
ചെന്നൈ: സിനിമാ താരം വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നുവെന്ന് അഭ്യൂഹം. താരത്തിന്റെ പാർട്ടി ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യുമെന്നാണ് പുറത്തുവരുന്ന സൂചന. ഇത് സംബന്ധിച്ച് ആരാധക കൂട്ടായ്മ യോഗത്തിൽ നിർണായക ചർച്ചകൾ നടന്നു കഴിഞ്ഞു. ഏറെ നാളായി വിജയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ച് വിജയ് രംഗത്തു വന്നിരുന്നു. അതിനിടയിലാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തയ്യാറാവുന്നുവെന്ന വാർത്ത സജീവമാവുന്നത്. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനായി ആരാധക കൂട്ടായ്മാ ഭാരവാഹികൾ ഫെബ്രുവരി ആദ്യം ദില്ലിക്ക് പോകുമെന്നാണ് റിപ്പോർട്ട്.
ആരാധക കൂട്ടായ്മ യോഗം ഇന്നലെയാണ് ചെന്നൈയിൽ നടന്നത്. മൂന്നുമണിക്കൂർ നീണ്ട യോഗത്തിൽ വിജയിയും പങ്കെടുത്തിരുന്നു. ഇതു സംബന്ധിച്ച് ചെന്നൈയിലെ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ് മത്സരിക്കണമെന്നാണ് യോഗത്തിൽ ഉയർന്നുവന്ന അഭിപ്രായം. എന്നാൽ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധിച്ചാൽ മതിയെന്ന നിലപാടിലാണ് വിജയിയെന്നാണ് വിവരം. യോഗത്തിൽ പങ്കെടുത്തയാളുകൾ വിജയിയെ പ്രസിഡന്റായി നിർദേശിച്ചു കഴിഞ്ഞു. അതേസമയം, മറ്റു തരത്തിലുള്ള വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആരാധക കൂട്ടായ്മ അറിയിച്ചു. കൃത്യസമയത്ത് വിജയ് തന്നെ പ്രഖ്യാപനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
നേരത്തെ, സർക്കാരിനെ പരോക്ഷമായി വിമർശിക്കുന്ന തരത്തിലും പ്രളയ ബാധിത പ്രദേശങ്ങളിലെ സന്ദർശനവുമെല്ലാം വാർത്തയായിരുന്നു. ഇതെല്ലാം രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകിയിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ മാത്രമേ ഇതിന്റെ കൃത്യമായ വിവരം പുറത്തുവരികയുള്ളൂ.
Last Updated Jan 26, 2024, 2:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]