ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എങ്കില്‍ തീര്‍ച്ചയായും അത് നമ്മുടെ ആരോഗ്യത്തെ പല രീതിയിലും ബാധിക്കാം. എന്നാല്‍ ആവശ്യത്തിന് വെള്ളം കുടിച്ച ശേഷവും ഇടയ്ക്കിടെ ദാഹം അനുഭവപ്പെടുന്നുവെങ്കിലോ!
ദാഹം മാത്രമല്ല തൊണ്ടയും വായയുമെല്ലാം വരണ്ടുപോവുക, ഒപ്പം ഇടവിട്ട് മൂത്രശങ്ക എല്ലാം അനുഭവപ്പെടുന്നുവെങ്കിലോ! ഇത് അത്ര സ്വാഭാവികമല്ല. തീര്‍ച്ചയായും ഇങ്ങനെ കാണുന്നതിന് പിന്നിലെ കാരണം അന്വേഷിച്ചേ മതിയാകൂ.
ഇത്തരത്തില്‍ ഇടവിട്ട് ദാഹം അനുഭവപ്പെടുന്നതിനും വായ വരണ്ടുപോകുന്നതിനും മൂത്രശങ്ക തോന്നുന്നതിനും പിന്നില്‍ വന്നേക്കാവുന്നൊരു കാരണത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നിങ്ങള്‍ കേട്ടിരിക്കാം ഷുഗറുള്ളവര്ക്ക്- അതായത് പ്രമേഹമുള്ളവര്‍ക്ക് ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണാമെന്നത്.
പക്ഷേ പ്രമേഹമുള്ളവരില്‍ മാത്രമല്ല വലിയ രീതിയില്‍ പ്രമേഹസാധ്യതയുള്ള, സമീപഭാവിയില്‍ തന്നെ പ്രമേഹത്തിലേക്ക് കടന്നേക്കാവുന്ന ‘പ്രീഡയബെറ്റിസ്’ എന്ന അവസ്ഥയിലുള്ളവരിലും ഇങ്ങനെ കാണാം. ഈ ഘട്ടത്തില്‍ ഷുഗര്‍ നില കൂടുതല്‍ തന്നെയായിരിക്കും. എന്നാലോ പ്രമേഹം എന്ന അളവിലേക്ക് എത്തിയിട്ടുമുണ്ടാകില്ല.
അധികവും ഇടവിട്ട് ദാഹിക്കുന്നതും വായ വരണ്ടുപോകുന്നതും ഇടവിട്ട് മൂത്രശങ്കയുണ്ടാകുന്നതുമെല്ലാം ‘പ്രീഡയബെറ്റിസ്’ന്റെ ഭാഗമായിത്തന്നെയാകാമെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. അതിനാല്‍ തന്നെ ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുന്നപക്ഷം ഉടനെ പരിശോധന നടത്തുകയും ഷുഗര്‍ സാധ്യത മനസിലാക്കുകയും വേണം. ഇതിലൂടെ പ്രമേഹത്തിലെത്താതെ നോക്കാനോ, എത്തിയാലോ നിയന്ത്രണത്തില്‍ നില്‍ക്കാനോ സാധിച്ചേക്കാം.
‘പ്രീഡയബെറ്റിസ്’ സ്റ്റേജില്‍ രക്തത്തില്‍ ഷുഗര്‍നില വര്‍ധിക്കുന്നതിനാല്‍ ഷുഗര്‍ മൂത്രത്തിലൂടെ പുറന്തള്ളാൻ ശരീരം ശ്രമിക്കും. ഇതാണ് ശരീരത്തില്‍ ജലാംശം കുറയുന്നതിലേക്ക് നയിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ കൂടെക്കൂടെ ദാഹം തോന്നുകയും മൂത്രശങ്കയുണ്ടാവുകയും ചെയ്യും.
‘പ്രീഡയബെറ്റിസ്’ല്‍ മാത്രമല്ല, വൃക്കരോഗം, കരള്‍ രോഗം എന്നിങ്ങനെയുള്ള രോഗങ്ങളുടെ ഭാഗമായും അമിത ദാഹം കാണാം. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ പരിശോധന നിര്‍ബന്ധമാണ്.
Also Read:- പുറത്തുപോയി വന്നാല്‍ കണ്ണില്‍ കലക്കവും നീറ്റലും ചൊറിച്ചിലും അനുഭവപ്പെടാറുണ്ടോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Nov 25, 2023, 3:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]