.news-body p a {width: auto;float: none;}
കൊച്ചി: ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ അതിവേഗം അവശ്യസാധനങ്ങളെത്തിക്കുന്ന ഓൺലൈൻ ക്വിക്ക് കൊമേഴ്സ് കമ്പനികൾക്കെതിരെ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്.എം.സി.ജി) വിതരണക്കാരും ചെറുകിട കച്ചവടക്കാരും കൈകോർക്കുന്നു. ഓഹരി, കടപ്പത്ര വിൽപ്പനകളിലൂടെ ഈ കമ്പനികൾ കുറഞ്ഞ ചെലവിൽ വിപണിയിൽ നിന്ന് സമാഹരിക്കുന്ന പണം റീട്ടെയിൽ മേഖലയുടെ നിലനിൽപ്പിനെ അവതാളത്തിലാക്കുന്ന രീതിയിൽ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് എഫ്.എം.സി.ജി ഡീലർമാരുടെ സംഘടന കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയത്തിന് കത്ത് നൽകി. ബിസിനസ് വികസനത്തിനായി സമാഹരിക്കുന്ന തുക ഓൺലൈൻ റീട്ടെയിൽ ശൃംഖലകൾ ഉപഭോക്താക്കൾക്ക് വില ഇളവുകൾ നൽകാനാണ് ഉപയോഗിക്കുന്നതെന്ന് ആൾ ഇന്ത്യ കൺസ്യൂമർ പ്രോഡക്ട്സ് ഡിസ്ട്രിബ്യൂഷൻ ഫെഡറേഷൻ ആരോപിക്കുന്നു.
റീട്ടെയിൽ മേഖലയിൽ പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും പകരം ചെറുകിട കച്ചവടക്കാരെയും കിരാന ഷോപ്പുകളെയും തകർക്കാനാണ് ഈ തുക ഉപയോഗിക്കുന്നത്.
രാജ്യത്തെ വൻകിട ഡിജിറ്റൽ ഭക്ഷ്യ ഉത്പന്ന വിതരണ സ്ഥാപനങ്ങളായ സൊമാറ്റോ, സ്വിഗി, സെപ്റ്റോ തുടങ്ങിയവ അതിവേഗ ഉത്പന്ന ഡെലിവറി സംവിധാനവുമായി റീട്ടെയിൽ വിപണിയിൽ മികച്ച മുന്നേറ്റം നടത്തുന്നതാണ് ചെറുകിട വ്യാപാരികളെ ആശങ്കയിലാക്കുന്നത്.
ക്വിക്ക് കൊമേഴ്സ്
അതിവേഗത്തിൽ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ വിവിധ ഉത്പന്നങ്ങൾ ഒരു മണിക്കൂറിനുള്ളിൽ ലഭ്യമാക്കുന്ന ഇ കൊമേഴ്സ് സംവിധാനമാണ് ക്വിക്ക് കൊമേഴ്സ്
പ്രധാന കമ്പനികൾ
സൊമാറ്റോയുടെ ബ്ളിങ്കിറ്റ്
സ്വിഗി ഇൻസ്റ്റാമാർട്ട്
സെപ്റ്റോ
ടാറ്റയുടെ ബിഗ്ബാസ്ക്കറ്റ്
ഫ്ളിപ്പ്കാർട്ട് മിനിട്ട്സ്
കുത്തകവൽക്കരണം ശക്തമാകുന്നു
രാജ്യത്തെ റീട്ടെയിൽ വിപണിയുടെ നിയന്ത്രണം പൂർണമായും വൻകിട കോർപ്പറേറ്റുകൾക്ക് ലഭിക്കുന്ന തരത്തിലാണ് ക്വിക്ക് കൊമേഴ്സ് വിൽപ്പനയിലെ വളർച്ച നീങ്ങുന്നത്. സാധാരണ കച്ചവട സ്ഥാപനങ്ങൾക്ക് സ്വപ്നം കാണാനാവാത്ത വിലക്കിഴിവും ആനുകൂല്യങ്ങളുമാണ് ഇവർ ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇതിനെതിരെ കോമ്പറ്റീഷൻ കമ്മീഷനും മറ്റ് സർക്കാർ ഏജൻസികൾക്കും വിതരണക്കാരുടെ സംഘടന പരാതി നൽകിയിട്ടുണ്ട്.
സൊമാറ്റോയുടെ മേധാവിത്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ക്വിക്ക് കൊമേഴ്സ് വിപണിയിൽ 46 ശതമാനം വിപണി വിഹിതവുമായി സൊമാറ്റയുടെ ബ്ളിങ്കിറ്റാണ് താരമാകുന്നത്. 29 ശതമാനം വിഹിതവുമായി സെപ്റ്റോയും 25 ശതമാനവുമായി സ്വിഗി ഇൻസ്റ്റയും തൊട്ടുപിന്നിലുണ്ട്.