മുംബയ്: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആക്രമണത്തിനിരയായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ആക്രമണം നടന്ന നടന്റെ വീട്ടിൽ നിന്ന് ശേഖരിച്ച 19 വിരലടയാളങ്ങളിൽ പ്രതിയായ ഷെരീഫുൾ ഇസ്ലാം ഷെഹ്സാദിന്റെ വിരലടയാളമില്ല. ബ്യൂറോ ഒഫ് ദി സ്റ്റേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) നടത്തിയ പരിശോനയിലാണ് കണ്ടെത്തൽ.
പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് സിഐഡി മുംബയ് പൊലീസിനെ അറിയിച്ചിരിക്കുകയാണ്. കൂടുതൽ പരിശോധനകൾക്കായി പൊലീസ് മറ്റ് സാമ്പിളുകളും അയച്ചിട്ടുണ്ട്.
ജനുവരി 15നാണ് സെയ്ഫ് അലി ഖാൻ ബാന്ദ്രയിലെ വസതിയിൽ കവർച്ചാശ്രമത്തിനിടെ ആക്രമിക്കപ്പെട്ടത്. പ്രതി ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് ബംഗ്ലാദേശ് സ്വദേശിയാണ്. അഞ്ച് മാസം മുമ്പാണ് മുംബയിലെത്തിയതെന്നാണ് പൊലീസ് അറിയിച്ചത്. അനധികൃതമായിട്ടാണ് ഇയാൾ ഇന്ത്യയിലെത്തിയത്. ബിജോയ് ദാസ് എന്ന് പേര് മാറ്റി. ഇയാളുടെ പക്കൽ ഇന്ത്യൻ രേഖകളൊന്നും ഇല്ല. പാസ്പോർട്ട് ആക്ട് കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.
കവർച്ച നടത്താനാണ് പ്രതി നടന്റെ വീട്ടിൽ കയറിയത്. സെലിബ്രിറ്റികൾ താമസിക്കുന്ന മേഖലയായതിനാൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതിക്കറിയാമായിരുന്നു. മുംബയിൽ ഹൗസ് കീപ്പിംഗ് ഏജൻസിയിൽ ജോലി ചെയ്തുവരികയായിരുന്നു പ്രതിയെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സെയ്ഫ് അലി ഖാന് ആറ് കുത്തുകളാണ് ഏറ്റതെന്നാണ് ആശുപത്രി അധികൃതർ ആദ്യം അറിയിച്ചത്. ഇതിൽ രണ്ടെണ്ണം ആഴമുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിന് അടുത്തായിരുന്നു. നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി താരം വീട്ടിലേക്ക് മടങ്ങുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിവാദങ്ങളും ഉയർന്നിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന സെയ്ഫ് അതിവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നതിൽ സമൂഹമാദ്ധ്യമ ഉപഭോക്താക്കളിൽ ചിലർ സംശയം പ്രകടിപ്പിച്ചു. മേജർ സർജറി ചെയ്തുവെന്ന് പറഞ്ഞ് സെയ്ഫ് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും, നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ ഒരാൾക്ക് ദിവസങ്ങൾക്കുള്ളിൽ ഇങ്ങനെ നടക്കാൻ സാധിക്കുമോ എന്നുമാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ചോദ്യമുന്നയിച്ചത്.