മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രെയിലർ ലോഞ്ച് താരസംഘടനയായ അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി എന്നിവർ ചേർന്ന് ട്രെയിലർ ലോഞ്ച് ചെയ്തു. ചിത്രത്തിൽ അഭിനയിച്ച വിനീത് കുമാർ, ജോമോൾ, രാമു എന്നിവർ സന്നിഹിതരായിരുന്നു. അന്തരിച്ച നിർമാതാവ് പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ ജയതിലക്, ഷെർഗ സന്ദീപ് എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
മാതൃഭൂമി ഡയറക്ടറും ചലച്ചിത്ര നിർമാതാവുമായിരുന്ന പി.വി. ഗംഗാധരൻ എം.ടി. വാസുദേവൻ നായർക്കും ഹരിഹരനും മമ്മൂട്ടിക്കുമൊപ്പം ചേർന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിലൂടെ മലയാളത്തിനു സമ്മാനിച്ച മികവുറ്റ സിനിമകളിലൊന്നാണ് ‘ഒരു വടക്കൻവീരഗാഥ’. പുതിയ കാലത്തിന്റെ ദൃശ്യശബ്ദ സാധ്യതകൾ പ്രയോജനപ്പെടുത്തി ചിത്രം ഒരിക്കൽക്കൂടി പ്രേക്ഷകരിലെത്തിക്കണമെന്നത് പി.വി. ഗംഗാധരന്റെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷെറിനും മക്കളും എസ്.ക്യൂബ് ഫിലിംസ് സാരഥികളുമായ ഷെനൂഗ, ഷെഗ്ന, ഷെർഗ എന്നിവരും പറയുന്നു.
1989ൽ ആദ്യമായി തിയേറ്ററുകളിലെത്തിയപ്പോൾ വലിയ വിജയമായിരുന്നു സിനിമ സ്വന്തമാക്കിയത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലൻ കെ നായർ, ക്യാപ്ടൻ രാജു എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കെ രാമചന്ദ്ര ബാബു ഛായാഗ്രാഹണം നിർവഹിച്ച ചിത്രത്തിനായി ബോംബെ രവി സംഗീതമൊരുക്കി. എം എസ് മണിയായിരുന്നു എഡിറ്റിങ്.
സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം കൂടിയായിരുന്നു ഒരു വടക്കൻ വീരഗാഥ. മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി നേടിയപ്പോൾ മികച്ച തിരക്കഥ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച വസ്ത്രാലങ്കാരം എന്നീ മേഖലകളിലും ചിത്രം നേട്ടം സ്വന്തമാക്കി. കൂടാതെ എട്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ചിത്രം നേടിയിട്ടുണ്ട്. ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പി ആർ ഓ : ഐശ്വര്യ രാജ്. അന്തരിച്ച സാഹിത്യകാരൻ എംടി വാസുദേവൻ നായർക്കുള്ള ആദരം കൂടിയായാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]