തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ
അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചു. വാർഡ് പുനർവിഭജനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റുകളിലുണ്ടായ വർധനവിലാണ് എല്ലാ കക്ഷികളുടെയും കണ്ണ്.
സംവരണ വാർഡുകൾ കണ്ടെത്താനുള്ള നറുക്കെടുപ്പിനു ശേഷമേ ചിത്രം വ്യക്തമാകൂ. തോൽക്കുന്ന സീറ്റുകൾ നൽകരുതെന്നുമാണു വിവിധ കക്ഷികളുടെ നിലപാട്.
യുഡിഎഫിന് എന്നും തലവേദനയായ റിബൽ ശല്യം ഒഴിവാക്കണമെന്നാണ് പൊതുവികാരം. യുഡിഎഫിലെ ഘടക കക്ഷികളുടെ ഉള്ളിലിരുപ്പ് എന്താണ്? വിശദമായി അറിയാം.
∙ കോൺഗ്രസ്
വയനാട്ടിൽ നടന്ന ചിന്തൻ ശിബിരത്തിൽ തീരുമാനിച്ച ‘മിഷൻ 2025’ വിജയിച്ചെങ്കിൽ മാത്രമേ ‘മിഷൻ 2026’ അനായാസമാകൂ എന്നാണ്
നിലപാട്.
ഫണ്ട് പിരിവിനായി നടത്തുന്ന ഭവന സന്ദർശനം ഈ മാസം 30ന് പൂർത്തിയാകും. ഇതോടെ എല്ലാ വീടുമായും പാർട്ടി നേതാക്കൾക്കു ബന്ധമുണ്ടാക്കാനാകും എന്നാണ് നേതാക്കൾ പറയുന്നത്.
വാർഡ് കമ്മിറ്റി രൂപീകരണം, കുടുംബസംഗമങ്ങൾ, വോട്ടർ പട്ടിക പുതുക്കൽ എന്നിവയെല്ലാം കൃത്യമായി നടത്തിയതിലാണ് ആത്മവിശ്വാസം. നറുക്കെടുപ്പ് കഴിഞ്ഞ് സംവരണ വാർഡുകളിൽ തീരുമാനമാകുന്നതോടെ സ്ഥാനാർഥി ചർച്ചകളിലേക്കു കടക്കും.
സ്ഥാനാർഥികളെ വാർഡ് കമ്മിറ്റികൾ തീരുമാനിക്കണം എന്നാണു കർശന നിർദേശം. തർക്കം ഉണ്ടാകുന്ന ഇടങ്ങളിൽ മേൽ കമ്മിറ്റികളുടെ ഇടപെടലുണ്ടാകും.
∙ മുസ്ലിം ലീഗ്
വാർഡ് കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം അടിത്തട്ടിൽ ശക്തമാക്കി.
കൃത്യമായി ഇടവേളകളിൽ ബൂത്ത് കമ്മിറ്റി നേതാക്കളെ വിളിച്ചുകൂട്ടി യോഗം. സീറ്റ് ചർച്ചകൾ പ്രാദേശിക തലത്തിൽ നടത്തണമെന്നു കർശന നിർദേശം.
സ്ഥാനാർഥി നിർണയത്തിൽ വിജയം മാത്രമായിരിക്കണം മുഖ്യമാനദണ്ഡം. കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ തന്നെ വേണമെന്ന നിർബന്ധമില്ല.
പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച് സീറ്റുകൾ വച്ചുമാറാൻ തയാർ.
∙ കേരള കോൺഗ്രസ്
കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റുകളും ഇത്തവണയും വേണം. കൂടുതൽ സീറ്റുകളും ആവശ്യപ്പെടും.
ജില്ലാ കമ്മിറ്റികളായിരിക്കും സ്ഥാനാർഥി നിർണയത്തിൽ പ്രധാന ഇടപെടലുകൾ നടത്തുക. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിലാണു കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നത്.
മലബാറിലെ കുടിയേറ്റ മേഖലയിലേക്കും താൽപര്യം.
∙ കേരള കോൺഗ്രസ് (ജേക്കബ്)
സീറ്റുകളുടെ എണ്ണം കൂടിയതിനാൽ കഴിഞ്ഞ തവണ കിട്ടിയ സീറ്റുകളെല്ലാം ഇത്തവണയും നിർബന്ധം. പ്രാദേശിക പ്രശ്നങ്ങൾ അവിടെ തന്നെ പരിഹരിക്കണമെന്നാണു താഴെത്തട്ടിലേക്കു നൽകിയിരിക്കുന്ന നിർദേശം.
കഴിവതും സംസ്ഥാന നേതൃത്വം ഇടപെടില്ല. 116 സീറ്റുകളാണ് കഴിഞ്ഞ തവണ കിട്ടിയത്.
എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളിലാണ് നോട്ടം. ഇടുക്കിയിലും പരിഗണിക്കപ്പെടുമെന്നു പ്രതീക്ഷ.
∙ ആർഎസ്പി
തട്ടകമായ കൊല്ലത്താണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
രണ്ട് ടേമിലും ഒരു എംഎൽഎ പോലുമില്ലാതെ ഇരിക്കുന്ന പാർട്ടിയെ സംബന്ധിച്ചു തദ്ദേശ തിരഞ്ഞെടുപ്പ് ജീവൻ മരണപോരാട്ടം. തദ്ദേശ തിരഞ്ഞെടുപ്പിൽ അടിതെറ്റിയാൽ നിയമസഭ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുമോയെന്ന് ആശങ്ക.
തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ തെക്കൻ ജില്ലകളിൽ അർഹമായ പ്രാതിനിധ്യം ആഗ്രഹിക്കുന്നു. ദുബായിലുള്ള സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ മടങ്ങിയെത്തുന്നതോടെ ചർച്ചകൾ സജീവമാകും.
∙ സിഎംപി
സീറ്റുകളുടെ എണ്ണക്കൂടുതലിന് അപ്പുറം ജയിച്ച സീറ്റുകളെല്ലാം ഇത്തവണ വേണം.
ജില്ലാ പഞ്ചായത്ത് സീറ്റുകൾ അധികം പ്രതീക്ഷിക്കുന്നു. വെറുതെ സീറ്റ് വേണ്ട, ജയസാധ്യതയുള്ള സീറ്റ് നൽകണം.
ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ എന്നിവിടങ്ങളിൽ സ്ഥാനാർഥികളെ സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്തു തീരുമാനിക്കും. മറ്റിടങ്ങളിൽ പ്രാദേശികമായി പ്രഖ്യാപനം.
റിബലുകളെ കഴിവതും ഒഴിവാക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തോടുള്ള അഭ്യർഥന. സാമൂഹിക സാഹചര്യങ്ങൾക്ക് അനുസരിച്ച് സ്ഥാനാർഥികളെ തീരുമാനിക്കണമെന്നും ആവശ്യം.
∙ ഫോർവേഡ് ബ്ലോക്ക്
പുതിയ സാഹചര്യത്തിൽ കൂടുതൽ സീറ്റ് വേണം.
പരമ്പരാഗതമായി യുഡിഎഫ് തോൽക്കുന്ന സീറ്റുകൾ വേണ്ട. തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിൽ ഒന്നിലധികം സീറ്റ് വേണം.
ജില്ലാ പഞ്ചായത്തിലേക്കും മത്സരിക്കാൻ സീറ്റുകൾ വേണം. അതാത് ജില്ലാ കമ്മിറ്റികൾ യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച് സ്ഥാനാർഥികളെ തീരുമാനിക്കും.
വിവിധ സാമൂഹിക ഗ്രൂപ്പുകളെ പാർട്ടിയുടെ ഭാഗമാക്കി കരുത്തുകാട്ടാനുള്ള ശ്രമങ്ങൾ നടത്തുന്നു.
∙ ആർഎംപി
വടകര മണ്ഡലത്തിലെ 3 പഞ്ചായത്തുകളിലും കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നു. അധികാരമുള്ളിടങ്ങളിൽ അത് നിലനിർത്താൻ സജീവ ഇടപെടൽ.
കുന്നംകുളം നഗരസഭയിലും തളിക്കുളത്തും കഴിഞ്ഞ തവണ പാർട്ടി സ്വതന്ത്രമായി മത്സരിച്ചിരുന്നു. കുന്നംകുളത്ത് നിലവിൽ 3 അംഗങ്ങളുണ്ട്.
ഇത്തവണ വടകരയ്ക്ക് പുറത്തും യുഡിഎഫ് സഖ്യത്തിനൊപ്പം ചേർന്നു മത്സരിക്കും. പ്രത്യേക സാഹചര്യത്തിൽ പരമാവധി സീറ്റുകളിൽ യുഡിഎഫിനൊപ്പംനിന്ന് മത്സരിക്കണമെന്നാണ് അസോഷ്യേറ്റഡ് മെമ്പറായ ആർഎംപിയുടെ തീരുമാനം.
ചർച്ചകളിലേക്കു കടക്കേണ്ട
സമയമായിട്ടില്ലെന്നും സമയമുണ്ടെന്നുമാണ് കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് മാണി സി. കാപ്പൻ പറയുന്നത്.
രാജൻ ബാബു നേതൃത്വം നൽകുന്ന ജെഎസ്എസ്, ജോൺ ജോണിന്റെ ദേശീയ ജനതാദൾ അടക്കമുള്ള കക്ഷികളും അർഹമായ സീറ്റുകൾ പ്രതീക്ഷിച്ച് മുന്നണിയിലുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]