തിരുവനന്തപുരം: കൈവിരലിൽ നിന്ന് നഖത്തിലേക്ക് നീളുന്ന വോട്ടടയാളം. തെരഞ്ഞെടുപ്പെന്ന് കേൾക്കുമ്പോൾ മനസ്സിലാദ്യം വരുന്ന ചിത്രമാണത്. മായ്ച്ചാലും മായ്ച്ചാലും മായാത്ത പ്രത്യേക മഷി കൊണ്ടുള്ള ആ വോട്ടടയാളം കാൽവിരലിലായാലോ?
കണ്ടിട്ടുണ്ടോ കാൽ വിരലിലെ വോട്ടടയാളം…?
ഇല്ലെങ്കിൽ തിരുവനന്തപുരം മാനവീയം വീഥിയിലേക്ക് വരിക. ഇന്നും നാളെയുമായി നടക്കുന്ന തെരഞ്ഞെടുപ്പ് ഫോട്ടോ പ്രദർശനത്തിൽ നിങ്ങൾക്ക് ആ ചിത്രം കാണാം. വോട്ട് ചെയ്ത ശേഷം ഭിന്നശേഷി വോട്ടറുടെ കാൽ വിരലിൽ തെരഞ്ഞെടുപ്പ് മുദ്ര ചാർത്തുന്ന ഉദ്യോഗസ്ഥയുടെ ഫോട്ടോ. ഇത്തരം അനേകം ഫോട്ടോകളാണ് ഇന്ന് രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉദ്ഘാടനം ചെയ്ത പ്രദർശനത്തിലുള്ളത്. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച്, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം പബ്ലിക് റിലേഷൻസ് വകുപ്പുമായി ചേർന്നാണ് ഫോട്ടോ പ്രദർശനം നടത്തുന്നത്.
ചരിത്രസ്മരണകൾ ഉണർത്തുന്ന ഫോട്ടോ പ്രദർശനത്തിൽ, ആദ്യത്തെ മുഖ്യമന്ത്രിയായ ഇ എം എസ് നമ്പൂതിരിപ്പാട് മുതൽ നിലവിലെ മുഖ്യൻ പിണറായി വിജയൻ വരെ പോളിംഗ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തുന്നത് കാണാം. കൊവിഡ് കാലത്ത് മാസ്കുമിട്ട് വോട്ട് ചെയ്യാൻ വന്ന മമ്മൂട്ടിയും മഞ്ജുവാര്യരും, പോളിംഗ് ബൂത്തിൽ പി പി ഇ കിറ്റിട്ട് വോട്ട് ചെയ്യാൻ വന്ന കൊവിഡ് ബാധിതൻ, വോട്ടുപകരണങ്ങളുമായി ആലപ്പുഴയിലെ ബോട്ട്ജെട്ടിയിലിറങ്ങുന്ന ഉദ്യോഗസ്ഥർ, വോട്ട് ചെയ്ത ശേഷം വയോധികയെ ഡോളിയിൽ കൊണ്ടുപോകുന്നവർ, സ്വവസതിയിൽ വോട്ട് ചെയ്യുന്ന എം ടി വാസുദേവൻ നായർ അങ്ങനെ രസകരമായ നിരവധി ഫോട്ടോകൾ പ്രദർശനത്തിലുണ്ട്.
പഴയ കാല വോട്ടിംഗ് സംവിധാനങ്ങൾ, പലകാലങ്ങളിലെ തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്നിവയുടെ കൗതുകമുണർത്തുന്ന ചിത്രങ്ങളും ഇവിടെ കാണാം. ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച മണ്ഡലത്തിൽ അന്തം വിട്ട് യന്ത്രത്തിനു മുന്നിൽ നിൽക്കുന്ന വൃദ്ധയുടെ ചിത്രം രസകരമാണ്. വിവാഹദിനത്തിൽ വോട്ടു ചെയ്യാനെത്തിയ നവവരനും വധുവും, വാഹന അപകടത്തിൽ പരിക്കേറ്റിട്ടും സ്ട്രെച്ചറിൽ വോട്ടു ചെയ്യാൻ ബൂത്തിലെത്തിയ മധു, വീട്ടിൽ വോട്ടു രേഖപ്പെടുത്തുന്ന 111 വയസുകാരി കുപ്പച്ചി..നമ്മുടെ കണ്മുന്നിൽ എത്തുക നിരവധി അപൂർവ്വചിത്രങ്ങളാണ്.
പ്രദർശനം ജനുവരി 27 ന് വൈകുന്നേരം മാനവീയം വീഥിയിൽ സമാപിക്കും. അടുത്ത മൂന്ന് മാസകാലയളവിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ പ്രദർശനം നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]