മുംബയ്: രാജ്യത്തെ ഏറ്റവും വലിയ ഫ്ളോട്ടിംഗ് ഡ്രൈ ഡോക്ക് നിർമിക്കാനൊരുങ്ങി മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ്. മുംബയ്ക്ക് സമീപം നവ ദ്വീപിലാണ് ഡ്രൈ ഡോക്ക് നിർമിക്കുന്നത്. സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന മസഗോൺ രാജ്യത്തെ മുൻനിര യുദ്ധക്കപ്പൽ നിർമാതാക്കളാണ്. വലിയ കപ്പലുകളുടെ ഓർഡർ ലഭിക്കുന്നതിനുള്ള 5000 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് നിർമാണം.
40 ഏക്കറിലായി 180 മീറ്റർ നീളവും 44 മീറ്റർ ഉയരവുമാണ് ഡോക്കിനുണ്ടായിരിക്കുക. 475 കോടി രൂപ ചെലവിൽ പണിയുന്ന ഫ്ലോട്ടിംഗ് ഡ്രൈ ഡോക്കിന്റെ നിർമ്മാണ കരാർ സ്വകാര്യ ഉടമസ്ഥതയിലുള്ള ഷോഫ്റ്റ് ഷിപ്പ്യാർഡ് പ്രൈവറ്റ് ലിമിറ്റഡിനാണ് നൽകിയിരിക്കുന്നത്. ആയിരം കോടി രൂപയാണ് നവ ഫ്ളോട്ടിംഗ് ഡോക്കിലെ മസഗോണിന്റെ നിക്ഷേപം. ജെട്ടി നിർമാണം, കപ്പൽ നിർത്തിയിടുന്നതിനുള്ള സൗകര്യം, ഡ്രഡ്ജിംഗ് സംവിധാനം എന്നിവയും ഇതിൽ ഉൾപ്പെടും.
ആറ് ബ്ളോക്കുകളിലായി നിർമിക്കുന്ന ഡോക്ക് മസഗോൺ ഡോക്കിന്റെ നവ ജെട്ടിയിലേയ്ക്ക് മാറ്റിയായിരിക്കും കൂട്ടിയോജിപ്പിക്കുക. വളരെ ഉയരമുള്ളതിനാൽ ഡ്രൈ ഡോക്ക് ഒറ്റ ഘട്ടമായി നിർമിക്കാനാവില്ലെന്ന് അധികൃതർ പറയുന്നു. ഗുജറാത്തിലെ ബറൂച്ചിലുള്ള യാർഡിൽ ഇതുവരെ നാല് ബ്ളോക്കുകളുടെ നിർമാണം പൂർത്തിയായതായി ഷോഫ്റ്റ് ഷിപ്പ്യാർഡ് അറിയിച്ചു. ബാക്കിയുള്ള രണ്ട് ബ്ളോക്കുകളുടെ കൂടി നിർമാണം പൂർത്തിയാക്കി അടുത്ത മാർച്ചിൽ നവ ജെട്ടിയിലെത്തിക്കുമെന്നാണ് ഷോഫ്റ്റ് ഷിപ്പ്യാർഡ് വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈ വർഷം അവസാനത്തോടെ നവ ഫ്ളോട്ടിംഗ് ഡ്രൈ ഡോക്ക് പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12,800 ഡോക്കിംഗ് ഭാരം വരെയുള്ള കപ്പലുകൾ ഡോക്ക് ചെയ്യാൻ സാധിക്കുമെന്നതാണ് നവ ഫ്ളോട്ടിംഗ് ഡ്രൈ ഡോക്കിന്റെ പ്രത്യേകത. നെക്സ്റ്റ് ജനറേഷൻ യുദ്ധക്കപ്പലുകൾ, റിപ്പയർ ഷിപ്പുകൾ പോലുള്ള വലിയ കപ്പലുകളും ഇവിടെ നിർമിക്കാൻ കഴിയും. ഒരേസമയം എട്ട് കപ്പലുകൾവരെ നിർമിക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത.