
കൊച്ചി: തെരഞ്ഞെടുപ്പുകളില്‍ വിവേകപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള സുവര്‍ണ്ണാവസരമാണെന്ന് നടന് ടോവിനോ തോമസ്. എറണാകുളത്ത് ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു തെരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ് ഐക്കണ്‍ കൂടിയായ ടോവിനോ.
‘രാജ്യത്തെ എല്ലാ പൗരന്മാര്ക്കും തുല്യത ഉറപ്പുവരുത്തുന്ന ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് വോട്ടിംഗിലൂടെ സാധ്യമാകുന്നത്. വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും കടമയാണ്. വോട്ട് ചെയ്യാതിരിക്കുന്നത് നമ്മെ മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരെയും ബാധിക്കും. ജനാധിപത്യം കാത്തു സൂക്ഷിക്കാന്‍ കഴിയുന്ന നമ്മെ നയിക്കാന്‍ കഴിയുന്ന വ്യക്തിക്കായിരിക്കും എന്റെ വോട്ട്.’ വോട്ടവകാശം ലഭിച്ച ശേഷം വോട്ട് ചെയ്യാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടില്ലെന്നും യുവാക്കളടക്കം എല്ലാവരും വോട്ട് ചെയ്യണമെന്നും ടോവിനോ ആവശ്യപ്പെട്ടു.
വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനാണ് ദേശീയ സമ്മതിദാന ദിനം ആഘോഷിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. യുവാക്കളുടെ വോട്ടിംഗ് ശതമാനം കുറവാണെന്നത് വലിയ വെല്ലുവിളിയാണ്. 35 വയസില്‍ താഴെയുള്ളവരാണ് രാജ്യത്തെ ജനസംഖ്യയുടെ 60-65%. ജനാധിപത്യത്തിന്റെ ഭാവി യുവാക്കളുടെ കൈകളിലാണ്. അതിനാല്‍ ആഗോള തലത്തില്‍ സൂപ്പര്‍ പവറായി രാജ്യം വളരുമ്പോള്‍ നാടിനെ നയിക്കേണ്ട യുവാക്കള്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടു നില്‍ക്കരുതെന്നും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
ചടങ്ങില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ ദേശീയ സമ്മതിദാന സന്ദേശ വീഡിയോ പ്രദര്‍ശിപ്പിച്ചു. ടൊവീനോ തോമസ് ദേശീയ സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മികച്ച ജില്ലാ ഇലക്ഷന് ഓഫീസര്‍മാര്‍ക്കുള്ള പുരസ്കാരം ചടങ്ങില്‍ വിതരണം ചെയ്തു. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ, മലപ്പുറം ജില്ലാ കളക്ടര്‍ വി. ആര് വിനോദ്, കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. തൃശൂര്‍ കളക്ടര്‍ കൃഷ്ണ തേജയുടെയും കോഴിക്കോട് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെയും അഭാവത്തില്‍ യഥാക്രമം സബ് കളക്ടര്‍മാരായ മുഹമ്മദ് ഷെഫീഖ്, ഹര്‍ഷില്‍ ആര് മീണ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]