കോഴിക്കോട്: സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ റെക്കോർഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ്.എസ്. പുല്ലൂരാംപാറയിലെ കായികതാരം ദേവനന്ദ വി.
ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.
ശിവൻകുട്ടിയാണ് താരത്തെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചുകൊണ്ട് ഈ പ്രഖ്യാപനം നടത്തിയത്. ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്.
2017-ൽ ആൻസി സോജൻ സ്ഥാപിച്ച 25.13 സെക്കൻഡിൻ്റെ റെക്കോർഡാണ് ഈ പ്ലസ് ടു വിദ്യാർത്ഥിനി തിരുത്തിയെഴുതിയത്. 100 മീറ്റർ ഓട്ടത്തിലും ദേവനന്ദ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിരുന്നു.
ഒരു മാസം മുൻപ് അപ്പെന്റിസൈറ്റിസ് സ്ഥിരീകരിച്ചിട്ടും, ശസ്ത്രക്രിയ മാറ്റിവെച്ച്, കടുത്ത വേദന സഹിച്ച് മത്സരത്തിൽ പങ്കെടുത്ത ദേവനന്ദയുടെ കായികക്ഷമതയേക്കാൾ ഉപരി നിശ്ചയദാർഢ്യത്തിൻ്റെ പ്രതീകമാണ് ഈ നേട്ടം. ബാർബറായ അച്ഛൻ ബിജുവിനും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ വിജിതയ്ക്കുമൊപ്പം താമസിക്കുന്ന ദേവനന്ദയുടെ കുടുംബസാഹചര്യം മനസ്സിലാക്കിയാണ് മന്ത്രി ഈ തീരുമാനമെടുത്തത്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്കൗട്ട്സ് ആൻഡ് ഗൈഡ്സിനെയാണ് വീട് നിർമ്മിക്കുന്നതിൻ്റെ ചുമതല മന്ത്രി ഏൽപ്പിച്ചിരിക്കുന്നത്. കായികരംഗത്ത് കൂടുതൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നതിന് ദേവനന്ദയ്ക്ക് എല്ലാവിധ പിന്തുണയും സഹായവും മന്ത്രി വാഗ്ദാനം ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

