
തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ആക്രമണം നടത്തിയ കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. പൂവച്ചല്‍ ഇറയന്‍കോട് ജമാഅത്ത് പള്ളി ഹാളില്‍ വച്ച് നടന്ന വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം ഉണ്ടാക്കിയ യുവാക്കളാണ് അറസ്റ്റിലായത്. കാപ്പിക്കാട് പന്തടിക്കളം റോഡരികത്ത് വീട്ടില്‍ ഹക്കിം മന്‍സിലില്‍ അര്‍ഷാദ് എന്ന സദ്ദാം ഹുസൈന് (35), ഇയാളുടെ സഹോദരന് ഹക്കിം (39), സുഹൃത്ത് മുളമൂട് കുറകോണം റോഡില്‍ വലിയവിളയില്‍ വാടകക്ക് താമസിക്കുന്ന സജീര്‍ഖാന്‍ (23) എന്നിവരാണ് പിടിയിലായത്. സംഘത്തില്‍പ്പെട്ട മൂന്നു പേര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കാപ്പിക്കാട് പന്തടിക്കളം ഷമീര്‍ മന്‍സിലില്‍ ഷഹീറിന്റെ പരാതിയിലാണ് അറസ്റ്റ്. ഷഹീറിന്റെ സഹോദരിയെ സദ്ദാം ഹുസൈന് മര്‍ദ്ദിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ആക്രമണത്തില്‍ പരുക്കേറ്റവര്‍ ഇപ്പോഴും ചികിത്സ തുടരുകയാണ്. വധുവിന്റെ പിതാവ് ബാദുഷയ്ക്ക് (46) തലയിലാണ് വെട്ടേറ്റത്. ഷഹീറിന് (48) തലയുടെ പിന്നിലും നെഞ്ചിലും വെട്ടേറ്റു. ഇയാളുടെ അനുജന് ഹാജക്കും (32) മര്‍ദ്ദനമേറ്റു. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ വധുവിന്റെ മാതാവ് റഷീദ് ബീവിക്കും മര്‍ദ്ദനമേറ്റു. ഷഹീറിന്റെ ഭാര്യയുടെ ഇടതു തോളില്‍ അടിയേറ്റത്തിനെ തുടര്‍ന്ന് പരുക്ക് ഉണ്ട്. ഇവരുടെ എട്ടു വയസുള്ള കുഞ്ഞിനെ പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് അടുത്ത പുരയിടത്തിലേക്ക് എറിഞ്ഞതായും ആരോപണമുണ്ട്. ഷഹീറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിളപ്പില്‍ശാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പല ജില്ലകളിലായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു പ്രതികള്‍ പിടിയിലായത്.
വിളപ്പില്‍ശാല പൊലീസ് ഇന്‍സ്പെക്ടര്‍ സ്റ്റേഷന് ഹൗസ് ഓഫീസറായ എന്‍.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ ആശിഷ്, ബൈജു, സി.പി.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.
Last Updated Jan 25, 2024, 9:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]