
ദില്ലി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണ്ണായക പുരോഗതിയായി കിഴക്കന്‍ ലഡാക്കില്‍ സേനാ പിന്മാറ്റത്തിന് തീരുമാനം. ദെപ്സാംഗ് ദംചോക്ക് മേഖലകളില്‍ നിന്ന് ഇരുസേനകളും അടുത്ത ബുധനാഴ്ചയോടെ പിന്മാറുമെന്ന് കരസേന അറിയിച്ചു. തര്‍ക്കം നിലനില്‍ക്കുന്ന മറ്റ് മേഖലകള്‍ക്ക് തീരുമാനം ബാധകമല്ലെന്നും സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
നാല് വര്‍ഷമായി തുടരുന്ന അനിശ്ചത്വത്തിലാണ് ആശ്വാസമാകുന്നത്. കിഴക്കന്‍ ലഡാക്കിലെ ദെപ്സാംഗ്, ദംചോക്ക് മേഖലകളില്‍ നിന്ന് പിന്മാറാന് ഇന്ത്യയും ചൈനയും തീരുമാനിച്ചു. ഇരു സേനകളും നിര്‍മ്മിച്ച താല്‍ക്കാലിക ടെൻഡറുകളടക്കം പൊളിച്ചു മാറ്റും. സംഘര്‍ഷം തുടങ്ങിയ 2020 ഏപ്രിലിന് മുന്‍പുള്ള സാഹചര്യം എങ്ങനെയായിരുന്നോ സമാന രീതിയിലേക്ക് മടങ്ങും. സേനകള്‍ പിന്മാറുമെങ്കിലും നിരീക്ഷണം തുടരും, പരസ്പരം അറിയിച്ചുള്ള പട്രോളിംഗിനും ധാരണയായിട്ടുണ്ട്. പുരോഗതി പരിശോധിച്ചാകും മറ്റ് മേഖലകളിലെ തീരുമാനം, അതിനാല്‍ നിലവിലെ ധാരണ മറ്റ് മേഖലകള്‍ക്ക് ബാധകമാകില്ല.
ഒരുമിച്ച് നീങ്ങാൻ ഇന്ത്യയും ചൈനയും, അതിർത്തി തർക്കം പരിഹരിക്കും; മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ നിർണായക നീക്കം
കഴിഞ്ഞ ഏതാനും ആഴ്ചകളായി നയതന്ത്ര സൈനിക തലങ്ങളില്‍ തുടരുന്ന ചര്‍ച്ചയുടെ ഭാഗമായയാണ് പിന്മാറ്റത്തിലെ തീരുമാനം. ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗും തമ്മില്‍ നടന്ന ചര്‍ച്ചയും നിര്‍ണ്ണായകമായി. 2020 ഏപ്രിലില്‍ നടന്ന ചൈനയുടെ കടന്നു കയറ്റത്തിനെതിരെ സൈനിക ശക്തി വര്‍ധിപ്പിച്ചും, സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയും ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു. എങ്കിലും നയതന്ത്ര ചര്‍ച്ചകളുടെ സാധ്യത തള്ളിയിരുന്നില്ല. റഷ്യയുടെ ഇടപടെലും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷാന്തരീക്ഷം ലഘൂകരിക്കുന്നതില്‍ ഫലം കണ്ടുവെന്നു വേണം വിലയിരുത്താന്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]