
തിരുവനന്തപുരം: സ്നേഹത്തിന്റെയും സമാധാനത്തിന്രെയും ശാന്തിയുടേയും സന്ദേശം ഉൾക്കൊണ്ട് ഇന്ന് ക്രിസ്മസ്. ലോകമെങ്ങുമുള്ള പള്ളികളിൽ പ്രാര്‍ത്ഥനകൾ തുടരുന്നു. ലോകമെങ്ങുമുള്ള വിശ്വാസികൾ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം പാതിരാ കുര്‍ബാന അര്‍പ്പിച്ചു. ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാനത്ത് പലയിടത്തും ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങളിൽ സന്ദർശനം നടത്തി. ബിജെപി നേതാവ് വി വി രാജേഷ് തിരുവനന്തപുരം പാളയം പള്ളയിലെത്തി ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു. അതേസമയം കോൺഗ്രസ് നേതാവ് ശശി തരൂരും പാളയം പള്ളിയിൽ പ്രാര്‍ത്ഥനയിൽ പങ്കാളിയായി.
കേരളത്തിലെ വിശ്വാസികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകൾ നേര്‍ന്നു. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു- എന്ന് മുഖ്യമന്ത്രി ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും വിശ്വാസികൾക്ക് ആശംസ അര്‍പ്പിച്ചു. ത്യാഗത്തിന്റെ പര്യായമാണ് ക്രിസ്തു. സഹനത്തിന്റേയും ദുരിതത്തിന്റേയും കനൽ വഴികൾ താണ്ടി മനുഷ്യന്റെ പാപത്തിന് മോചനമുണ്ടാക്കാൻ ക്രിസ്തു ദേവൻ നടത്തിയ ശ്രമങ്ങളും അദ്ദേഹത്തിന്റെ വാക്കുകളും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റയും അർത്ഥതലങ്ങൾ നമ്മളെ ബോധ്യപ്പെടുത്തുന്നു. പീഡാനുഭവത്തിനും കുരിശ് മരണത്തിനും ശേഷം ഉയർത്തെഴുന്നേൽപ്പുണ്ടായത് പോലെ എല്ലാ ക്ലേശങ്ങളും സങ്കടങ്ങളും കഴിഞ്ഞ് ജീവിതത്തിന്റെ സന്തോഷ തുരുത്തിലേക്ക് തിരിച്ചു വരാമെന്ന ആത്മവിശ്വാസം നമുക്കുണ്ടാകണം. അന്ധകാരം നിറഞ്ഞ കെട്ട കാലത്ത് നമ്മുടെ മനസിലേക്കും ലോകത്തിലേക്കും ക്രിസ്തു വെളിച്ചമായി. സ്നേഹത്തിന്റെ പുതിയ വഴിത്താരകൾ ഉണ്ടാക്കാൻ, സ്നേഹം കൊണ്ട് എല്ലാവരേയും ജയിക്കാൻ ക്രിസ്തുമസ് ആലോഷങ്ങളിലൂടെ കഴിയട്ടെയെന്ന് ആശംസിക്കുന്നു. എല്ലാവർക്കും ഊഷ്മളമായ ക്രിസ്തുമസ് ആശംസകൾ- എന്ന് അദ്ദേഹം ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയുടെ വസതിയിൽ നാളെ ക്രിസ്തുമസ് ആഘോഷം നടക്കും. നാളെ 12.30 -നാണ് മോദി വിരുന്നൊരുക്കുന്നത്. മതമേലധ്യക്ഷന്മാരും ക്രൈസ്തവ സമുദായത്തിലെ പ്രമുഖരും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളുടേയും പ്രവർത്തകരുടേയും ക്രൈസ്തവ ഭവന സന്ദര്‍ശനം 21ന് തുടങ്ങിയിരുന്നു.
Last Updated Dec 25, 2023, 1:06 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]