
ദുബൈ: ഒരു റീചാർജ്, അല്ലെങ്കിൽ ഒരു ഓൺലൈൻ ഡെലിവറി, അതുമല്ലെങ്കിൽ കൊറിയർ, ഏതു രൂപത്തിലും നമ്മുടെ പണം തട്ടാൻ തട്ടിപ്പുകാരെത്തിയേക്കും. ഐശ്വര്യയെന്ന പ്രവാസി യുവതിയുടെ 8300 ദിർഹം ഒരൊറ്റ റീചാർജിലൂടെ തട്ടിയെടുത്ത സംഭവം കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. വ്യാജ ലിങ്കുകൾ വഴിയായിരുന്നു ഈ തട്ടിപ്പ് നടന്നത്.
ജോലിത്തിരക്കിനിടയിൽ 20 ദിർഹം മൊബൈൽ ഫോൺ റീചാർജ്ജ് ചെയ്തതായിരുന്ന ഐശ്വര്യ. ഓൺലൈൻ വഴി. ലിങ്കിൽ കയറി ബാങ്ക് വിവരങ്ങൾ നൽകി. റീചാർജും ചെയ്തു. പക്ഷെ പ്രശ്നം തുടങ്ങുന്നത് പുതിയൊരു മെസേജ് വന്നതിലൂടെയായിരുന്നു. ജോലിത്തിരക്കിനിടയിൽ പെട്ടെന്ന് മൊബൈൽ ഫോൺ ഓൺലൈനായി റീചാർജ് ചെയ്യാൻ ലിങ്ക് തുറന്നു ഐശ്വര്യ. റീച്ചാർജ് ചെയ്യാനുള്ള ലിങ്ക് വഴി കാർഡ് വിവരങ്ങൾ നൽകിയത് വരെ കൃത്യമായിരുന്നു, പിന്നീടാണ് തട്ടിപ്പ്. വ്യാജ ലിങ്ക് വഴി ഡാറ്റ ചോർത്തി, തേഡ് പാർട്ടി വാലറ്റിലേക്ക് പണം മുഴുവൻ മാറ്റിയാണ് തട്ടിപ്പ് നടന്നത്.
സെപ്തംബറിലായിരുന്നു സംഭവം. ഒരു വ്യാഴാഴ്ച്ച ചെയ്ത റീച്ചാർജിലെ യഥാർത്ഥ അപകടം മറനീങ്ങിയത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ്. ചോർത്തിയെടുത്ത ബാങ്ക് വിവരങ്ങൾ ഉപയോഗിച്ച് രണ്ടു തവണയായാണ് തട്ടിപ്പുകാർ പണം പിൻവലിച്ചത്. പോയത് 8300 ദിർഹം. അക്കൗണ്ടിലെ പണം തീർന്നിട്ടും പിന്നെയും പണം പിൻവലിക്കാൻ ശ്രമിച്ച്, ട്രാൻസാക്ഷൻ നിരസിക്കപ്പെട്ടതിന്റെ മെസേജ് വന്നതോടെയാണ് ഐശ്വര്യ അപകടം മനസ്സിലാക്കിയത്.
ബാങ്കിനെ അറിയിച്ച് കാർഡ് ബ്ലോക്ക് ചെയ്യുന്നതുൾപ്പടെ ഉടനെ ചെയ്തെങ്കിലും തട്ടിപ്പ് നടന്നുകഴിഞ്ഞിരുന്നു. ക്രെഡിറ്റ് കാര്‍ഡിൽ മക്കളുടെ പഠനത്തിനായി ലോണെടുത്ത്, മാസ തവണകളായി അടച്ചു തീർത്ത് നിലനിർത്തിയ ക്രെഡിറ്റ് ലിമിറ്റിൽ നിന്നാണ് ഐശ്വര്യയ്ക്ക് പണം നഷ്ടമായത്. പൊലീസിൽ പരാതി നൽകി അന്വേഷണവും നടക്കുന്നുണ്ട്. എഐ കൂടി ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടി വരുന്നതോടെ കർശന ജാഗ്രതാ നിർദേശം പൊലീസ് എപ്പോഴും നൽകിവരുന്നുണ്ട്. ഓൺലൈൻ ഇടപാടുകളിൽ അതീവ ജാഗ്രത വേണമെന്നാണ് നിർദേശം. റീചാർജ് ചെയ്യുമ്പോൾ കമ്പനികളുടെ ലോഗോ ഉൾപ്പെടെ വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ എന്നിവ ഒറിജിനലിനെ വെല്ലുന്ന തരത്തിൽ വ്യാജമായി സൃഷ്ടിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്നും പൊലീസ് ഓര്‍മിപ്പിക്കുന്നു.
പണം നഷ്ടപ്പെട്ടാൽ നിരാശരാകാതെ നിയമപോരാട്ടം നടത്തണമെന്നും നിയമരംഗത്തുള്ളവർ പറയുന്നു. അതു തന്നെയാണ് ഐശ്വര്യയുടെയും തീരുമാനം. പോയ കാശ് പോട്ടെന്ന് വയ്ക്കാൻ അവര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഐശ്വര്യ ഉറച്ചുപറയുന്നു. ഇൻഷുറൻസ് ഉൾപ്പടെ ഭാവിയിൽ നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യതയിലേക്കും ഇവർ വിരൽ ചൂണ്ടുന്നു. തട്ടിപ്പുകാരെയും വെല്ലുന്ന ബുദ്ധിയും ജാഗ്രതയും ഓരോ ഓൺലൈൻ ഇടപാടുകളിലും വേണമെന്ന ചുരുക്കമാണ് ഇവരെല്ലാം പങ്കുവയ്ക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]