

ഞാൻ ഇന്നലെ മദ്യപിച്ചത് ജീവിതത്തിലാദ്യമായി, അച്ഛൻ 22 വര്‍ഷമായി മദ്യപാനിയാണ്, ആദ്യം അച്ഛനെയല്ലേ ചികിത്സിക്കേണ്ടത്” ; മകളെ ചികിത്സയ്ക്ക് കൊണ്ടുവന്ന അച്ഛൻ അഡ്മിറ്റായി; ”സമൃദ്ധി” ഏകദിന സെമിനാറില്‍ മനസുതുറന്ന് പാലാ വിമുക്തി ഡിഅഡിക്ഷൻ സെന്ററിലെ ഡോ. കെ.കെ. ശ്രീജിത്ത്
സ്വന്തം ലേഖകൻ
പാലാ: കൂട്ടുകാരിയുടെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പോയ പതിനാറുകാരി മദ്യം കഴിച്ചു. നാട്ടുകാരും വീട്ടുകാരും വിവരമറിഞ്ഞു.അച്ഛൻ മകളെ പാലാ ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷൻ സെന്ററില്‍ കൊണ്ടുവന്നു. മെഡിക്കല്‍ ഓഫീസര്‍ മകളോട് വിശദമായി സംസാരിച്ചു. ”സാര്‍, ഞാൻ ഇന്നലെ മദ്യപിച്ചത് ജീവിതത്തിലാദ്യമായാണ്.
എന്റെ അച്ഛൻ 22 വര്‍ഷമായി മദ്യപാനിയാണ്. ആദ്യം അച്ഛനെയല്ലേ ചികിത്സിക്കേണ്ടത്”. പതിനാറുകാരി ഇത് പറഞ്ഞപ്പോള്‍ തനിക്കും സമ്മതിക്കേണ്ടി വന്നതായി പാലാ വിമുക്തി ഡിഅഡിക്ഷൻ സെന്ററിലെ ഡോ. കെ.കെ. ശ്രീജിത്ത് പറഞ്ഞു. ഇതോടെ ആശുപത്രി രജിസ്റ്ററില്‍ നിന്ന് മകളുടെ പേര് മാറ്റി പകരം അച്ഛന്റെ പേരെഴുതി അഡ്മിറ്റാക്കി. അതോടെ അച്ഛൻ കുടി നിര്‍ത്തി. ഡോ. ശ്രീജിത്ത് ഇത് പറഞ്ഞതോടെ സദസ് സ്തബ്ദ്ധരായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇന്നലെ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ പാലാ ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷൻ സെന്ററില്‍ നടത്തിയ ”സമൃദ്ധി” ഏകദിന സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ഡോ. ശ്രീജിത്ത്.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിലകപ്പെടുകയും ചികിത്സ നേടി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്ത യുവാക്കളും പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുമായിരുന്നു സദസ്സിലുണ്ടായിരുന്നത്. ഇവരുടെ മാതാപിതാക്കളും പങ്കെടുത്തു.
പാലാ നഗരസഭാദ്ധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. വിമുക്തി മാനേജര്‍ കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ലാലു പി.ആര്. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലാ ജനറല്‍ ആശുപത്രി ആര്.എം.ഒ. ഡോ. എം. അരുണ്‍, പാലാ എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ എം.കെ. പ്രസാദ്, പാലാ വിമുക്തി ഡിഅഡിക്ഷൻ സെന്ററിലെ സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍ ആശ മരിയ പോള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വിനു വിജയൻ, ഡോ. ശ്രീജിത്ത് കെ.കെ., ബെന്നി സെബാസ്റ്റ്യൻ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. സെമിനാറിന് ശേഷം കൗണ്‍സിലിംഗും ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]