താൽകാലിക ലൈസൻസികളാണ് നടത്തി വരുന്നത്. ഒരു കട സപ്ലൈകോ ആണ് നടത്തുന്നത്. മേൽ പരാമർശിച്ച റേഷൻ കടകൾ, അതായത് 487 റേഷൻ കടകൾ നാളെ തുറന്നു പ്രവർത്തിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേന്ദ്ര സർക്കാർ എഫ്സിഐ വഴി സംസ്ഥാനത്തിന് അനുവദിക്കുന്ന ഭക്ഷ്യ ധാന്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഇടനിലക്കാർ മാത്രമാണ് റേഷൻ കട ലൈസൻസികൾ. ഭക്ഷ്യ ധാന്യങ്ങൾ ജനങ്ങൾക്ക് വിതരണം ചെയ്യാതെ കട അടച്ചിട്ട് സമരം ചെയ്യുന്ന സമീപനം ശരിയാണോ എന്ന് റേഷൻ വ്യാപാരികൾ പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു.