
പത്തനംതിട്ട:എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമെറ്റെന്നു പരാതി നൽകിയ പത്തനംതിട്ട മൗണ്ട് സിയോൺ കോളേജിലെ നിയമവിദ്യാർത്ഥിനി പോലീസിന് എതിരെ കോടതിയിലേക്ക്. മർദിച്ചവർക്ക് എതിരെ നിസ്സാര വകുപ്പുകൾ ചുമത്തിയ ആറന്മുള പൊലീസ് കേസ് അന്വേഷണത്തിൽ ബോധപൂർവ്വം വീഴ്ചവരുത്തിയെന്നുവെന്നാണ് ആക്ഷേപം. പരാതിക്കാരിക്ക് എതിരെ തുടർച്ചയായി കേസുകൾ എടുത്തതിൽ ഡിജിപി ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിരുന്നു.
മർദ്ദനത്തിൽ പരിക്കേറ്റതിന്റെ ചികിത്സരേഖകൾ അടക്കം പൊലീസിന് കിട്ടിയിട്ടും നിസ്സാര വകുപ്പുകൾ മാത്രമാണ് പ്രതികളായ എസ്എഫ്ഐ നേതാക്കൾക്കെതിരെ ചുമത്തിയത്. പരാതി കിട്ടി മൂന്ന് ദിവസത്തിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മാത്രമല്ല, ആറന്മുള പൊലീസ് മോശമായി പെരുമാറി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ബുധനാഴ്ച പത്തനംതിട്ട കോടതിയെ സമീപിക്കാനാണ് നിയമവിദ്യാർത്ഥിനിയുടെ തീരുമാനം. നിലവിൽ കേസിൽ ഒന്നാംപ്രതിയായ എസ്എഫ്ഐ നേതാവ് ജെയ്സൺ ജോസഫിന് മൗണ്ട് സിയോൺ ലോ കോളേജിൽ ക്ലാസിൽ കയറുന്നതിനൊഴികെ ഹൈക്കോടതി വിലക്ക് ഉണ്ടെന്ന് പരാതിക്കാരി പറയുന്നു. കോളേജിലെ മുൻ പ്രിനസിപ്പലിന്റെ ഹർജിയിൽ നിലനിൽക്കുന്ന ഇടക്കാല ഉത്തരവ് ലംഘിച്ചാണ് ക്യാമ്പസിൽ ജെയ്സൺ വന്നതെന്നും തന്നെ മർദ്ദിച്ചതെന്നും വിദ്യാർത്ഥിനി പറയുന്നു.
മർദ്ദനമേറ്റ വിദ്യാർത്ഥിനിയുടെ പരാതിയിൽ മൂന്ന് ദിവസം വൈകി കേസ് എടുത്ത ആറന്മുള പൊലീസ്, പരാതിക്കാരിക്കെതിരെ വളരെ വേഗം രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. സിപിഎം നിർദേശാനുസരണം പരാതിക്കാരിയെ അന്യായമായി കേസുകളിൽ കുടുക്കിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.മർദ്ദനമേറ്റ പെൺകുട്ടിയുടെ ആക്ഷേപങ്ങൾ കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർ നിഷേധിച്ചു. പരാതിക്കാരിയും അവരുടെ സുഹൃത്തുമാണ് കോളേജിൽ അക്രമം നടത്തിയതെന്നാണ് ഇവരുടെ വാദം. അതേസമയം, ആറന്മുള പൊലീസിന്റെ നടപടികളിൽ ഗുരുതര വീഴ്ച വന്നെന്ന ആക്ഷേപം ഏറെ ഗൗരവത്തോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കാണുന്നത്..
Last Updated Dec 25, 2023, 12:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]