
പാലക്കാട്: വാളയാർ കേസിലെ പ്രതിയായ കുട്ടി മധുവിന്റെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യം. കുട്ടി മധുവിന്റെ അമ്മയും നീതി സമര സമിതിയും ആലുവ റൂറൽ എസ്പിക്കും സിബിഐക്കും കത്തു നൽകി. പ്രതികൾ ദുരൂഹമായി മരണപ്പെടുന്നതിനു പിന്നിൽ ചില സ്ഥാപിത താത്പര്യങ്ങൾ ഉണ്ടെന്നും വാളയാർ കേസന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെന്നും ഇവർ ആരോപിക്കുന്നു. കേസിൽ ഇനിയും പ്രതിയാക്കപ്പെടാൻ സാധ്യതയുള്ളവരെ രക്ഷിക്കാനുള്ള താത്പര്യമാണ് പ്രതികളുടെ ദുരൂഹമരണമെന്ന സംശയവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. കുട്ടി മധുവിന്റേതടക്കം മരണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. മരിച്ചയാളുമായി ബന്ധപ്പെട്ട രേഖകളും ഫോണും അടിയന്തരമായി കസ്റ്റഡിയിൽ എടുക്കണമെന്നും കത്തിലുണ്ട്.
വാളയാർ കേസിലെ നാലാം പ്രതി മധുവിനെ കൊച്ചി ബിനാനി സിങ്ക് കമ്പനിക്കുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവർത്തനം നിലച്ച കമ്പനിയുടെ ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ക്രാപ്പ് നീക്കുന്ന കരാർ എടുത്ത കമ്പനിയുടെ മണ്ണ് പരിശോധന വിഭാഗത്തിൽ ജീവനക്കാരനായിരുന്നു മധു. കേസിൽ ജാമ്യം കിട്ടിയ ശേഷം ഇയാൾ കൊച്ചിയിലെത്തിയിരുന്നു. വാളയാർ കേസിൽ സിബിഐ പുനരന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയുടെ മരണം. വാളയാർ കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാർ 2020 നവംബർ നാലിന് ജീവനൊടുക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]