ഇന്ത്യൻ സിനിമാ ലോകം ഒരു കുതിച്ചുചാട്ടത്തിന്റെ പാതയിലാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്ന ചലച്ചിത്ര വ്യവസായം കഴിഞ്ഞ വർഷങ്ങളിൽ ശക്തമായ തിരിച്ചുവരവ് മാത്രമല്ല നടത്തിയത്, മറിച്ച് അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചത്.
ഒരു കാലത്ത് ബോളിവുഡിന് മാത്രം മേൽക്കൈയുണ്ടായിരുന്ന ഇന്ത്യൻ സിനിമയിൽ ഇന്ന് പ്രാദേശിക ഭാഷാചിത്രങ്ങൾക്കും വലിയ സ്വീകാര്യത ലഭിക്കുന്നു. മലയാള സിനിമകൾ രാജ്യത്തുടനീളം ചർച്ചയാവുകയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് മികച്ച കളക്ഷൻ നേടുകയും ചെയ്യുന്നത് ഇതിന് ഉദാഹരണമാണ്.
‘കാന്താര ചാപ്റ്റർ 1’ പോലുള്ള ചിത്രങ്ങൾ ആഗോളതലത്തിൽ 800 കോടിയിലേക്ക് അടുക്കുമ്പോൾ, 2025 ഇന്ത്യൻ സിനിമയുടെ സുവർണ്ണ വർഷമായി മാറുമെന്ന പ്രതീക്ഷകളാണ് വർധിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസ് ചരിത്രത്തിലെ റെക്കോർഡ് കളക്ഷൻ പിറന്നത് 2023-ലായിരുന്നു.
വിവിധ ഭാഷകളിലെ സിനിമകളെല്ലാം ചേർന്ന് 12,226 കോടി രൂപയാണ് ആ വർഷം നേടിയത്. നടപ്പുവർഷം സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം 9,409 കോടി രൂപയുടെ കളക്ഷൻ നേടിക്കഴിഞ്ഞു.
ഇത് മുൻവർഷത്തെ അപേക്ഷിച്ച് 18 ശതമാനം വർധനവാണ് കാണിക്കുന്നത്. അവസാന പാദത്തിലെ കളക്ഷൻ കൂടി ചേരുമ്പോൾ ഈ വർഷത്തെ മൊത്തം വരുമാനം 12,000 കോടി കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതോടെ, 2023-ലെ റെക്കോർഡ് മറികടന്ന് 2025 ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും മികച്ച വർഷമാകാനുള്ള സാധ്യതയും തെളിയുന്നു. വിവിധ ഭാഷാ വ്യവസായങ്ങളുടെ വിപണി വിഹിതം പരിശോധിക്കുമ്പോൾ ബോളിവുഡ് 38 ശതമാനത്തോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു.
തെലുങ്ക് (20%), തമിഴ് (15%) എന്നിവയാണ് തൊട്ടുപിന്നിൽ. എന്നാൽ, ഈ വലിയ വ്യവസായങ്ങളോട് മത്സരിച്ച് മലയാള സിനിമ നാലാം സ്ഥാനത്തെത്തിയത് അഭിമാനാർഹമായ നേട്ടമാണ്.
ഇന്ത്യൻ ബോക്സ് ഓഫീസിൽ 9 ശതമാനം സംഭാവന നൽകിയ മലയാളം, കന്നഡ സിനിമയെക്കാൾ മുന്നിലാണ്. ‘കാന്താര ചാപ്റ്റർ 1’ വലിയ വിജയം നേടിയെങ്കിലും മറ്റ് ചിത്രങ്ങൾക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാത്തതാണ് കന്നഡ സിനിമയ്ക്ക് തിരിച്ചടിയായത്.
ലഭ്യമായ കണക്കുകൾ പ്രകാരം ഈ വർഷം കന്നഡ സിനിമ 350.83 കോടി നേടിയപ്പോൾ മലയാളത്തിന്റെ നേട്ടം 781.35 കോടി രൂപയാണ്. വരും മാസങ്ങളിൽ ഇന്ത്യൻ സിനിമയിൽ നിന്ന് വമ്പൻ പ്രോജക്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ബോളിവുഡിൽ രൺവീർ സിങ്ങിന്റെ ‘ദുരന്തർ’, ആലിയ ഭട്ടിന്റെ ‘ആൽഫ’, തെലുങ്കിൽ പ്രഭാസിന്റെ ‘രാജാസാബ്’, നന്ദമുരി ബാലകൃഷ്ണയുടെ ‘അഖണ്ഡ 2’, തമിഴിൽ ദുൽഖർ സൽമാന്റെ ‘കാന്ത’, മലയാളത്തിൽ ജയസൂര്യയുടെ ‘കത്തനാർ’ എന്നിവയെല്ലാം വലിയ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളാണ്. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചില്ലെങ്കിൽ പോലും, ഉള്ളടക്കത്തിന്റെ മികവുകൊണ്ടും വാണിജ്യപരമായ വിജയം കൊണ്ടും 2025 ഇന്ത്യൻ സിനിമയിൽ നിർണായകമായ വർഷമായിരിക്കും.
ഒടിടി പ്ലാറ്റ്ഫോമുകളുടെ തരംഗത്തിനിടയിലും പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ ഇന്ത്യൻ സിനിമയ്ക്ക് തുടർച്ചയായി സാധിക്കുന്നു എന്നത് ശ്രദ്ധേയമാണ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

