വയനാട്: പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന നരഭോജി കടുവയെ പിടികൂടാനുളള ശ്രമങ്ങളെക്കുറിച്ച് വയനാട് ഡിഎഫ്ഒ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് തടഞ്ഞ് പൊലീസ്. ഡിഎഫ്ഒയും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനുമായ മാർട്ടിൻ ലോവറിനെയാണ് മാനന്തവാടി എസ്എച്ച്ഒ അഗസ്റ്റിൻ തടഞ്ഞത്. ഒരു ലൈവുമില്ല, എല്ലാം ഗേറ്റിന് പുറത്ത് എന്നായിരുന്നു എസ്എച്ചഒ മാദ്ധ്യമങ്ങളോട് പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥൻ എന്തിനാണ് ഡിഎഫ്ഒയെ തടഞ്ഞത് എന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ പൊലീസും വിശദീകരണം നൽകിയിട്ടില്ല.
കടുവ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശം മാർക്ക് ചെയ്തതായി ഡിഎഫ്ഒ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ ദൗത്യം കടുവയെ കണ്ടു പിടിക്കുക എന്നതാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ തടയുന്നതിന് മുൻപ് ഡിഎഫ്ഒ പറഞ്ഞു. മാർക്ക് ചെയ്ത സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തും. കടുവയെ കണ്ടെത്താൻ തെർമ്മൽ ക്യാമറ കൂടി ഉപയോഗിക്കും. ഇതിനായി കൊച്ചിയിൽ നിന്നും വിദഗ്ദ്ധസംഘം എത്തിയിട്ടുണ്ട്. മരങ്ങളുടെ മറവിൽ കടുവയുണ്ടെങ്കിലും തെർമൽ ക്യാമറ ഉപയോഗിച്ച് കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ദിവസം കടുവയെ കണ്ട പ്രദേശങ്ങളിലും തിരച്ചിൽ നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനുളള ദൗത്യം വൈകുന്നതിൽ മാനന്തവാടിയിൽ വലിയ തരത്തിലുളള പ്രതിഷേധങ്ങൾ നാട്ടുകാർ സംഘടിപ്പിച്ചിരുന്നു. കടുവയെ പിടികൂടിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ എസ്റ്റേറ്റിന് പുറത്തേക്ക് വിടില്ലെന്നായിരുന്നു നാട്ടുകാരുടെ ഭീഷണി. തുടർന്ന് നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചതിനുപിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കടുവയെ പിടികൂടിയാൽ വനത്തിൽ തുറന്നുവിടില്ല. മൃഗശാലയിലേക്കോ സംരക്ഷണ കേന്ദ്രത്തിലേക്കോ മാറ്റും. പിടികൂടാൻ സാധിച്ചില്ലെങ്കിൽ മയക്കുവെടി വച്ച് പിടികൂടുകയോ വെടിവച്ച് കൊല്ലുകയോ ചെയ്യുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, വയനാട് പെരുന്തട്ടയിൽ പശുക്കിടാവിനെ വന്യജീവി ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണമുണ്ടായത്. നേരത്തെ കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയ പ്രദേശമാണ് പെരുന്തട്ട. പലതവണയായി ഈ പ്രദേശങ്ങളിൽ കടുവയെ കണ്ടിട്ടുണ്ട്. പുലിയാണെന്നാണ് വനംവകുപ്പിന്റെ സംശയം. ഈ പ്രദേശത്ത് ജീവിയെ പിടികൂടാൻ കൂട് സ്ഥാപിക്കാനുളള ചർച്ചയിലാണ് അധികൃതർ.