
കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിനായി വിട്ടുനൽകും. ക്രിസ്തീയ മതാചാര പ്രകാരം സംസ്കരിക്കണം എന്ന മകൾ ആശയുടെ ആവശ്യം കളമശേരി മെഡിക്കൽ കോളേജ് ഉപദേശക സമിതി തള്ളി. ലോറൻസിന്റെ ആഗ്രഹം അതായിരുന്നെന്ന് വാക്കാൽ നിർദ്ദേശം നൽകിയിരുന്നതായി രണ്ട് ബന്ധുക്കൾ ഉപദേശക സമിതിയെ അറിയിച്ചു. ഇതോടെയാണ് മകളുടെ ആവശ്യം തള്ളിക്കളഞ്ഞത്.
എം.എം ലോറൻസിന്റെ മക്കളുടെ വാദം സമിതി കേട്ടു. മകൻ സജീവൻ അച്ഛന് ശരീരം വൈദ്യശാസ്ത്രത്തിന് പഠിക്കാൻ കൊടുക്കാനായിരുന്നു ആഗ്രഹം എന്ന് പറഞ്ഞു.മകളായ സുജാത നിലപാട് വ്യക്തമായി പറഞ്ഞില്ല. പരാതി ഉന്നയിച്ച മകൾ ആശ ഇത്തവണയും വൈദ്യശാസ്ത്ര പഠനത്തിന് ശരീരം വിട്ടുനൽകരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ സാക്ഷികളായ അഡ്വ. അരുൺ ആന്റണി, എബി എന്നിവർ ലോറൻസിന് വൈദ്യശാസ്ത്ര പഠനത്തിന് ശരീരം വിട്ടുനൽകാൻ ആഗ്രഹമുള്ളതായി അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്കാണ് എം.എം ലോറൻസ് മരിച്ചത്. തിങ്കൾ രാവിലെ 7 മണിവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിലായിരുന്നു. പൊതുദർശനം കഴിഞ്ഞ് എട്ട് മണിക്കൂറിന് ശേഷമാണ് മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റിയത്. ഈ ഇടവേളയിൽ ആവശ്യമായ തണുപ്പ് മൊബൈൽ മോർച്ചറിയിൽ നിന്ന് ലഭിക്കില്ല. കൂടാതെ മെഡിക്കൽ കോളേജിൽ ഒരു മൃതദേഹത്തിന് മാത്രമായി ചേംബറില്ല. ആറ്, നാല്, രണ്ട് എന്നിങ്ങനെ മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന മൂന്ന് ചേംബറുകളാണുള്ളത്. മറ്റ് മൃതദേഹങ്ങൾക്കു വേണ്ടി ചേംബർ തുറക്കുമ്പോൾ അവശേഷിക്കുന്നവയുടെ തണുപ്പിൽ വ്യത്യാസം വരും. ബ്ളൂസ്റ്റാർ കമ്പനിയുടെ നാലു വർഷംമുമ്പ് സ്ഥാപിച്ച മോർച്ചറികളാണ് കളമശേരിയിലുള്ളത്. അതേസമയം കമ്മിറ്റി തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് മകൾ ആശ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]