
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടവേളയ്ക്ക് ശേഷം നിറഞ്ഞാടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. ഇതൊന്നും കണ്ട് ആരും ആവേശഭരിതരാവേണ്ടതില്ലെന്നത് വേറെ കാര്യം. ഇതിന് മുമ്പ് ഇതിലും തീവ്രവമായ രീതിയിൽ കേരള സർക്കാരിനെ അദ്ദേഹം പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കണ്ണൂർ വിസി നിയമന വിഷയം കത്തിനിന്നപ്പോൾ ഇതാ ലോകാവസനമായെന്ന് ധരിച്ച ശുദ്ധാത്മാക്കളുണ്ട്. എന്നിട്ടെന്തുണ്ടായി? മൂപ്പർ ഇന്ദ്രപ്രസ്ഥത്തിലേക്ക് പറക്കും. അവിടെ അജ്ഞാത ശക്തികൾ ഇടപെടും. ചൂടെല്ലാം തണുത്ത് ഖാൻ തിരിച്ചെത്തും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പെർഫോമൻസ് ബിലോ ആവറേജെന്ന് വിലയിരുത്തുന്നവർ പോലും ഈ കുഴപ്പത്തിനിടയ്ക്ക് അദ്ദേഹത്തിന്റേതായ ഒരു വിലയിരുത്തൽ ശ്രദ്ധിച്ചിരിക്കും. ഗവർണർ-മുഖ്യൻ-എസ്.എഫ്.ഐ തർക്കത്തിലൊന്നും ഞങ്ങൾക്ക് കാര്യമില്ല. നിങ്ങൾ അണ്ണനും തമ്പിയുമാണെന്ന് ആർക്കാണറിയാത്തതെന്നായിരുന്നു സതീശന്റെ ചോദ്യം. അതിൽ കാര്യമുണ്ടെന്ന് വേണം ധരിക്കാൻ. മുസ്്ലിം ലീഗ് നേതാവിന്റെ മകന്റെ കൺവെൻഷൻ സെന്ററിലെ കല്യാണച്ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീറും കേരള – ഗോവ ഗവർണറുമെല്ലാം അടുത്തടുത്തിരിക്കുന്നത് കണ്ടു. അല്ലെങ്കിലും ഇവരൊക്കെ ഉറ്റ മിത്രങ്ങളല്ലോ. ജലപീരങ്കിയൊക്കെ പാവം അനുയായികൾക്കല്ലേ. പരിണതപ്രജ്ഞനാണ് ഗവർണറെന്ന് ഷംസീർ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. രണ്ടാം എപ്പിസോഡിലും വെടിനിർത്തലിന് സമയമായെന്ന് വേണം ധരിക്കാൻ. സംഘി, സവർകർ എന്നിങ്ങനെ പല ടൈറ്റിലുകളും വിപ്ലവകാരികൾ ഖാന് നൽകിയിട്ടുണ്ട്. മഹാരാജാസ് കോളേജിലെ ബാനർ കണ്ട് സഹിക്ക വയ്യാതെ മുൻ പ്രിൻസിപ്പൽ പത്രാധിപർക്ക് കത്തയക്കുകയും ചെയ്തു. രാജീവ് ഗാന്ധി നാന്നൂറിലേറെ എം.പിമാരുടെ പിന്തുണയോടെ ഇന്ത്യ ഭരിച്ചപ്പോൾ കേന്ദ്ര മന്ത്രിയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. ഷാബാനു കേസിലെ വിധി വന്ന സാഹചര്യത്തിൽ പ്രതിഷേധ സൂചകമായി മന്ത്രിസ്ഥാനം രാജിവെച്ച് കോൺഗ്രസിനോട് സലാം പറഞ്ഞു.
ബഹുജൻ സമാജ് പാർട്ടി ഉൾപ്പെടെ പല വഴികൾ താണ്ടിയാണ് ഒടുവിൽ ബി.ജെ.പിയിലെത്തിയത്. രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച വേളയിൽ കോഴിക്കോട് മുതലക്കുളത്ത് സ്വീകരണമൊരുക്കിയത് സി.പി.എമ്മിന്റെ നേതൃത്വത്തിലാണെന്ന് പഴമക്കാർ പറയുന്നു. ലേറ്റസ്റ്റ് തർക്കത്തിന്റെ തിരുവനന്തപുരത്തെ തുടക്ക രംഗം ഗംഭീരമായി. തടയാനെത്തിയ എസ്.എഫ്.ഐക്കാരുടെ മുമ്പിൽ നെഞ്ചു വിരിച്ച് കാറിൽ നിന്ന് പുറത്തിറങ്ങിയ ഖാൻ മൾട്ടിപ്പിൾ ചങ്കനാണെന്ന് തെളിയിക്കുകയായിരുന്നു. അങ്ങാടി സിനിമയിലെ ജയനെ പോലെ യു കിരിമിനൽസ് എന്ന പ്രയോഗത്തിലൂടെ കേരളത്തെ കൈയിലെടുത്തു.
എന്നാൽ കണ്ണൂർ ജില്ലയെ ക്രിമിനലുകളുടെ ജില്ലയായി അധിക്ഷേപിച്ചത് ഒട്ടും ശരിയല്ല. ഇതാരാണ് ഇത്തരം വിവരക്കേടുകൾ മൂപ്പരെ ധരിപ്പിച്ചത്? ഇപ്പോഴത്തെ അഡ്ജസ്്റ്റ്മെന്റ് രാഷ്ട്രീയക്കാർ അവരുടെ വിദൂര സ്വപ്നങ്ങൾക്ക് പശ്ചാത്തലമൊരുക്കാൻ കഴിഞ്ഞ നാല് ദശകത്തോളമായി കുറെ പാവങ്ങളെ വക വരുത്തിയെന്നത് നേര്. എന്നാൽ അതിനപ്പുറമൊരു ചരിത്രമുണ്ടല്ലോ കണ്ണൂർ ജില്ലയ്ക്ക്. കേരളത്തിലെ ആദ്യ രണ്ട് നഗരസഭകൾ (നൂറ്റാണ്ട് പിന്നിട്ട) -തലശ്ശേരിയും കണ്ണൂരും ജില്ലയിലാണ്. സാംസ്കാരിക കേരളത്തിന് ആവേശം പകരുന്ന പലതിന്റെയും തുടക്കം. പാവങ്ങളുടെ പടത്തലവൻ എ.കെ.ജിയുടെ ജന്മദേശം, ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച ഗ്രാമം, ആദ്യ മലയാള പത്രം, നിഘണ്ടു, നോവൽ എന്നിങ്ങനെ പോകുന്നു പട്ടിക. ബ്രിട്ടീഷ് മലബാറിലെ ഭരണ സിരാകേന്ദ്രം. ബൈ സെന്റിനറി ആഘോഷിച്ച കോടതികൾ, സർക്കസ് കലയുടെ ഈറ്റില്ലം, 140 വർഷം മുമ്പ് ബ്രിട്ടീഷ് സായിപ്പിന് മമ്പള്ളി ബാപ്പു കേക്കുണ്ടാക്കിയ നാട്, രുചിപ്പെരുമയുടേയും ക്രിക്കറ്റിന്റേയും സ്വന്തം തലശ്ശേരി. ഇതൊന്നും ഗവർണർജിക്ക് ആരും ബ്രീഫ് ചെയ്തു കൊടുത്തിട്ടില്ലേ? തലശ്ശേരി ബിരിയാണിയുടെ മഹത്വമറിഞ്ഞാൽ മൂപ്പര് അങ്ങോട്ടേക്കായിരിക്കും വണ്ടി വിടുക.
പാണക്കാട് കുടുംബത്തിലെ കല്യാണത്തിൽ പങ്കെടുക്കാനാണ് ദൽഹിയിൽ നിന്ന് മുംബൈ വഴി കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി ഖാൻ തേഞ്ഞിപ്പലത്ത് സർവകലാശാല ഗസ്റ്റ് ഹൗസിലെത്തിയത്. രഹസ്യമൊന്നുമല്ല യാത്രാ പരിപാടി. വൈകിട്ട് ആറിന് കാലിക്കറ്റ് എയർപോർട്ടിൽ ലാൻഡ് ചെയ്യുമെന്ന് അറിയിപ്പിൽ വ്യക്തമായി പറഞ്ഞിരുന്നു. ഗവർണറെ കാമ്പസിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച എസ്.എഫ്.ഐ നാല് മണിക്ക് തന്നെ പ്രതിഷേധിക്കാനെത്തി. ആർഷോ ഫോർ ഷോ ആയെന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം. തുക്കുട വാവകളെ പോലീസ് സാന്ത്വനപ്പെടുത്തി മയക്കി കൊണ്ടുപോകുന്നതും പലരും ചിത്ര സഹിതം ആവിഷ്കരിക്കുന്നതും കണ്ടു. അപ്രിയ സത്യങ്ങൾ പുറത്തു കൊണ്ടുവരുന്ന ജേണലിസ്റ്റുകളെ മാപ്രയെന്ന് വിൡച്ച് അധിക്ഷേപിച്ച് സായൂജ്യമടയാം. എന്നാൽ സോഷ്യൽ മീഡിയയെ തൊടാൻ കഴിയില്ലല്ലോ.
കോഴിക്കോട്ടെ കല്യാണം പ്രമാണിച്ച് ഞായറാഴ്ച പ്രതിഷേധത്തിന് അവധി നൽകി. മൂന്നാം നാൾ തിങ്കളാഴ്ചയാണ് ഖാന്റെ കാലിക്കറ്റ് മാർക്കറ്റ് വിസിറ്റ്. അതും നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം. പ്രതിഷേധക്കാരെ വെല്ലുവിളിച്ചാണ് ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറയിലെത്തിയത്. തുടർന്ന് മിഠായി തെരുവിലൂടെ നടന്നു. തനിക്ക് പോലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് എത്തിയത്. സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിരുന്നു. മിഠായി തെരുവിലിറങ്ങിയ ഗവർണർ കോഴിക്കോട് ഹലുവ രുചിച്ചും ജനങ്ങൾക്കൊപ്പം ഫോട്ടോയെടുത്തുമാണ് മടങ്ങിയത്. കേരള പോലീസ് രാജ്യത്ത് തന്നെ ഏറ്റവും മികച്ച സേനയാണ്. എന്നാൽ അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ഗവർണർ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മൂന്നിടത്ത് അതിക്രമമുണ്ടായി. അവസാനം കാർ നിർത്തി ഇറങ്ങിയപ്പോൾ മാത്രമാണ് പോലീസ് നടപടിക്ക് തയാറായത്. കേരളത്തിലെ ജനങ്ങളിൽനിന്ന് തനിക്ക് ഭീഷണിയില്ല. കേരളത്തിലെ ജനങ്ങൾക്ക് തന്നോട് ഇഷ്ടമാണ്, ബഹുമാനമാണ്.
കണ്ണൂരിലെ ആക്രമങ്ങൾക്ക് ആരാണ് ഉത്തരവാദി? ജനങ്ങളെ ഭയപ്പെടുത്താമെന്ന് കരുതുന്ന അതേ വ്യക്തി തന്നെയാണ് എല്ലാ അക്രമങ്ങൾക്കും പിന്നിലെന്നായിരുന്നു പേരെടുത്ത് പറയാതെയുളള വിമർശനം. പ്രതിഷേധിക്കുന്ന എസ്എഫ്ഐക്കാർ വിദ്യാർഥികൾ അല്ല. സർവകലാശാലകളിലെ കാർപെന്റർ തസ്തികയിൽ പോലും സ്വന്തക്കാരെ തിരുകിക്കയറ്റുകയാണ് സിപിഎം. സുപ്രീം കോടതി വിധിയോടെ സർവകലാശാലകളിൽ സ്വന്തം ഇഷ്ടം നടപ്പാക്കാൻ ആകില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു. എൽസിയും എസിയും ഡിസിയും തരുന്ന കത്ത് പ്രകാരം ആളുകളെ നിയമിക്കുന്നതിന് പകരം കാര്യാലയത്തിൽ നിന്ന് നിർദേശിക്കുന്നവരെ ഉൾപ്പെടുത്തിയാൽ അതെങ്ങനെ ശരിയാവും? സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കലാണ് തന്റെ ദൗത്യം -അദ്ദേഹം നയം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചതായും വിവരമുണ്ട്.
*** *** ***
മലയാളത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ ഹിറ്റുകൾ നൽകിയ താരമേതെന്ന് ചോദിച്ചാൽ കണ്ണടച്ച് പറയാനാകും മമ്മൂട്ടിയെന്ന്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, ഏറ്റവും ഒടുവിലിറങ്ങിയ കാതൽ എന്നിങ്ങനെ നീളുന്നു ഹിറ്റുകളുടെ പട്ടിക. അപ്പോഴും മോളിവുഡ് ബോക്സോഫീസിലെ മിക്ക റെക്കോഡുകളും ഇപ്പോഴും സൂപ്പർ താരം മോഹൻലാലിന്റെ പേരിൽ തന്നെയാണ്. മലയാളത്തിൽ ആദ്യമായി 150 കോടി കലക്ഷൻ വാങ്ങിയ സിനിമയടക്കം ഇക്കൂട്ടത്തിൽ പെടും. പ്രതിഫലക്കണക്ക് നോക്കിയാലും മമ്മൂട്ടിയല്ല, മോഹൻലാൽ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഒരു സിനിമയ്ക്ക് ഏകദേശം 20 കോടി വരെയാണ് അദ്ദേഹം പ്രതിഫലമായി കൈപ്പറ്റുന്നതെന്നാണ് ഐഎംഡിബി റിപ്പോർട്ടിൽ പറയുന്നത്. മറ്റ് ഭാഷാ ചിത്രങ്ങൾക്ക് മോഹൻലാൽ എട്ട് കോടി വരെ വാങ്ങാറുള്ളതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബിഗ് ബോസ് എന്ന ടിവി റിയാലിറ്റി ഷോയിൽ അവതാരകനാകാനും മോഹൻലാൽ കോടികളാണ് വാങ്ങുന്നത്. രണ്ടാം സീസൺ വരെ 12 കോടിയാണ് വാങ്ങിയിരുന്നതെങ്കിൽ ഏറ്റവും ഒടുവിലെ സീസണായി 18 കോടിയാണ് അദ്ദേഹം വാങ്ങിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
2023 ൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ താരം ദുൽഖർ സൽമാനാണ്. വമ്പൻ പ്രതിഫലമാണ് ദുൽഖർ കൈപ്പറ്റിയതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഒരു ചിത്രത്തിനായി ദുൽഖർ 10 കോടി വരെ പ്രതിഫലം വാങ്ങിയിട്ടുണ്ടത്രേ. ഓരോ ഭാഷകളിലും ഇത് വ്യത്യാസപ്പെടും. സിനിമയിൽ നിന്ന് മാത്രമല്ല പരസ്യ ചിത്രങ്ങളിലൂടെയും ദുൽഖർ സൽമാന് ഉയർന്ന വരുമാനം ലഭിക്കുന്നുണ്ട്. വേഫെറർ വിലിം എന്ന പ്രൊഡക്ഷൻ കമ്പനിയിലൂടെ താരം സിനിമ നിർമാണ രംഗത്തേക്കും കടന്നിരിക്കുകയാണ്.
*** *** ***
മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം കൊച്ചിയിൽ സംഘടിപ്പിച്ചു. ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ തന്റെ മനസ്സിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്, ‘എനിക്കെന്റെ പിള്ളേരുണ്ടെടാ’…എന്ന മോഹൻലാലിന്റെ വാക്കുകൾ ആവേശത്തോടെയാണ് ഫാൻസ് ഏറ്റെടുത്തത്.
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ നടുവിൽ നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് മോഹൻലാൽ പറഞ്ഞു.
‘ഞാനുണ്ട് ഏട്ടാ കൂടെ’ എന്ന് ഒരായിരം പേർ ഒന്നിച്ചുപറയുമ്പോൾ കിട്ടുന്ന ആഹ്ലാദവും ആത്മവിശ്വാസവും മറ്റൊന്നിനും പകർന്നു തരാനാകില്ല. നേരിൽ കാണുമ്പോൾ ഒന്നിച്ചൊരു ഫോട്ടോ അല്ലാതെ മറ്റൊന്നും ആവശ്യപ്പെടാറില്ല, സ്നേഹമില്ലാതെ മറ്റൊന്നും നിങ്ങൾ ആഗ്രഹിക്കുന്നുമില്ല.
ഒരു നടനെന്ന നിലയിൽ ഇതിൽ കൂടുതൽ എന്താണ് എനിക്ക് വേണ്ടത്? കഴിഞ്ഞ 43 വർഷത്തിനിടെ മലയാളികളുടെ മനസ്സിൽ പ്രിയപ്പെട്ട ഒരു സ്ഥാനം നേടാനായത് നിങ്ങൾ ഓരോരുത്തരുടെയും സ്നേഹം കൊണ്ടും പ്രാർഥന കൊണ്ടും മാത്രമാണെന്നും മോഹൻലാൽ പറഞ്ഞു. നെടുമ്പാശ്ശേരി സിയാൽ കൺവെഷൻ സെന്ററിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
തന്റെ ഫാൻസ് അസോസിയേഷനോട് അന്ന് വെച്ച ഏക നിബന്ധന മത്സരം പാടില്ല എന്നത് ആയിരുന്നുവെന്ന് മോഹൻലാൽ വ്യക്തമാക്കി. പ്രിയപ്പെട്ട മമ്മൂട്ടിക്ക് എന്റെ സിനിമ യാത്രയിൽ വലിയ സ്ഥാനമാണ്. സംഘടന ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയാണ്. നന്നായി പോകുന്നത് അദ്ദേഹത്തിന്റെ ഗുരുത്വമാണെന്ന് പറഞ്ഞ മോഹൻലാൽ ഒരുമിച്ച് നിൽക്കുമ്പോഴാണ് വളരാനാകുക എന്നും ചടങ്ങിൽ വ്യക്തമാക്കി.
*** *** ***
നടൻ നാഗചൈതന്യയുമായുള്ള വിവാഹ മോചന ശേഷം നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോയ നടിയാണ് സമാന്ത റൂത്ത് പ്രഭു. ഇനി ജീവിതത്തിൽ ഒന്നിച്ചില്ല എന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുമ്പോൾ ആരാധകർക്കും ആഘാതമായി. അതിനു ശേഷമുള്ള സമാന്തയെ ഏവരും കണ്ടു. എല്ലാം പഴയതു പോലെയായി എന്ന് പറയാൻ സമാന്ത തയാറല്ല. വെല്ലുവിളികൾ ഏതെല്ലാം, നേട്ടങ്ങൾ എന്തെല്ലാം എന്ന് അവർ അക്കമിട്ടു പറയാൻ തയാറായി. ഇതിനിടെ സമാന്തയുടെ പുനർവിവാഹ വാർത്തകൾ പലയിടത്തും പ്രചരിച്ചു. പറഞ്ഞു കേട്ടതിൽ ഒരു നടന്റെ പേരും ഉണ്ടായി.
നാഗ ചൈതന്യയുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലെന്നും വിവാഹം ഉടനെ ഉണ്ടാവും എന്നെല്ലാം റിപ്പോർട്ടുകൾ പുറത്തു വന്നു. വിദേശത്ത് ഇരുവരെയും ഒന്നിച്ചു കണ്ടിടത്താണ് ഊഹാപോഹങ്ങളുടെ തുടക്കം. നടൻ വിജയ് ദേവരകൊണ്ടയും സമാന്തയും പ്രണയത്തിൽ എന്നാണ് ഏറ്റവും പുതിയ കിംവദന്തി. ‘ഖുശി’ എന്ന സിനിമയിൽ നായികയും നായകനുമായി അഭിനയിച്ചത് ഇവർ രണ്ടു പേരുമായിരുന്നു. ഇതിലൊന്നും സമാന്ത പ്രതികരിക്കാൻ തയാറല്ല.
ഇൻസ്റ്റഗ്രാം ചോദ്യോത്തര വേളയിൽ ഒരാൾ ചോദിച്ച ചോദ്യവും ഇതു തന്നെയാണ്. വീണ്ടും വിവാഹം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. സമാന്ത മറുപടി പറഞ്ഞു. കണക്കുകൾ പ്രകാരം പുനർവിവാഹം ‘ഒരു മോശം നിക്ഷേപം’ എന്ന അഭിപ്രായക്കാരിയാണ് സമാന്ത. ശേഷം ചില കണക്കുകൾ സമാന്ത നിരത്തുന്നു. 2023 ലെ കണക്കു പ്രകാരം, ആദ്യ വിവാഹത്തിൽ വിവാഹമോചന സാധ്യത 50 ശതമാനം ആണെന്ന് നടി. രണ്ടാം വിവാഹത്തിലെ വിവാഹമോചന സാധ്യത 67 ശതമാനം എന്നും മൂന്നാം വിവാഹത്തിലേത് 73 ശതമാനമെന്നും സമാന്ത.
*** *** ***
ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട ഇൻസ്റ്റഗ്രാം റീൽ എന്ന റെക്കോഡ് നേട്ടവുമായി അരീക്കോട് മങ്കട സ്വദേശി മുഹമ്മദ് റിസ്വാൻ. റിസ്വാൻ നവംബർ 18 ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായത്. കേരളാകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബോൾ അടിച്ചുവിടുന്ന 30 സെക്കന്റുകളുടെ വീഡിയോ ഇതിനോടകം കണ്ടത് 36.7 കോടി ആളുകളാണ്. ആദ്യ ദിനം തന്നെ വിഡിയോ കണ്ടത് ഒരു മില്യൺ ആളുകളാണ്. ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇൻസ്റ്റഗ്രാം റീൽ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ നിലവിൽ കാണുന്നത് ഇറ്റലിക്കാരനായ കാബിയുടെ ഫുട്ബോൾ ലേൺ ഫ്രം കാബി എന്ന റീൽ ആണ്. ആ സ്ഥാനേത്തക്കാണ് ഈ മലപ്പുറത്തുകാരൻ പന്തടിച്ചു വിട്ടത്. മങ്കട സ്വദേശി അബ്ദുൽ മജീദിന്റെയും മൈമൂനയുടെയും മകനാണ് മുഹമ്മദ് റിസ്വാൻ. പെരുങ്കടവ് പാലത്തിൽ കയറിയിരുന്ന് പന്തു തട്ടുന്ന റിസ്വാന്റെ ഇൻസ്റ്റഗ്രാം റീൽ വൻ ഹിറ്റായിരുന്നു. മൊബൈൽ പോലെ തന്നെ എപ്പോഴും കൈയിൽ കരുതുന്ന ഒന്നാണ് ഫുട്ബോൾ. പന്ത് റിബൈൺസ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് വെള്ളച്ചാട്ടത്തിലേക്ക് അടിച്ചത്. പന്ത് നഷ്ടപ്പെട്ട സങ്കടത്തിലായിരുന്നു ആദ്യം. എന്നാൽ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ആദ്യമായാണ് തന്റെ ഒരു വീഡിയോ മില്യൺ കടക്കുന്നതെന്നും റിസ്വാൻ പറഞ്ഞു. മൂന്ന് വർഷം മുൻപ് യുട്യൂബ് വീഡിയോകളുടെ സഹായത്തോടെയാണ് റിസ്വാൻ ഫുട്ബോൾ ഫ്രീസ്റ്റൈൽ പരിചയപ്പെടുന്നത്.
*** *** ***
ഫോൺ ഹാക്കിംഗിന് ഇരയായ ഹാരിക്ക് പത്രം 1.40 ലക്ഷം പൗണ്ട് നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി. മിറർ ഗ്രൂപ്പ് ന്യൂസ്പേപ്പറുകൾക്ക് എതിരായ ഫോൺ ഹാക്കിംഗ് കേസിൽ ഹാരിയക്കാണ് ജയം. ഹാരിയുടെ ഫോൺ ഹാക്കിംഗ് ചെയ്യുന്ന വിവരം ഡെയ്ലി മിറർ മുൻ എഡിറ്റർ പിയേഴ്സ് മോർഗന് അറിയാമായിരുന്നു എന്ന് ഹൈക്കോടതി പറഞ്ഞു. മോർഗൻ എഡിറ്റർ ആയിരുന്ന കാലത്ത് നടന്ന സംഭവത്തിൽ മിറർ ഗ്രൂപ്പ് ന്യൂസ് പേപ്പേഴ്സ് 1,40,600 പൗണ്ടാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. എന്നാൽ ഹാക്കിംഗിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ ഉണ്ടെന്ന വാർത്ത പിയേഴ്സ് മോർഗൻ നിഷേധിച്ചു. താൻ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്നും അങ്ങനെ ചെയ്യാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്നും പ്രസ്താവനയിൽ മോർഗൻ വ്യക്തമാക്കി. ഹാരി രാജകുമാരന്റെയും മേഗൻ മെർക്കലിന്റെയും യഥാർത്ഥ ഉദ്ദേശ്യം മാധ്യമ രംഗത്തെ പരിഷ്കരിക്കുക എന്നതല്ലെന്നും മറിച്ച് ബ്രിട്ടീഷ് രാജകുടുംബത്തെ നശിപ്പിക്കുക എന്നതാണെന്നും മോർഗൻ തുറന്നടിച്ചു. മിറർ പിന്തുടരുന്നത് പ്രതികാര പത്രപ്രവർത്തനം ആണെന്ന ഹാരിയുടെ പ്രതികരണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വോയ്സ് മെയിൽ ഇന്റർസ്പ്ഷൻ മോർഗൻ അറിഞ്ഞുകൊണ്ട് നടത്തിയതാണെന്ന തെളിവും അഭിഭാഷകൻ ഹാജരാക്കി. ആ തെളിവുകൾ അംഗീകരിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി ഹാരിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
‘ഡ്രാഗണുകളെ കൊല്ലുമ്പോൾ സ്വയം പൊള്ളലേൽക്കേണ്ടി വരും. ഈ മിഷൻ തുടരും’, ഹാരി വാർത്താക്കുറിപ്പിൽ പ്രതികരിച്ചു. ചെറുപ്പം മുതൽ തന്നെ ടാബ്ലോയ്ഡുകൾ ബ്രാൻഡ് ചെയ്ത രീതിയിലാണ് താനെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നതായി സസെക്സ് ഡ്യൂക് കോടതിയിൽ ചൂണ്ടിക്കാണിച്ചു. മാധ്യമങ്ങൾ തന്നെ സദാസമയം പിന്തുടരുന്നതായി തനിക്ക് അനുഭവപ്പെട്ടു. പാപ്പരാസികൾ എവിടെ പോയാലും പ്രത്യക്ഷപ്പെടുന്നു. ഇതിനെല്ലാം പുറമേയാണ് ചാൾസ് തന്റെ പിതാവല്ലെന്ന അഭ്യൂഹം പ്രചരിച്ചത്, ഹാരി പറഞ്ഞു. ഇത്തരം കഥകൾക്ക് പിന്നിൽ ഫോൺ ഹാക്കിംഗ് ആണെന്ന് ഹാരി സംശയിച്ചു. ഒടുവിൽ ആ സംശയങ്ങൾ ശരിയാണെന്ന് ലണ്ടൻ ഹൈക്കോടതിയും വിധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
