ജിദ്ദ – പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ അവകാശങ്ങളും കടമകളും നിർണയിക്കുന്ന നിയമാവലിക്ക് പൊതുഗതാഗത അതോറിറ്റി അംഗീകാരം നൽകി. നിയമാവലി ഔദ്യോഗിക ഗസറ്റിൽ പരസ്യപ്പെടുത്തി. യാത്രക്കാരുടെ ഭാഗത്തുള്ള 14 നിയമ ലംഘനങ്ങളും അവക്കുള്ള ശിക്ഷകളും നിയമാവലിയിൽ ഉൾപ്പെടുന്നു. നമസ്കാര സ്ഥലത്ത് ഉറങ്ങൽ, ഉറങ്ങൽ നിരോധിച്ച മറ്റു സ്ഥലങ്ങളിൽ ഉറങ്ങൽ എന്നീ നിയമ ലംഘനങ്ങൾക്ക് 200 റിയാൽ പിഴയാണ് നിയമാവലിയിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
പൊതുഗതാഗത സംവിധാനത്തിനും ബസ് സ്റ്റേഷനുകൾ അടക്കമുള്ള അനുബന്ധ സൗകര്യങ്ങൾക്കും കോട്ടങ്ങൾ സംഭവിക്കുന്ന നിലക്ക് ചെളിപുരണ്ടതും വൃത്തിഹീനവുമായ വസ്ത്രങ്ങൾ ധരിച്ച് പൊതുഗതാഗത സംവിധാനത്തിലും അനുബന്ധ സൗകര്യങ്ങളിലും പ്രവേശിക്കുന്നവർക്ക് സേവനം വിലക്കും. പരിശോധകർക്കു മുന്നിൽ ടിക്കറ്റ് കാണിച്ചുകൊടുക്കാതിരിക്കുന്നതിന് 200 റിയാൽ പിഴ ചുമത്തും. ഇവർ ടിക്കറ്റ് നിരക്കും അടക്കേണ്ടിവരും. ഡിസ്കൗണ്ട് ടിക്കറ്റുകൾക്കുള്ള അർഹത തെളിയിക്കാത്ത പക്ഷം 200 റിയാൽ പിഴയും ടിക്കറ്റ് നിരക്കുമാണ് ശിക്ഷ. വലിപ്പക്കൂടുതൽ കാരണം ലഗേജ് ഹോൾഡറിൽ സൂക്ഷിക്കാൻ കഴിയാത്തതോ യാത്രക്കാരന് സ്വയം ചുമക്കാൻ കഴിയാത്തതോ ആയ ലഗേജുകളുമായി വരുന്നവർക്ക് സേവനം വിലക്കും. പൊതുഗതാഗത സംവിധാനത്തിലോ സ്റ്റേഷനുകളിലോ അനുബന്ധ സൗകര്യങ്ങളിലോ സൈക്കിളോ സ്കീയിംഗ് ബോർഡുകളോ ഉപയോഗിക്കുന്നതിന് 200 റിയാൽ പിഴ ലഭിക്കും.
പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ ലഗേജുകളും ബാഗുകളും സൂക്ഷിക്കുന്നതിന് 100 റിയാലാണ് പിഴ ലഭിക്കുക. പൊതുഗതാഗ വാഹനത്തിനോ അനുബന്ധ സൗകര്യങ്ങൾക്കോ കേടുപാടുകൾ വരുത്തുന്നതിന് 500 റിയാൽ പിഴയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. വികലാംഗർക്ക് നീക്കിവെച്ച സ്ഥലങ്ങളും സീറ്റുകളും മറ്റുള്ളവർ ഉപയോഗിക്കുന്നതിന് 200 റിയാൽ പിഴ ചുമത്തും.
ദുർഗന്ധം വമിക്കുന്ന വസ്തുക്കളും യാത്രക്കിടെ കേടാകുന്ന ഭക്ഷണങ്ങളും കൈവശം വെക്കുന്നതിന് 200 റിയാൽ പിഴയാണ് ലഭിക്കുക. ടിക്കറ്റ് എടുക്കാത്തതിനും നിർദേശങ്ങൾ പാലിക്കാത്തതിനും 200 റിയാൽ പിഴ ചുമത്തും. ഇവർ ടിക്കറ്റ് നിരക്കും അടക്കേണ്ടിവരും. നഗരങ്ങൾക്കിടയിലെ സർവീസുകളിൽ 13 ൽ കുറവ് പ്രായമുള്ള കുട്ടികളും നഗരങ്ങൾക്കുള്ളിലെ സർവീസുകളിൽ എട്ടിൽ കുറവ് പ്രായമുള്ള കുട്ടികളും പ്രായപൂർത്തിയായവർ ഒപ്പമില്ലാതെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ ശ്രമിച്ചാൽ അത്തരക്കാർക്ക് സേവനം വിലക്കും. വാഹനങ്ങളിലും ബസുകളിലും കപ്പലുകളിലും പൊതുഗതാഗത സ്ഥാപനങ്ങളിലും പ്രത്യേക സ്ഥലങ്ങളിൽ സൂക്ഷിക്കാതെ മൃഗങ്ങളെ പ്രവേശിപ്പിക്കുന്നവർക്കും സേവനം വിലക്കും. അന്ധരുടെ സേവനത്തിനുള്ള മൃഗങ്ങൾക്ക് ഇത് ബാധകമല്ല. തിരിച്ചറിയൽ കാർഡ് കാണിച്ചുകൊടുക്കാൻ വിസമ്മതിക്കുന്നവർക്കും സേവനം വിലക്കും.
മൂന്നു മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള യാത്രകളിൽ ബസ് സർവീസുകൾ റദ്ദാക്കുകയോ സർവീസിന് 60 മിനിറ്റിലധികം കാലതാമസം നേരിടുകയോ ചെയ്യുന്ന പക്ഷം ലഘുഭക്ഷണങ്ങളോ ശീതളപാനീയങ്ങളോ സൗജന്യമായി ലഭിക്കാൻ യാത്രക്കാർക്ക് അവകാശമുണ്ട്. രജിസ്റ്റർ ചെയ്ത ബാഗേജുകൾ പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്താൽ ഒരു കിലോഗ്രാമിന് 75 റിയാൽ തോതിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കാനും അവകാശമുള്ളതായി നിയമാവലി വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]