
.news-body p a {width: auto;float: none;}
കാസർകോട്: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി കോടിക്കണക്കിനു രൂപ തട്ടിയെടുത്ത ബാഡൂർ എ.എൽ.പി സ്കൂളിലെ അദ്ധ്യാപികയും മുൻ ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന ഷേണി ബൽത്തക്കല്ലുവിലെ സച്ചിതാ റൈ (27) ഒടുവിൽ അറസ്റ്റിലായി. വ്യാഴാഴ്ച വൈകുന്നേരം കാസർകോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങുന്നതിനായി എത്തിയ യുവതിയെ കാസർകോട് വിദ്യാനഗറിൽ വച്ച് അഭിഭാഷകന്റെ ഓഫീസിൽ വച്ചാണ് കാസർകോട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കാസർകോട് പ്രിൻസിപ്പൽ സെഷൻസ് മജിസ്ട്രേറ്റ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അഭിഭാഷകനെ കണ്ടശേഷം കോടതിയിൽ കീഴടങ്ങാനായിരുന്നു പരിപാടി. പൊലീസ് പിടികൂടുമ്പോൾ തന്റെ പിഞ്ചുകുഞ്ഞും സച്ചിത റൈയുടെ ഒപ്പം ഉണ്ടായിരുന്നു. വനിതാ പൊലീസ് അടക്കമുള്ള സംഘം എത്തി പിടികൂടിയ യുവതിയെ പിന്നീട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു.
പണം തട്ടിപ്പുമായി ബന്ധപ്പെട്ട് 12 ലധികം കേസുകളാണ് സച്ചിതയ്ക്കെതിരെ രജിസ്റ്റർ ചെയ്തത്. കുമ്പള, ബദിയഡുക്ക, മേൽപറമ്പ്, ആദൂർ, മഞ്ചേശ്വരം, കർണ്ണാടകയിലെ ഉപ്പിനങ്ങാടി എന്നീ സ്റ്റേഷനുകളിലാണ് കേസുകൾ. ഡി.വൈ.എഫ്.ഐ നേതാവ് എന്ന നിലയിലെ പ്രവർത്തനമികവിലൂടെ വിശ്വാസ്യത നേടിയെടുത്താണ് ഒരു ലക്ഷം മുതൽ 15 ലക്ഷം വരെ വാങ്ങി തട്ടിപ്പ് നടത്തിയത്. സച്ചിത റൈ വിവാഹത്തിന് ശേഷം കോഴിക്കോട്ടേക്ക് താമസം മാറിയതിനാൽ സംഘടനയിൽ സജീവമല്ലായിരുന്നു. ഉത്തരവാദിത്വങ്ങൾ ഒഴിഞ്ഞ യുവതി പാർട്ടി അംഗത്വം നിലനിർത്തിയിരുന്നു. തട്ടിപ്പ് കഥകൾ പുറത്തുവന്നപ്പോൾ സി.പി.എമ്മിൽ നിന്ന് പുറത്താക്കി.
സി.പി.സി.ആർ.ഐ, കേന്ദ്രീയ വിദ്യാലയം, എസ്.ബി.ഐ, കർണ്ണാടക എക്സൈസ്, കർണ്ണാടക വനം വകുപ്പ് എന്നിവിടങ്ങളിൽ ജോലി ഓഫർ ചെയ്താണ് പണം തട്ടിയത്. ഉഡുപ്പി കേന്ദ്രീകരിച്ച് റിക്രൂട്ടിംഗ് സ്ഥാപനം നടത്തുന്ന ചന്ദ്രശേഖര കുന്താർ എന്നയാൾ വഴിയാണ് സച്ചിത റൈ പണം തട്ടിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. യുവതിയുടെ ബാങ്ക് അക്കൗണ്ട് വഴി മൂന്ന് കോടിയുടെ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേസുകളുടെ എണ്ണം ഡസനിൽ എത്തിയിട്ടും സച്ചിതയെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. അന്വേഷണത്തിനായി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനു രൂപം നൽകിയ ശേഷമാണ് പ്രതി പിടിയിലായത്.