
പത്തനംതിട്ട: വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലടക്കം ആരോപണ വിധേയനായ സിപിഎം തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോനെ പാർട്ടി ഒടുവിൽ പുറത്താക്കി. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. ഏറെക്കാലമായി ഗൗരവമേറിയ പരാതികൾ വന്നിട്ടും പത്തനംതിട്ട സിപിഎമ്മിലെ ചില മുതിർന്ന നേതാക്കളുടെ പിന്തുണയിലാണ് സജിമോൻ പാർട്ടി നേതൃസ്ഥാനങ്ങളിൽ തുടർന്നത്.
2018-ലാണ് ഏറെ ഗുരുതരമായ കേസിൽ സി.സി. സജിമോൻ പ്രതിയാകുന്നത്. വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും, കേസിലെ ഡിഎൻഎ പരിശോധന അട്ടിമറിച്ചെന്നുമാണ് സജിമോനെതിരെ ഉയർന്ന പരാതി. സംഭവം വിവാദമായതോടെ അന്വേഷണ വിധേയമായി സജിമോനെ അന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ വീണ്ടും പാർട്ടി ചുമതലകളിൽ ഇയാൾ തിരിച്ചെത്തി. 2021 ലാണ് അടുത്ത പരാതി ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയത്. സിപിഎം വനിത നേതാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ പൊലീസിന്റെയോ പാർട്ടിയുടെയോ അന്വേഷണം കാര്യമായി നടന്നില്ല. മാത്രമല്ല, പരാതിക്കാരിക്കെതിരെ സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി നടപടിയെടുക്കുകയും ചെയ്തു.
പാർട്ടിയിലെ വിഭാഗീയ പ്രശ്നങ്ങളിൽ പല നേതാക്കൾക്കൊപ്പവും തരംപോലെ കളംമാറി ചവിട്ടുന്ന സജിമോനെ സംരക്ഷിക്കാൻ എക്കാലവും മുതിർന്ന നേതാക്കളുണ്ടായിരുന്നു. എന്നാൽ അടുത്തിടെ സജിമോനെതിരെ സംസ്ഥാന നേതൃത്വത്തിന് എണ്ണമറ്റ പരാതികൾ കിട്ടി. മാത്രമല്ല ഡിഎൻഎ പരിശോധന ഫലം അട്ടിമറിച്ച കേസ് വിചാരണഘട്ടത്തിലേക്കും നീങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തിന് വഴങ്ങേണ്ടിവന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത നേതൃയോഗമാണ് സി.സി. സജിമോനെ പുറത്താക്കാൻ തീരുമാനിച്ചത്.
Last Updated Dec 24, 2023, 8:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]