തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്വി. 1.98 ലക്ഷം കോടിയുടെ വാര്‍ഷിക ബജറ്റ് ചെലവഴിക്കുന്ന ജനാധിപത്യ സര്‍ക്കാർ കേവലം 1500 കോടിക്കു വേണ്ടി കേരള ജനതയെ ഒറ്റുകൊടുത്ത് പരിഹാസ്യരാവുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നാല് കോടിയോളം വരുന്ന പ്രബുദ്ധരായ കേരളീയ ജനതയെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന അതിനിഷ്ഠൂരമായ നിലപാടാണ് ഇത്. ഇതിനെതിരെ സാര്‍വത്രികമായ പ്രചാരണം നടത്തപ്പെടുകയും ജനത്തെ ബോധവത്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കുന്നതോടെ, നമ്മുടെ സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം കൂടി നടപ്പാക്കേണ്ട ഗതികേടാണ് വരാനിരിക്കുന്നതെന്നത് മറ്റാരെക്കാളും സര്‍ക്കാരിനറിയാം.
കാലങ്ങളായി ഫാസിസ്റ്റു ഭരണം കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ രംഗത്ത്, കാവിവത്കരണത്തിന് മലയാള നാട്ടിലും ബോധപൂര്‍വം പരവതാനി വിരിക്കുകയാണ് കേരള വിദ്യാഭ്യാസ വകുപ്പ്. സഖ്യകക്ഷികളുടെ എതിര്‍പ്പ് പോലും അവഗണിച്ച് പി എം ശ്രീ യോടുള്ള സിപിഎമ്മിന്റെ വിധേയത്വം ചെറുക്കപ്പെടണം.
വര്‍ഗീയതയിലധിഷ്ഠിതമായ ബി.ജെ.പി-ആര്.എസ്.എസ് അസ്തിത്വത്തോട് വിയോജിക്കുന്നുവെന്ന് പെരുമ്പറയടിച്ചു നടക്കുന്ന ഭരണകക്ഷി, കേരളീയ സമൂഹത്തെ ഒന്നടങ്കം ഇതേ വര്‍ഗീയതയിലേക്കും അതിലധിഷ്ഠിതമായ കാവി സംസ്കാരത്തിലേക്കും നയിക്കുന്നതിന് സഹായകമായ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ ന്യായീകരണം ചോദ്യം ചെയ്യാന്‍ ഓരോ കേരളീയനും സന്നദ്ധനാകേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

