തൃശൂർ: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് ചെറു മത്സ്യങ്ങൾ പിടിച്ചതിനും, പെയർ ട്രോളിംഗ് നടത്തിയതിനും, നിയമാനുസൃതം കളർ കോഡ് ഇല്ലാതെ മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾ ഫിഷറീസ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പിടികൂടി. കാര സ്വദേശി കുഞ്ഞമ്പാടിയുടെ ഉടമസ്ഥതയിലുള്ള കിലുക്കം എന്ന മത്സ്യബന്ധന വള്ളമാണ് ചെറു മത്സ്യങ്ങൾ പിടിച്ചതിന്റെ പേരിൽ പിടിച്ചെടുത്തത്.
പത്ത് സെന്റീ മീറ്ററിൽ താഴെ വലിപ്പമുള്ള ഏകദേശം 2,000 കി.ഗ്രാം ചെറു ചാള ഇനത്തിൽപ്പെട്ട മത്സ്യമാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കിക്കളഞ്ഞു. നിയമാനുസൃതം കളർ കോഡ് ഇല്ലാതെ മത്സ്യബന്ധനം നടത്തിയ കനകൻ, സുരേഷ് ബാബു, ബാദുഷ, സുദർശനൻ, വിജേഷ് എന്നിവരുടെ വള്ളങ്ങളും പിടിച്ചെടുത്തു.
തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാന്റിങ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി.
സീമയുടെയും മുനക്കകടവ് കോസ്റ്റൽ ഇൻസ്പെക്ടർ ഫർഷദിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രത്യേക കോമ്പിങ്ങ് ഓപ്പറേഷന്റെ ഭാഗമായാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. ഉപയോഗ യോഗ്യമായ മത്സ്യങ്ങൾ ലേലം ചെയ്ത് ലഭിച്ച 8500 രൂപ ട്രഷറിയിൽ അടപ്പിച്ചു.
കൂടാതെ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് പിഴ സർക്കാരിലേക്ക് ഈടാക്കും. ചാവക്കാട് മത്സ്യ ഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രേഷ്മ ആർ.
നായർ, മുനക്കക്കടവ് കോസ്റ്റൽ പൊലീസ് എസ്.ഐമാരായ ശിവദാസ്, ജലീൽ, ജോബി, സി.പി.ഒ ശരത് ബാബു, സുധി, മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസ് വിങ്ങ് വിഭാഗം ഓഫീസർമാരായ വി.എൻ പ്രശാന്ത് കുമാർ, ഇ.ആർ ഷിനിൽകുമാർ, വി.എം ഷൈബു, സീ റെസ്ക്യൂ ഗാർഡുമാരായ ഹുസൈൻ വടക്കനൊലി, വിജീഷ് എമ്മാട്, ടി.എം യാദവ്, ടി.എസ് സുബീഷ്, സ്രാങ്ക് അഖിൻ, ഗാർഡ് അക്ഷയ്, സുജിത്ത് കുമാർ, ഡ്രൈവർ അഷറഫ് എന്നിവരാണ് പ്രത്യേക പട്രോളിംഗ് ടീമിൽ ഉണ്ടായിരുന്നത്. വരും ദിവസങ്ങളിലും മിന്നൽ പരിശോധനകൾ തുടരുമെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ മജീദ് പോത്തനൂരാൻ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]