
മുംബൈ: ലോകകപ്പില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായി ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. ഇന്നലെ മുംബൈയില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ 149 റണ്‍സിന് കീഴടക്കി വമ്പന്‍ ജയം നേടിയ ദക്ഷിണാഫ്രിക്ക എട്ട് പോയന്റുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ന്യൂസിലന്‍ഡിനെ നെറ്റ് റണ്‍റേറ്റില്‍(+2.370) പിന്തള്ളിയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് പിന്നിലായി നിലയുറപ്പിച്ചത്.
മൂന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡും(+1.481) 10 പോയന്റുമായി ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയും(+1.353) നെറ്റ് റണ്‍റേറ്റില്‍ ദക്ഷിണാഫ്രിക്കക്ക് ബഹുദൂരം പിന്നിലാണ്. നെറ്റ് റണ്‍റേറ്റില്‍ മൂന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിനും പിന്നാലാണ് ഇന്ത്യ. ഇതോടെ വെള്ളിയാഴ്ച നടക്കുന്ന പാകിസ്ഥാന് ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ത്യക്കും നിര്‍ണായകമാണ്. ഈ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക നേരിയ വിജയം നേടിയാല്‍ പോലും ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമാവും. പാകിസ്ഥാനാകട്ടെ സെമി സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടമാണിത്.
ഈ ലോകപ്പില്‍ മൂന്നാം തവണ 300 പിന്നിട്ട ദക്ഷിണാഫ്രിക്ക നേടിയ ജയങ്ങളെല്ലാം 100 റണ്‍സിന് മുകളിലെ വിജയമാര്‍ജിനിലായിരുന്നു. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 102 റണ്‍സിനും ഓസ്ട്രേലിയയെ 134 റണ്‍സിനും ഇംഗ്ലണ്ടിനെ 229 റണ്‍സിനും ഇന്നലെ ബംഗ്ലാദേശിനെ 149 റണ്‍സിനും തകര്‍ത്ത ദക്ഷിണാഫ്രിക്കക്ക് നെതര്‍ലന്‍ഡ്സിന് മുന്നിൽ മാത്രമാണ് അടിതെറ്റിയത്. 38 റണ്‍സിനാണ് നെതര്‍ലന്‍ഡ്സിനോട് ദക്ഷിണാഫ്രിക്ക തോറ്റത്. അഞ്ച് കളികളില്‍ മൂന്നിലും ദക്ഷിണാഫ്രിക്ക 350ന് മുകളില്‍ സ്കോര്‍ ചെയ്തിരുന്നു. ശ്രീലങ്കക്കെതിരെ 428, ഓസ്ട്രേലിയക്കെതിരെ 311, ഇംഗ്ലണ്ടിനെതിരെ 399, ബംഗ്ലാദേശിനെതിരെ 382 എന്നിങ്ങനെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ സ്കോറിംഗ്.
ഇന്ത്യയുടെ അടുത്ത മത്സരം 29ന് ഇംഗ്ലണ്ടിനെതിരെ ആണ്. അതിന് തലേദിവസം ന്യൂസിലന്‍ഡ്-ഓസ്ട്രേലിയ പോരാട്ടമുണ്ട്. ഇന്ത്യയെക്കാള്‍ മികച്ച നെറ്റ് റണ്‍ റേറ്റുള്ള ന്യൂസിലന്‍ഡ് ഈ മത്സരത്തില്‍ ഓസ്ട്രേലിയയെ വീഴ്ത്തിയാല്‍ ഇംഗ്ലണ്ടിനെതിരെ ഞായറാഴ്ച നടക്കുന്ന മത്സരത്തിന് മുമ്പ് ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവരും. ഇംഗ്ലണ്ടിനെതിരെ ജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താമെങ്കിലും തോറ്റാല്‍ മൂന്നാം സ്ഥാനത്ത് തുടരേണ്ടിവരും.
Last Updated Oct 25, 2023, 10:11 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]