
മുംബൈ: ഇന്ത്യ എ ടീമിന് വേണ്ടി സെഞ്ചുറിയ സര്‍ഫറാസ് ഖാന് പിന്നാലെ സഹോദരന് മുഷീര്‍ ഖാനും സെഞ്ചുറി. അണ്ടര്‍ 19 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തിലാണ് മൂഷീര്‍ സെഞ്ചുറി നേടിയത്. മുഷീറിന്റെ ഇന്നിംഗ്സിന്റെ കരുത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യന്‍ കൗമാരപ്പട ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സ് നേടി. മൂന്നാമനായി ക്രീസിലെത്തിയ മുഷീര്‍ 106 പന്തില്‍ 118 റണ്‍സാണ് നേടിയത്. ഇതില്‍ നാല് സിക്സും ഒമ്പത് ഫോറുമുണ്ടായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 17 റണ്‍സെടുത്ത ആദര്‍ഷ് സിംഗാണ് ആദ്യം പുറത്തായത്. സ്കോര്‍ 80ല്‍ നില്‍ക്കെ ആര്ഷിന് കുല്‍ക്കര്‍ണിയും (32) മടങ്ങി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മുഷീര്‍ – ഉദയ് സഹാരണ്‍ (75) സഖ്യമാണ് ഇന്ത്യയുടെ ഇന്നിംഗ്സ് നിയന്ത്രിച്ചത്. ഇരുവരും 156 റണ്‍സ് കൂട്ടിചേര്‍ത്തു. 45-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. സഹാരണ്‍ മടങ്ങി. 84 പന്തുകള്‍ നേരിട്ട താരം അഞ്ച് ബൗണ്ടറികള്‍ നേടിയിരുന്നു. 48-ാം ഓവറിലാണ് മുഷീര്‍ മടങ്ങുന്നത്. അരവെല്ലി അവാനിഷ് (22), പ്രിയാന്‍ഷു മൊലിയ (2), മുരുകന് അഭിഷേഖ് (0) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. സച്ചിന് ദാസ് (21) പുറത്താവാതെ നിന്നു.
സര്‍ഫറാസ് ഖാന് ഇംഗ്ലണ്ട് ലയണ്‍സിനെതിരെയാണ് സെഞ്ചുറി നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയണ്‍സ് 152 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ ഇന്ത്യ എ രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 391 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കല്‍ 126 പന്തില്‍ 105 റണ്‍സെടുത്തപ്പോള്‍ നാലാം നമ്പറില്‍ ക്രീസിലിറങ്ങിയ സര്‍ഫറാസ് 89 പന്തില്‍ സെഞ്ചുറിയിലെത്തി. 160 പന്തില്‍ 161 റണ്‍സടിച്ച സര്‍ഫറാസ് 15 ഫോറും അഞ്ച് സിക്സും പറത്തി. ഇന്ത്യ എക്കായി ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന് 58 റണ്‍സടിച്ചപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ 57 റണ്‍സടിച്ചു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് വിരാട് കോലി അവസാന നിമിഷം പിന്മാറിയപ്പോള് പകരം ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ചു കൂട്ടിയ സര്‍ഫറാസ് ടീമിലെത്തുമെന്നാണ് കരുതിയത്. എന്നാല്‍ സര്‍ഫറാസിന് പകരം രജത് പാടീദാറിനാണ് സെലക്ടര്‍മാര്‍ അവസരം നല്‍കിയത്.
Last Updated Jan 25, 2024, 6:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]